Round Table India
You Are Reading
ഒരു അതികായൻ
0
Features

ഒരു അതികായൻ

kalaignar jp

 

Radhika Sudhakar

(Translated by Lincy K Thankappan.)

തമിഴ് രാഷ്ട്രീയ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആറ് ദശാബ്ദക്കാലവും അതിനും മുൻപ് ദ്രാവിഡ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലും തുടങ്ങി പ്രസ്ഥാനങ്ങൾ ,രാഷ്ട്രീയ ഭരണം ,സാഹിത്യം ,സിനിമ അങ്ങനെ ചവിട്ടിയ  മേഖലകളിലെല്ലാം കാലുനീട്ടി വെച്ച ഒരു യഥാർത്ഥ അതികായൻ ആയിരുന്നു മുതുവേൽ കരുണാനിധി. പൂർത്തിയാക്കിയ പ്രഖ്യാപിത നയങ്ങളേക്കാൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇച്ഛയായിരുന്നു മുഖ്യമന്ത്രിയായിരുന്ന അഞ്ചുതവണയും രാഷ്ട്രീയത്തിലെ മുക്കാൽ ഭാഗത്തിലേറെയും അദ്ദേഹത്തിന്റെ ഭരണ രീതിയെ അടയാളപ്പെടുത്തിയിരുന്നത്. 1957 മുതലങ്ങോട്ടുള്ള ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന ഓരോ സമയത്തും സാമൂഹിക നീതിയിൽ അദ്ദേഹം അടയാളങ്ങൾ വരച്ചിട്ടു.

kalaignar jp

സ്റ്റേറ്റ് അസ്സെംബ്ലിയിലെ എം .എൽ .എ എന്ന നിലയിൽ കരുണാനിധിയുടെ ആദ്യത്തെ പ്രസംഗം ,ദ്രാവിഡ രാഷ്ട്രീയത്തെ വിവേചിച്ചറിയേണ്ടതുണ്ട് എന്ന ദർശനത്തെ അടിവരയിടുന്നതായിരുന്നു. കരുണാനിധിയുടെ രാഷ്ട്രീയത്തെ നിർണ്ണയിച്ചിരുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ദൃഢാഗ്രഹ നിലപാടുകളായിരുന്നു. അതുകൊണ്ടുതന്നെ സമ്മർദ്ദങ്ങൾ, തന്ത്രങ്ങൾ, സ്ഥാനഭ്രഷ്ട്, ദുരാരോപണങ്ങൾ എന്നിവയാൽ രേഖപ്പെടുത്തിയതായിരുന്നു ആ നീണ്ട രാഷ്ട്രീയ കാലഘട്ടങ്ങൾ ..

തമിഴ്‌നാട് അസംബ്ലിയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗം നങ്കവരം കർഷക സമരത്തെ പറ്റിയായിരുന്നു. അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് അദ്ദേഹം അതിൽ പങ്കെടുത്തിരുന്നു. അനുരഞ്ജനത്തിന് പകരമായി ഭൂമി ഉഴുതുന്നതിന് നങ്കരവനത്തിലെ സമ്പന്നരായ ബ്രാഹ്മണരായ ഭൂപ്രഭുക്കന്മാർ പുറമെ നിന്നും കൃഷിക്കാരെ കൊണ്ടുവന്നു. പക്ഷെ കരുണാനിധി കര്ഷകർ ക്കുവേണ്ടിയുള്ള പ്രമേയം വാഗ്ദാനം ചെയ്യുകയും അവർക്കൊപ്പം സമരം നടത്തുകയും ചെയ്തു. എം. എൽ. എ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗവും നങ്കവരം കർഷക സമരത്തെ പറ്റിയായിരുന്നു. മാത്രമല്ല അത് പരിഹരിക്കപ്പെടുന്നത് വരെ അദ്ദേഹം അവരുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്നത് തുടർന്നു. ഭൂമിക്ക് മേലുള്ള അവകാശങ്ങൾ നല്കുന്നതുൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങളെ വകവെച്ചുകൊണ്ടാണ് അത് അവസാനിച്ചത്. അധഃസ്ഥിതരുടെ അവകാശങ്ങളെ നൽകാനും നിയമമാക്കിതീർക്കാനും രാഷ്ട്രീയ അധികാരം ഉപയോഗിച്ച രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹത്തിന് തുടക്കം നൽകിയത് ഇതായിരുന്നു.

അധികാരത്തിലിരുന്ന അദ്ദേഹത്തിന്റെ മുഴുവൻ കാലഘട്ടവും പ്രസ്താവിത വാഗ്‌ദത്തങ്ങൾക്കപ്പുറത്തേക്ക് പോകുവാനുള്ള പ്രത്യേകതകൾ കൊണ്ട് സമുന്നതമായിരുന്നു. മാത്രമല്ല അദ്ദേഹം വാഗ്ദാനം ചെയ്തതെല്ലാം പൂർത്തീകരിക്കുകയും ചെയ്തു. നടപ്പിലാക്കുവാൻ കഴിയാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് അദ്ദേഹം ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തിനെതിരെയുള്ള കാമ്പയിനുകളും ദ്രാവിഡ രാഷ്ട്രീയത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളും അദ്ദേഹത്തിന് ചുറ്റും തുടർന്നുകൊണ്ടിരുന്നു.

ഡി.എം.കെ.യുടെ സ്ഥാപകനായ സി.എൻ അണ്ണാദുരൈയുടെ വേഗത്തിലുള്ള വേര്പാടിന് ശേഷം 1969ൽ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ ആദ്യ പ്രവൃത്തികളിൽ ഒന്ന് കൈകൾ കൊണ്ട് വലിക്കുന്ന റിക്ഷ നിരോധിക്കുക എന്നതായിരുന്നു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൈകൾ കൊണ്ട് വലിക്കുന്നത് ഹീനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിനു പകരമായി ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് അവരുടെ ജീവിതമാർഗം തുടരുവാനായി സൈക്കിൾ റിക്ഷ അദ്ദേഹം സൗജന്യമായി നൽകി.

വിദ്യാഭ്യാസ തൊഴിൽ സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു അദ്ദേഹം ഇടപെടുന്ന കാലഘട്ടം കൂടിയായിരുന്നു അത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ആദ്യകാലഘട്ടത്തിൽ അദ്ദേഹം പട്ടികജാതിക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കുമുള്ള സംവരണത്തിന്റെ അളവ് വർദ്ധിപ്പിച്ചു. പിൽക്കാലത്തു അത് പരിഷ്കരിക്കുകയും വിപുലപ്പെടുത്തുകയും മറ്റു പിന്നോക്ക സമുദായങ്ങളെകൂടി അതിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി പട്ടികവർഗക്കാർ,അരുന്ധതിയാർ ,തമിഴ്നാട്ടിലെ ഉർദു സംസാരിക്കുന്ന മുസ്ലിങ്ങൾ എന്നിവർക്കായി അദ്ദേഹം സംവരണം കൊണ്ടുവന്നു. തുടക്കത്തിൽ ഈ വിഭാഗത്തിലുള്ള മുസ്ലിങ്ങളെ തമിഴ് മുസ്ലിങ്ങൾക്കും മറ്റുള്ളവർക്കും ഒപ്പം സംവരണത്തിനുള്ള മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്ന നിലയിലാണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് അദേഹം അധികാരത്തിലെത്തിയപ്പോൾ മുസ്ലിങ്ങൾക്ക് പ്രത്യേകം സംവരണം നൽകി . സംവരണത്തിന്റെ സ്വഭാവത്തിലേക്ക് അദ്ദേഹം ചലനാത്മകമായി തന്നെ നോക്കുകയും ഉൾച്ചേർക്കലിനുള്ള മാർഗമെന്ന നിലയിൽ അതിനുവേണ്ടി നിലകൊള്ളുകയും ചെയ്തു.

സ്വാഭിമാന വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്ന അണ്ണാദുരൈയുടെ നയങ്ങൾ തുടർന്ന് കൊണ്ട് (മുൻപ് മതപരമായ വിവാഹങ്ങൾ മാത്രമേ നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്നുള്ളു )1989 ൽ കരുണാനിധി അധികാരത്തിലേക്ക് തിരികെയെത്തിയപ്പോൾ സ്ത്രീകൾക്ക് പിന്തുടർച്ചയിലുള്ള അവകാശം നിയമപരമാക്കി. 972 ൽ പെരിയാറിന്റെ വേര്പാടിന് ശേഷം രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം സമൂഹത്തിൽ തുടർന്ന് കൊണ്ടിരുന്ന കാഴ്ചപ്പാടുകൾ എടുത്താൽ അത് തന്ത്രപരമായ നിലപാട് ആയിരുന്നു. സ്ത്രീധനം കൂടി കണക്കിലെടുക്കുമ്പോൾ സ്ത്രീകൾ ഇരട്ടിയായ ആദായമാകുമെന്നതായിരുന്നു തമിഴ്‌നാട്ടിലെ പുരുഷന്മാർക്കിടയിൽ നിലനിന്നിരുന്ന കാഴ്ച്ചപ്പാട്. എങ്കിലും അതിൽ നിയമനിർമ്മാണം നടത്തുന്നതിൽ നിന്നും സ്ത്രീകൾക്ക് വർദ്ധിതമായ നിയമ പദവി നല്കുന്നതിൽനിന്നും കരുണാനിധിയെ ഒന്നും തടഞ്ഞിരുന്നില്ല. 1991 ൽ അദ്ദേഹത്തിന്റെ ഗവണ്മെന്റ് പിരിച്ചുവിടുന്നതിനും മുൻപ് 1989 -91 നും ഇടയിൽ അധികാരത്തിൽ ഉണ്ടായിരുന്ന വളരെ ചെറിയ കാലയളവായിരുന്നു അദ്ദേഹത്തിന്റേത്. സമൂഹത്തോടുള്ള ഇത്തരം നിഗൂഢമായ സൂചനകൾ പെരിയാറിന്റെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് മാത്രമല്ല അപ്പോഴും യാഥാസ്ഥികമായ തമിഴ് സമൂഹത്തിന്റെ തുറന്നു കാണിക്കുന്നതിന് അത് പ്രേരകവുമായിരുന്നു. അതുപോലെ സ്ത്രീകളുടെ വൈധവ്യത്തിന്റെ അടയാളമായി പൊട്ടും താലിയും ഉപേക്ഷിക്കുന്നതും (ബിന്ദി,മംഗല്യസൂത്രം) പൂക്കൾ കൊണ്ട് തലമുടി അലങ്കരിക്കുന്നത് അവസാനിപ്പിക്കുവാനും ആവശ്യപ്പെടുന്ന ആചാരങ്ങളും അദ്ദേഹം ഒഴിവാക്കി. ദളിത് ബഹുജനങ്ങൾ ഈ വഴി ഏറ്റെടുത്തതോടെ, ബ്രാഹ്മണരും അവരുടെ സ്ത്രീകൾ തലമുണ്ഡനം ചെയ്യുന്നതും അലങ്കാരങ്ങൾ ഉപേക്ഷിക്കുന്നതും വീടിന്റെ മൂലയിലേക്ക് സ്ത്രീകളെ അകറ്റി നിർത്തുന്നതുമായ ആചാരങ്ങൾ ഉപേക്ഷിച്ചു.

വികസനാത്മകമായ നടപടികൾ തുടരുക മാത്രമല്ല അദ്ദേഹത്തിന്റെ മുൻഗാമികളും, രാഷ്ട്രീയത്തിലെ കരുണാനിധിയുടെ സാന്നിധ്യത്തിന്റെ സമ്മർദ്ദം കൊണ്ട് അദ്ദേഹത്തിന്റെ പിൻഗാമികളും ചെയ്തതിനെ വിപുലപ്പെടുത്തുകയും ചെയ്തു. അവയിൽ ഏറ്റവും ശ്രദ്ധേയമായത് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയായിരുന്നു. സാമ്പാറും ചോറും എന്നതിലേക്ക് മുട്ടയും വാഴപ്പഴവും കൂട്ടിച്ചേർത്തു അദ്ദേഹം അതിനെ വാസ്തവത്തിൽ പോഷക സമൃദ്ധമാക്കുകയായിരുന്നു. മദ്രാസ് പ്രെസിഡെൻസിയിലെ ജസ്റ്റിസ് പാർട്ടിയുടെ ഭരണകാലത്താണ് ഈ പദ്ധതി രൂപം കൊണ്ടത്. അതിൽ നിന്നും ദ്രാവിഡ കഴകവും പിന്നീട് ഡി.എം.കെ.യും രൂപപ്പെട്ടു. അത് അതിന്റെ വേരുകൾ കണ്ടെത്തുന്നത് ഡി.കെ യിലും ജസ്റ്റിസ് പാർട്ടിയിലുമാണ്. ആ പദ്ധതിക്ക് ജീവൻ നൽകിയത് തമിഴ്‌നാട്ടിലെ കോൺഗ്രസ് മുഖ്യമന്ത്രി കെ.കാമരാജ് ആയിരുന്നു. അദ്ദേഹം പെരിയാറുമായി നല്ല സൗഹൃദം നിലനിർത്തിയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ എം.ജി രാമചന്ദ്രൻ ആയിരുന്നു അത് റീ -ലോഞ്ച് ചെയ്തിരുന്നത്. ഡി.എം.കെ യിൽ നിന്നും വേർപിരിഞ്ഞു എ .ഡി .എം കെ രൂപീകരിച്ചപ്പോൾ സ്വന്തമായി വലിയ പേരുണ്ടാക്കുവാൻ ആഗ്രഹിച്ച അദ്ദേഹം ബ്രാഹ്മണരുടെ പിന്തുണയും ആസ്വദിച്ചിരുന്നു. ഉച്ചഭക്ഷണം പല നിർധനരായ വിദ്യാർഥികളെയും സ്കൂളിലേക്ക് കൊണ്ടുവരികയും അവിടെ അവരുടെ സാന്നിധ്യത്തെ നിലനിർത്തുകയും ചെയ്തു. ഇത് സ്കൂളിൽ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ നൽകി. കരുണാനിധിക്ക് ഈ പദ്ധതിയെ പറ്റിയോ അത് ആര് നടപ്പാക്കി എന്നതിനെ പറ്റിയോ യാതൊരു വിധ മനസ്താപവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല അദ്ദേഹം അത് വിപുലപ്പെടുത്തുന്നത് തുടരുകയും ചെയ്തു. ഒരിക്കലും ആശയ ദൗർലഭ്യം അനുഭവിച്ചിട്ടില്ലാത്ത ഒരാളുടെ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

പലപ്പോഴും കരുണാനിധി പ്രതിപക്ഷത്തായിരുന്നപ്പോൾ പെരിയാറിന്റെ ആശയങ്ങളുമായി നിലനിൽക്കുവാൻ അത് അദ്ദേഹത്തിന്റെ എതിരാളികളെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളെ മുഴുവനായി വലിച്ചു കൊണ്ടുപോകുവാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി ശക്തി അവർക്കില്ലായിരുന്നെങ്കിലും എല്ലായ്പ്പോഴും കരുണാനിധിയുടെ സാനിധ്യം സാമൂഹിക നീതിയെ പിന്തുണക്കുവാനും,അധഃസ്ഥിതർക്കുവേണ്ടി നിലനിൽക്കുവാനും അധികാരത്തിലിരിക്കുന്നവരെ പ്രേരിപ്പിച്ചു. അത് എം.ജി.ആർ ആയാലും അദ്ദേഹത്തിന്റെ പിൻഗാമികൾ ആയാലും ജയലളിത ആയിരുന്നെങ്കിൽ പോലും. പിന്നോക്ക സംവരണത്തെ നിയന്ത്രിക്കുന്നതിനായി ക്രീമിലർ കൊണ്ടുവരുവാൻ എം.ജി.ആർ ശ്രമിച്ചപ്പോൾ അത് ദ്രാവിഡ പ്രസ്ഥാനങ്ങളുടെ മൗലിക തത്വങ്ങൾക്ക് എതിരാണെന്നും ജാതിവിവേചനത്തിനുള്ള മാനദണ്ഡം സാമ്പത്തികമല്ല എന്നും പറഞ്ഞുകൊണ്ട് അതിനെ വൈകാരികമായി എതിർക്കുകയും, അതിനു വേണ്ടി വാദിക്കുകയും ക്യാമ്പയിങ്ങ് നടത്തുകയും ചെയ്തു. പ്രതിപക്ഷത്തെ എതിർക്കുകയും അതുമായി മുന്പോട്ടുപോകുകയും ചെയ്ത എം ജി ആർ നു തുടർന്നുവന്ന പാര്ലമെന്റ് തെരെഞ്ഞെടുപ്പിൽ അതിദാരുണമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അതിനു ശേഷം അദ്ദേഹം തന്റെ തീരുമാനത്തെ പൂർണമായി പുനരാലോചിക്കുകയും ഡി.എം .കെ യുടെ കോലാഹലപൂരിതമായ ക്യാമ്പയിന് ശേഷം അദ്ദേഹം മനസിലാക്കിയ കാഴ്ചപ്പാടുകൾക്ക് വഴിതുറക്കുന്നതിനായി ഇപ്പോഴത്തെ 69 ശതമാനത്തിലേക്ക് അടുപ്പിച്ചുകൊണ്ട് 68 ശതമാനമായി സംവരണ തോത് വർധിപ്പിക്കുകയും ചെയ്‌തു.

കരുണാനിധി അധികാരത്തിലിരുന്ന കാലഘട്ടം അദ്ദേഹം സാധാരണക്കാരിലേക്ക് എത്തുന്ന പല പദ്ധതികളും തുടങ്ങി വെച്ചതായി കാണാം. പക്ഷെ അവയൊന്നും നിസാരമായ ദാനങ്ങൾ ആയിരുന്നില്ല. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് വേണ്ടി അദ്ദേഹം മൂവാളൂർ രാമമിർത്തം അമ്മയ്യ്യർ വിവാഹ സഹായം കൊണ്ടുവന്നു. പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ തുടരാൻ പ്രോത്സാഹിപ്പിക്കുകയും ദീർഘകാലത്തേക്ക് വിദ്യാഭ്യാസത്തിൽ തുടരാൻ അനുവദിക്കുന്ന വിധത്തിലുമായിരുന്നു അത് നിർവചിക്കപ്പെട്ടിരുന്നത്. ഈ പദ്ധതി സാധാരണ കുടുംബങ്ങൾക്ക് ലഭ്യമാകുന്നതിനായി ആദിവാസി വിഭാഗത്തിലെ സ്ത്രീകൾ അഞ്ചാം ക്ലാസും മറ്റുവിഭാഗങ്ങൾ പത്താം ക്ലാസ്സും പാസായിരിക്കണം എന്ന നിബന്ധനയും പ്രായം 18 വയസായി നിശ്ചിതപ്പെടുത്തുകയും ചെയ്തു. നിലവിൽ പീരിയോഡിക് റിവിഷന് ശേഷം ഈ പദ്ധതിക്ക് കീഴിൽ നൽകുന്ന സഹായം 20000 രൂപയാണ്. ദാരിദ്ര്യം പാവപ്പെട്ട കുട്ടികളെ സ്കൂളിൽ പോകുന്നതിൽ നിന്നും തടയുന്ന പാരമ്പര്യത്തെയും ഇത് ഇല്ലാതെയാക്കി.

ഇന്ത്യയിൽ മെഡിസിനിൽ ഗ്രാജുവേറ്റ് നേടിയ ആദ്യ സ്ത്രീയും ,മിശ്രവിവാഹത്തിന്റെ ഉല്പന്നവും ,മിശ്രവിവാഹിതയാകുകയും ചെയ്ത ഡോ :മുത്തുലക്ഷ്മി റെഡ്‌ഡിയുടെ പേരിൽ ഗവണ്മെന്റ് മിശ്രവിവാഹത്തെ അംഗീകരിക്കുന്ന ഒരു പദ്ധതി രൂപീകരിക്കുകയും ആവശ്യമുള്ളയാളുകളെ സഹായിക്കുന്നതിനായി ഒരു ചെറിയ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. എഫ് സി ,ബി സി /എം ബി സി തമ്മിലാണ് വിവാഹമെങ്കിൽ 15000 രൂപയും ഭാര്യാഭർത്താക്കന്മാരിൽ ആരെങ്കിലും എസ് .സി / എസ് .ടി യിൽ പെടുന്നവരാണെങ്കിൽ 20000 രൂപയും ഇതിനു കീഴിൽ നിലവിൽ നൽകിയിട്ടുണ്ട്. ഇത്   ക്ലെയിം ചെയ്യുന്നതിന് ഒരു നിശ്ചിത വരുമാനപരിധി ഇല്ല. വധുവിന്റെ പ്രായപരിധി 18 -30 നും മദ്ധ്യേ ആയിരിക്കണം. മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പിന്തുണ കിട്ടാതെ പോകുന്നവരെ സഹായിക്കുന്നതിനായി രൂപീകരിച്ചതായിരുന്നു ഇത്. രണ്ടുപേരുടെയും മാതാപിതാക്കളാൽ മുറിച്ചു മാറ്റപ്പെട്ടവരായിരിക്കും എന്നതിനാൽ ഭൂരിഭാഗം ദമ്പതികളും സഹായം ആവശ്യമുള്ളവരായിരിക്കും. അതുകൊണ്ടുതന്നെ വിവാഹത്തിനിടയിലുള്ള രണ്ടുവർഷത്തിനുള്ളിൽ വരുമാന ഭേദമില്ലാതെ ആർക്കും ഈ സഹായത്തിന് ക്ലെയിം ചെയ്യാവുന്നതാണ്. ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായത്തേക്കാൾ കൂടുതലായി സമൂഹത്തിൽ ദമ്പതികൾക്ക് ഒരു അംഗീകാരത്തിന്റെ മുദ്രയാണ് ഗവണ്മെന്റ് നൽകിയിരുന്നത്.

ജാതി രഹിത സമൂഹം സൃഷ്‌ടിക്കാനുള്ള പെരിയാറിന്റെ ആശയങ്ങളെ ഏറ്റെടുത്തുകൊണ്ട് തമിഴ്നാട്ടിലുടനീളം പെരിയാർ നിനൈവ് സമതുവപുരംസ്‌ കരുണാനിധി സ്ഥാപിച്ചു. ഒരേപോലെ ഇൻഫ്രാസ്ട്രക്ച്ചറും സൗകര്യങ്ങളുമായി സമാന അയല്പക്കങ്ങളിൽ ജീവിക്കാനായി എല്ലാ ജാതിയിലെ ആളുകളെയും കൊണ്ടുവന്ന ഗ്രാമീണ പദ്ധതിയായിരുന്നു അത്. ഗ്രാമങ്ങളിലെ പ്രത്യേകമായി ജാതി അടയാളപ്പെടുത്തിയ തെരുവുകളിലെ വേറിട്ട ജീവിതത്തോടുള്ള വെല്ലുവിളിയായി മിശ്ര ജീവിതം അനുവദിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇവിടെ കൂട്ടമായി വീടുകൾ അനുവദിച്ചു നൽകിയിരുന്നു. പട്ടികജാതിക്കാർക്ക് ഇവിടെ 40% ഹൌസിങ് അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ തമിഴ്‌നാടുവിൽ 140 സമതുവപുരംസ്‌ ഉണ്ട്. അവർ എങ്ങനെ രൂപപ്പെടുന്നു/ അല്ലെങ്കിൽ രൂപപ്പെട്ടു എന്ന് അന്വേഷിക്കേണ്ടത് സാമൂഹിക ശാസ്ത്ര പഠനം ചെയ്യേണ്ട വിഷയമാണ്.

ആരോഗ്യസംരക്ഷണത്തിന്റെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കരുണാനിധി അതീവ ശ്രദ്ധ ഏറ്റെടുത്തു . നീറ്റിന് മുൻപ് ടി എൻ നെ ആരോഗ്യസംരക്ഷണത്തിന്റെ മക്ക എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് സ്റ്റേറ്റിന് കീഴിലുള്ള 22 മെഡിക്കൽ കോളേജിൽ 19 എണ്ണവും കരുണാനിധിയുടെ കീഴിലുള്ള ഡി എം കെ ഗവണ്മെന്റ് സ്ഥാപിച്ചതിന് കൊണ്ടായിരുന്നു. അദ്ദേഹവും സ്വന്ത ആവശ്യങ്ങൾക്കായി വിദേശ സർജൻ മാരുടെ അടുത്തേക്ക് പോയില്ല. സ്റ്റേറ്റ് ഹെൽത്ത് എഡ്യൂക്കേഷനിൽ നിന്നും പരിശീലനം നേടിയ ഡോക്ടർമാരുടെ അടുത്തു നിന്നും തന്നെ അദ്ദേഹം തന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കി. അധികാരത്തിലേക്കെത്തിയ ഓരോ അവസരവും അദ്ദേഹം മുൻപ് നിർത്തിവെച്ചവയിൽ നിന്നും തുടർന്നു. 2007ൽ അദ്ദേഹം കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ ആരംഭിച്ചു. 2009ൽ ചെന്നൈ ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ നടപ്പാക്കുവാൻ ശ്രമിക്കുന്ന പോലെയുള്ള കലൈഞ്ജർ കാപ്പീറ്റ് തിട്ടം എന്ന ആദ്യ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി അദ്ദേഹമാണ് തുടങ്ങി വെച്ചത്. പല പദ്ധതികളിലെയും പോലെ ജീവൻ രക്ഷിക്കുന്ന സർജറിയുടെ കാര്യത്തിൽ ഇതും നേട്ടങ്ങൾ കൊയ്തു. അതിലൂടെ ആരോഗ്യ സംരക്ഷണവും സാധ്യമാക്കി.

ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എല്ലാ ജില്ലകളിലെയും സ്റ്റേറ്റിലെയും എയ്ഡഡ് കോളേജ് , കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷനുകളിൽ 69% സംവരണം അദ്ദേഹം ഉറപ്പാക്കിയിരുന്നു. ഹയർ ടെക്നിക്കൽ എഡ്യൂക്കേഷനുമായി ഇടപാടുകൾ നടത്തുന്ന പേര് സെൻട്രൽ ഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് മാത്രമുണ്ടായിരുന്ന കാലത്തു സംസ്ഥാനത്തെ ആദ്യ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയായി അദ്ദേഹം അണ്ണാ യൂണിവേഴ്സിറ്റി സ്ഥാപിച്ചു. തമിഴ് ഭാഷാ സ്ട്രീമിലെ നവിദ്യാർഥികളെ സഹായിക്കുക എന്ന വലിയ ദര്ശനവുമായി ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിൽ അദ്ദേഹം തമിഴ് സ്ട്രീം തുടങ്ങി, പിന്നീട് അദ്ദേഹത്തിന് അതുമായി മുൻപോട്ടു പോകുവാൻ കഴിഞ്ഞില്ലെങ്കിലും. പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയും അദ്ദേഹം നിരോധിച്ചു. ഇത് സ്കൂൾ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയും സ്റ്റേറ്റ് പ്രൊഫഷണൽ കോളേജുകളിൽ പ്രവേശിക്കുന്നതിനുള്ള അനാവശ്യതടസങ്ങളെ മാറ്റുകയും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കും അക്കാഡമിക്സിലേക്കുമുള്ള പാർശ്വവത്കൃത വിഭാഗ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കുകയും ചെയ്തു. സ്‌കൂളുകളിലെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെയും വിദ്യാർഥികളുടെ ഗതാഗതത്തെ സഹായിക്കുന്നതിനായി വിദ്യാർഥികൾക്കുവേണ്ടി സബ്‌സിഡിയും സൗജന്യ പാസ്സുകളും അദ്ദേഹം തുടങ്ങി. തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഡോ :അംബേദ്‌കർ യൂണിവേഴ്സിറ്റി, വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിച്ചു . ഇതിൽ അവസാനത്തേത് ഏഷ്യയിലെ ഒന്നാമത്തേത് കൂടിയാണ്. അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ പിന്ഗാമികൾക്കും എതിർ ദിശയിൽ ബ്രാഹ്മണിസത്തെ പുൽകുന്നതിനു പകരമായി പാർശ്വവത്കൃതർക്ക് നേട്ടങ്ങൾ വാഗ്ദാനം ചെയ്തു കരുണാനിധിക്കൊപ്പം മുൻപോട്ടു പോകേണ്ടി വന്നു.

രാഷ്ട്രീയ പ്രവർത്തനരംഗത്ത് അടിയന്തരാവസ്ഥയെ എതിർക്കുകയും സംസ്ഥാനങ്ങളുടെ സ്വയം ഭരണത്തിനായി നിൽക്കുകയും ചെയ്ത ഒരേയൊരു മുഖ്യമന്ത്രിയായിരുന്നു കരുണാനിധി, രണ്ടാമത്തേതിൽ അദ്ദേഹത്തിന് വലിയതോതിലൊന്നും മുൻപോട്ടു പോകുവാൻ കഴിഞ്ഞിരുന്നില്ലെങ്കിലും. അറുപതുകളിൽ അദ്ദേഹം സ്ലം കക്ലിയറൻസ് ബോർഡ് ആരംഭിച്ചു.ഇതുവഴി നഗരപ്രദേശങ്ങളിലെ അനധികൃതഭൂമികളിലെ ഓലമേഞ്ഞ വീടുകളിൽ താമസിച്ചിരുന്ന പാവപ്പെട്ട ആളുകൾക്ക് അദ്ദേഹം കോൺക്രീറ്റ് വീടുകൾ വെച്ചുകൊടുത്തു. തുടക്കത്തിൽ അദ്ദേഹത്തിന്റെ കാലത്ത് ഈ വീടുകൾ അവർ താമസിച്ചിരുന്ന അതേ സ്ഥലത്താണ് നിർമിച്ചു കൊടുത്തിരുന്നത്. പിന്നീട് ഗവണ്മെന്റ് അവരെ ആ വീടുകളുടെ ഉടമസ്ഥരാക്കി മാറ്റി. അദ്ദേഹത്തിന്റെ 2006 ലെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിൽ, കരുണാനിധി ഭൂരഹിതർക്ക് രണ്ടേക്കർ കൃഷിയിറക്കിയിട്ടില്ലാത്ത ഭൂമി വാഗ്ദാനം ചെയ്യുകയും അദ്ദേഹം അധികാരത്തിൽ ഉണ്ടായിരുന്ന കാലം വരെ നൽകുകയും ചെയ്തു.

ജാതിയുടെ പൊതുവിലങ്ങുകളെ പൊട്ടിക്കുവാനുള്ള മറ്റൊരു നടപടിയായിരുന്നു 70കളുടെ തുടക്കത്തിൽ തമിഴ്‌നാട്ടിലെ പൊതുഗതാഗതത്തെ ദേശസാൽക്കരിക്കുക എന്നത്. ബസുകൾ ഓടിച്ചിരുന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർ ചില റൂട്ടുകളിൽ ഓടുന്നത് വിസമ്മതിച്ചിരുന്നുവെന്നു മാത്രമല്ല പട്ടികജാതിക്കാരെ ബസിൽ കയറ്റുന്നതിനു അവർക്കു മടിയുമായിരുന്നു. മദ്രാസ് പ്രെസിഡെൻസിയിലെ ജസ്റ്റിസ് പാർട്ടിയുടെ ഭരണകാലത്ത് അവിടെ വലിയ വഴക്കുകൾ പോലും നടക്കാറുണ്ടായിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ട്രാൻസ്പോർട്ടിൽ പട്ടികജാതിക്കാരെ കയറ്റാത്തതു ജസ്റ്റിസ് പാർട്ടി ശക്തമായി അപലപിച്ചു. അതിനെ തുടർന്ന് ട്രാൻസ് പോർട്ട് ഉടമകളുമായി അനുരഞ്ജനത്തിന് വേണ്ടി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. പെരിയാറിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ജസ്റ്റീസ് പാർട്ടി പിന്നീട് ദ്രാവിഡ കഴകം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതിനു പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ നടത്തിയ ട്രാൻസ്‌പോർട് ബസ് ഓപ്പറേറ്റർമാരുമായി നടത്തിയ ചർച്ചയിൽ, ഏതാനും ആളുകൾ മാത്രമുള്ള റൂട്ടിലൂടെ ഓടുന്നത് നഷ്ടമാണെന്ന് അവരറിയിച്ചു. കരുണാനിധി അദ്ദേഹത്തിന്റെ പുതിയ നയത്തിന്റെ കാരണം ജാതിയാണെന്ന് പരാമർശിക്കാതെ തന്നെ ഏതാനും യാത്രക്കാർ മാത്രമുള്ള റൂട്ടിലൂടെ ബസ് ഓടിക്കുമ്പോഴുള്ള നഷ്ടം നികത്താൻ ഗവണ്മെന്റ് തയാറാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് പൊതുഗതാഗതത്തെ ദേശസാൽക്കരിച്ചത് അറിയിച്ചു. ഇത് എല്ലാവർക്കും യാത്ര ചെയ്യുവാനുള്ള വാതിലുകൾ തുറന്നു കൊടുത്തു. സ്കൂളിലേക്ക് ദീർഘദൂരം യാത്രചെയ്യേണ്ടി വന്ന വിദ്യാർഥികൾക്കും വഴി വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വിദ്യാഭ്യാസത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട കുട്ടികൾക്കും ഇത് ഗുണകരമായി. ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തുവാനായി കണക്റ്റിംഗ് റോഡുകളും നിർമിച്ചു. ഇത് ബസിൽ എല്ലാവർക്കും യാത്ര ചെയ്യുവാനുള്ള വാതിൽ തുറന്നു കൊടുത്തു. സ്കൂളുകളിലേക്ക് എത്താൻ ദീർഘദൂരം യാത്രചെയ്യ്‌യേണ്ടി വന്ന വിദ്യാർഥികൾക്കും വഴി വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്കൂളിലെത്താൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും ഇത് സഹായകമായി. ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളിൽ പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുവാനായി കണക്റ്റിംഗ് റോഡുകളും നിർമിച്ചു.

മറ്റൊരു ശ്രദ്ധേയമായ തീരുമാനം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻറ്സും തമിഴ്നാട് ഗവൺമെന്റിന്റെ ഡിപ്പാർട്മെന്റുകളും ഭരിക്കുന്ന ക്ഷേത്രങ്ങളിൽ ഭരണ പദവികളിൽ മറ്റ് ജാതിക്കാർക്കൊപ്പം സ്ത്രീകളെയും മറ്റു പട്ടികജാതി പിന്നോക്കവിഭാഗക്കാരെയും കൊണ്ടുവന്നു എന്നതായിരുന്നു. ജസ്റ്റിസ് പാർട്ടിയുടെ മുൻകാല നിയമനിര്മാണമാണ് തമിഴ്‌നാട്ടിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും ഭരിക്കുവാനായി എച്ച് .ആർ .സി .ഇ വിഭാഗത്തെ നിയോഗിച്ചത്. പരമ്പരാഗതമായി പദവികൾ വഹിക്കുന്നയാളുകൾ ക്ഷേത്രത്തിന്റെ വസ്തുവകകൾ കൊള്ളയടിക്കുന്നുവെന്നു പറഞ്ഞു ഒരു വിശ്വാസി നൽകിയ അപേക്ഷയിന്മേൽ ആയിരുന്നു ഇത്. എഴുപതുകളിൽ കരുണാനിധിയും പൊതുജനങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങളുടെ ഭരണം വിപുലപ്പെടുത്താനായി ശ്രമിച്ചു. എല്ലാ ജാതികളിലുമുള്ള ആളുകൾക്ക് ക്ഷേത്രത്തിലെ പുരോഹിതന്മാരാകുന്നതിനുവേണ്ടിയുള്ള ആദ്യപടിയെന്ന നിലയിൽ പുരോഹിതന്മാരുടെ പരമ്പരാഗത അവകാശങ്ങളെ നിരോധിച്ചു കൊണ്ടുള്ള നിയമനിർമാണവും അദ്ദേഹം കൊണ്ടുവന്നു. അത് വേഗം തന്നെ നിയമവുമായി കൂട്ടിക്കലർത്തുകയും ചെയ്തു. സുപ്രീം കോടതിയിലെ തടസങ്ങൾ നീങ്ങിയപ്പോൾ അധികാരത്തിലെത്തിയ കരുണാനിധി എല്ലാ ജാതിയിലുമുള്ള ആളുകളെ പൂജാരിമാരാക്കുവാനുള്ള ഉത്തരവ് നടപ്പിലാക്കി. ബ്രാഹ്മണരെ അതിശയിപ്പിച്ചു കൊണ്ട് അവർ പ്രിയപ്പെട്ടതായി കരുതിവെച്ചിരുന്ന സംസ്കൃത അഗമങ്ങളെ എല്ലാ ജാതിയിലും പെട്ട ആളുകളെ പഠിപ്പിക്കുന്നതിനായി, ബ്രാഹ്മണരായ അധ്യാപകർക്ക് ശമ്പളം നൽകി അദ്ദേഹം പുരോഹിതരുടെ പരിശീലന സ്കൂളുകൾ തുടങ്ങി. തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസത്തിൽ നടപ്പിലാക്കിയതുപോലെ 69% അഡ്മിഷനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്കൂളുകളിൽ അഡ്മിഷൻ എടുക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നിരുന്നാലും അദ്ദേഹം ആശുപത്രിയിലായിരുന്ന അവസാന ദിവസങ്ങൾക്കിടയിലാണ് പരിശീലനം നേടിയ അബ്രാഹ്മണനായ ഒരു പുരോഹിതൻ എച്ച് ആർ സി ഇ യുടെ ഭരണത്തിന് കീഴിലുള്ള ഒരു അയ്യപ്പ ക്ഷേത്രത്തിൽ നിയമിതനായത്. 1972ൽ പെരിയാറിന്റെ ശവസംസ്കാര സമയത്തു അദ്ദേഹത്തിന്റെ ചങ്കിലെ മുള്ളെടുത്തുമാറ്റുമെന്ന് കരുണാനിധി പ്രതിജ്ഞചെയ്‌തിരുന്നു. ബ്രാഹ്മണർക്ക് പകരമായി അബ്രാഹ്മണരെ പൗരോഹിത്യത്തിലേക്ക് കയറ്റാൻ കഴിയാത്തത് തന്റെ ഹൃദയത്തിൽ തുളച്ചു കയറുന്നുവെന്ന് പെരിയാർ പറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മനസിലെ മുള്ള്.

മദ്രാസ് ഹൈക്കോടതിയിൽ ആദ്യത്തെ പട്ടികജാതി ജഡ്ജിനെ നിയമിച്ചതും കരുണാനിധിയാണ്. പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥന്മാർ പെരിയാറിന്റെ പ്രവർത്തനങ്ങളെ അഭിവാദ്യം ചെയ്തു നടത്തിയ പ്രസംഗത്തിനിടയിൽ ഹൈ കോടതിയിൽ പട്ടികജാതി വിഭാഗത്തിലുള്ള ഒരു ജഡ്ജ് പോലുമില്ല എന്ന് തുറന്നു പറഞ്ഞു. ഇത് ഡി.കെ.യുടെ പത്രമായ വിടുതലൈയുടെ തലക്കെട്ടായി വന്നു. ഇത് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ ശ്രദ്ധയിൽ പെട്ടു. സ്ഥാനാരോഹണത്തിനായി കാത്തിരിക്കുന്ന ജില്ലാ മജിസ്‌ട്രേറ്റുമാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുവാൻ കരുണാനിധി ഉത്തരവിട്ടു. അങ്ങനെ സീനിയോറിറ്റിയിൽ പന്ത്രണ്ടാമത് റാങ്കുള്ള സ്ഥാനാരോഹണത്തിനായി കാത്തിരിക്കുന്ന ഒരു പട്ടികജാതിക്കാരനെ കണ്ടെത്തി. കരുണാനിധി അദ്ദേഹം റാങ്കിനനുസരിച് മുകളിലേക്ക് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ആ ജഡ്ജി പിന്നീട് പട്ടികജാതി ജാതിയിൽ നിന്നുള്ള ആദ്യത്തെ സുപ്രീം കോടതി ജഡ്ജിയായി മാറി.

ഒരു എഴുത്തുകാരനും പ്രസംഗികനുമെന്ന നിലയിൽ കരുണാനിധിക്ക് എഴുത്തും വാക്കുകളും കൈകാര്യം ചെയ്യുന്നതിൽ വളരെയധികം പാടവം ഉണ്ടായിരുന്നു. ട്രാൻസ് ജൻഡേർസിനെ അറവാണി മുതലായ ഹീന വാക്കുകളാൽ അഭിസംബോധന ചെയ്യുന്നതിന് പകരമായി അദ്ദേഹം അവരെ തിരുനങ്ങായ് (ട്രാൻസ് വുമൺ )അല്ലെങ്കിൽ തിരുനമ്പി (ട്രാൻസ്‌മെൻ)എന്ന് വിളിച്ചു. അവരുടെ ക്ഷേമത്തിനായി ഒരു ബോർഡ് രൂപീകരിച്ചു. ഈ അംഗീകാര മുദ്ര പൊതുവിടങ്ങളിൽ ട്രാൻസ് ജെൻഡേഴ്സിന്റെ സാന്നിധ്യത്തെ പരിഹസിക്കപ്പെടാത്ത വിധം സാധാരണമാക്കുകയും റേഷൻകാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്ക് നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്തായിരുന്നു വികലാംഗർക്കുവേണ്ടിയുള്ള ആദ്യത്തെ ക്ഷേമ ബോർഡ് രൂപീകരിച്ചത്. ആവശ്യക്കാരായ ജനസമൂഹത്തിന് ലഭ്യമാക്കുവാൻ വേണ്ടി അദ്ദേഹം തുടങ്ങി വെച്ച പല ക്ഷേമ പദ്ധതികൾ ആയിരുന്നു പട്ടികജാതി വിഭാഗത്തിലുള്ള സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ സൈക്കിൾ, കനോലിതിട്ടത്തിന്‌ കീഴിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സൗജന്യ കാറ്ററാക്ററ് സർജറി(കാഴ്ചക്കുള്ള പദ്ധതി), വയോജനങ്ങൾക്ക് പെൻഷൻ നടപ്പാക്കുകയും കൃഷിക്കാർക്ക് (പിന്നീട് തുന്നൽക്കാരിലേക്കും വ്യാപിപ്പിച്ചു)സൗജന്യമായി വൈദ്യുതി നൽകുകയും ചെയ്തു. ഗ്രാമങ്ങളിലെ ക്ഷേത്ര പുരോഹിതന്മാർക്ക് സൈക്കിളും റേഷന് കീഴിലുള്ള പ്രൊവിഷനുകളും പിന്നീട് വലിയ തോതിൽ ഇളവ് ചെയ്തു കൊടുത്തു. സാധാരണക്കാർക്ക് പൊങ്കൽക്കാലത്ത് സൗജന്യമായി സാരിയും വീട്ടിയും വിതരണം ചെയ്തത് ഒരു ക്ഷേമ പദ്ധതിയായിരുന്നു. അത് അതിന്റെ ഉപഭോക്താക്കൾക്ക് മാത്രമല്ല യന്ത്രവൽക്കരണം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ പ്രതിസന്ധികൾ നേരിട്ട് സർക്കാർ ഉത്തരവുകൾക്ക് വേണ്ടി കാത്തിരുന്ന കൈത്തറി തുന്നൽക്കാരെയും ഇത് സഹായിച്ചു.

രാഷ്ട്രീയം പോലെ തന്നെ സാഹിത്യവും കരുണാനിധിയെ വിർവചിച്ചു. കൗമാരത്തിൽഎഴുത്തുതുടങ്ങിയ കരുണാനിധി പതിനാലാമത്തെ വയസിൽ ഒരു സ്റ്റുഡന്റസ് മാഗസിൻ എഡിറ്റു ചെയ്തുകൊണ്ടാണ് തന്റെ പത്രപ്രവർത്തനം തുടങ്ങിയത്. ദ്രാവിഡിയൻ മൂവ്മെന്റിലേക്കു വിദ്യാർഥികളെ എത്തിക്കുന്നതിനായി തുടങ്ങിയതായിരുന്നു അത്. പിന്നീട് പതിനെട്ടാമത്തെ വയസിൽ ‘മരശൊലി ‘തുടങ്ങി. അത് ഇപ്പോൾ ഡി.എം കെ.യുടെ പാർട്ടി അവയവമാണ്. ബ്രാഹ്മണരുടെ മുറുകിപ്പിടുത്തങ്ങളിൽ നിന്നു തമിഴ് ബൗദ്ധിക മേഖലയിൽ അദ്ദേഹം നേടിയ നേട്ടങ്ങൾ ശ്രദ്ധേയമാണ്. ഇത് അനേകം എഴുത്തുകാർക്ക് അംഗീകാരത്തിന്റെ മുദ്ര നൽകി. സംസ്കൃതത്തോടു എതിരിട്ടുകൊണ്ടു തമിഴ് ഭാഷയുടെ സവിശേഷതക്കായി അദ്ദേഹം പോരാടുകയായിരുന്നു.

വാസ്തവത്തിൽ, തെരെഞ്ഞെടുപ്പ് രാഷ്ട്രീയം പോലെ തമിഴ് എന്ന ചോയ്‌സും ബ്രാഹ്മണ ആധിപത്യത്തെ തകർക്കാനുള്ള കരുണാനിധിയുടെ ബോധപൂർവമായ ശ്രമമായിരുന്നു. അക്കാദമിയിലും സാഹിത്യത്തിലും കരുണാനിധി തമിഴ് പണ്ഡിതന്മാരുടെ പഠനങ്ങൾ പ്രോത്സാഹിപ്പിച്ചു. ഭാഷയുടെ അതുല്യതക്ക് രേഖകൾ നൽകിയ, ഉദാത്തവും ചരിത്രപരവുമായി തമിഴ് ക്ലാസിക്കൽ സാഹിത്യത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹം ചില തമിഴ് ക്ലാസിക്കൽ രചനകൾക്ക് വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്. ക്ലാസ്സ്‌വെല്ലിനെ പോലെയുള്ള പണ്ഡിതർ, തിരുവള്ളുവരിനെ പോലെയുള്ള എഴുത്തുകാർ എന്നിവരെ ബിംബവൽക്കരിക്കുകയും തിരുവള്ളുവരിന്റെ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത അദ്ദേഹം തിരുവള്ളുവരിന്‌ വേണ്ടി വലിയ സ്മാരകങ്ങൾ പണിയുകയും ചെയ്തു. ഡിഎംകെ ബ്രാഹ്മിൺ ദേശീയ കവിയായ ഭാരതീയാരെ അകറ്റിനിർത്തുകയും ബ്രാഹ്മണിക് രചനകളെ വിമർശിക്കുകയും  സമത്വത്തിനുവേണ്ടി സംസാരിക്കുകയും ചെയ്ത ഒരു സമകാലിക ദ്രാവിഡിയൻ മൂവ്മെന്റ് എഴുത്തുകാരനായ ഭാരതീദാസന് പിന്തുണ നൽകുകയും ചെയ്തു.

ഒരു എഴുത്തുകാരൻ എന്ന നിലയിൽ കരുണാനിധി ക്ലാസിക്കൽ രചനകളെ വ്യാഖ്യാനിക്കുക മാത്രമല്ല ചെയ്തത്, അദ്ദേഹത്തിന് വളരെ കൃത്യമായ ചരിത്രബോധവും ഉണ്ടായിരുന്നു. എങ്ങനെയാണ് തമിഴ് എഴുത്തുകാർ നൂറ്റാണ്ടുകളായുള്ള തമിഴ് പാരമ്പര്യത്തെ നശിപ്പിക്കുന്നതിനായി തമിഴ് രചനകളിലേക്ക് അവരുടെ തന്നെ വ്യാഖ്യാനങ്ങളെ കൂട്ടിച്ചേർത്തതെന്നു അദ്ദേഹം വിവരിച്ചു. സി.എൻ അണ്ണദുരൈയുടെയും കരുണാനിധിയുടെയും ഭാഷയിലെ ലാളിത്യം അവർക്കൊപ്പം എഴുതുകയും എന്നാൽ സ്വന്തമായി നിലനിൽക്കുകയും ചെയ്ത ഒരു കൂട്ടം ദ്രാവിഡിയൻ എഴുത്തുകാരെ ആകർഷിച്ചു. അണ്ണാദുരൈയുടെ വേര്പാടിന് ശേഷം, ഒരു വിടവുകൂടാതെ തന്നെ കരുണാനിധി ബ്രാഹ്മണിസത്തിനെതിരെയുള്ളതും ആദര്ശപരവുമായതെന്ന നിലയിൽ തമിഴ് സ്വത്വത്തെ പൊതുവിടത്തിൽ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും നയങ്ങളിലും അദ്ദേഹത്തിന് ബ്രാഹ്മണരെ നനന്നായറിയാം എന്ന് അദ്ദേഹം കാണിച്ചു കൊടുത്തു. ഭാഷക്ക് വേണ്ടി കമ്മിറ്റികൾ രൂപീകരിക്കുമ്പോഴും അക്കാലത്തെ ഏറ്റവും തീവ്രമായ വിവാദങ്ങളിലും (കരുണാനിധിക്ക് ഇതിലും കൂടുതൽ ചെയ്യാമായിരുന്നു എന്ന് വിമര്ശകര് പറയുമ്പോഴും) 2004 ൽ ഇന്ത്യൻ ഗവണ്മെന്റ് തമിഴിനെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിക്കുന്നതുവരെ കരുണാനിധി ഒരു പുതിയ വികസനാത്മകവും സമകാലികവുമായ രേഖയിലേക്ക് ആ ഭാഷയെ കൊണ്ടെത്തിക്കുന്നതിനു ചുക്കാൻ പിടിച്ചു.

മടിയുള്ള ഇന്ത്യൻ ഗവൺമെന്റിൽ നിന്നും ഈ പദവി പിടിച്ചെടുക്കുന്നതിൽ അദ്ദേഹം ഒരു പുതിയ രീതി സ്വീകരിച്ചു. തമിഴ്‌നാട്ടിൽ ഇത്തരം ആവശ്യങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ അദ്ദേഹം തമിഴിന്റെ ക്ലാസിക്കൽ പദവി എന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിന്നു. ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും അത് ലോകത്തിലെ ക്ലാസിക്കൽ ഭാഷയാണ്, തമിഴ് ഭാഷയുടെ അറിയപ്പെടുന്ന വസ്തുത അംഗീകരിക്കുക എന്നത് ഇന്ത്യയെ സംബന്ധിക്കുന്ന കാര്യമല്ല എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. ഈ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യ എന്താണ് ചെയ്തതെന്നുള്ള കാര്യം മറ്റൊരു ലേഖനത്തിനുള്ള വിഷയമാണ്. ഡൽഹിയിലെ അധികാര കേന്ദ്രങ്ങൾക്കൊപ്പം പോകുവാനുള്ള കരുണാനിധിയുടെ തീരുമാനം അദ്ദേഹം ഡൽഹിയിൽ നിന്നും അകന്നു നിന്നതിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ രീതിയായിരുന്നു. തമിഴർക്ക് ശരിയെന്നു തോന്നുന്ന കാര്യം നേടിയെടുക്കാനും തമിഴ് ഭാഷയെ ബ്രാഹ്മണിക് ആധിപത്യത്തിൽ നിന്നും ഏറ്റെടുക്കുവാനും അദ്ദേഹം എങ്ങനെയാണു രാഷ്ട്രീയാധികാരത്തെ വിനിയോഗിച്ചതെന്ന് ഇത് അടിവരയിടുന്നു.

കന്യാകുമാരിയിൽ വിവേകാനന്ദന്റെ പ്രതിമയുടെയും സ്മാരകത്തിന്റെയും അടുത്തു   തമിഴ്‌നാടിന്റെ തെക്കൻ മുനമ്പിൽ മൂന്നു കടലുകൾ ഒന്നിക്കുന്നിടത്തു 133 അടി ഉയരത്തിൽ  തിരുവള്ളുവരിന്റെ പ്രതിമ നിർമ്മിച്ചത് കരുണാനിധിയുടെ ബോധ്യത്തെയും ബ്രാഹ്മണിസത്തോടുള്ള എതിർപ്പിനെയും കാണിക്കുന്ന സംഭവമാണ്. പാറയുടെ മുകളിൽ വിവേകാനന്ദന്റെ പ്രതിമ പണിയുക എന്നത് തമിഴ് നാട്ടിലെ ആർ എസ് എസ് ന്റെ ആദ്യ പദ്ധതികളിൽ ഒന്നായിരുന്നു. പരമ്പരാഗതമായി ആ പാറ ഉപയോഗിച്ചിരുന്ന മീന്പിടുത്തക്കാരുടെ കൈയ്യിൽ നിന്നുമാണ് ആർ എസ് എസ് ആ പാറ പിടിച്ചു വാങ്ങിയത്. ക്രിസ്ത്യാനികളായ മീന്പിടുത്തക്കാർക്ക് ആ പാറ മുകളിൽ ഒരു കുരിശുണ്ടായിരുന്നു. ഇതിനെ തീരത്ത് നങ്ങൂരമിടുന്നതിനുള്ള ഒരു വഴികാട്ടി എന്ന നിലയിലാണ് അവർ ഉപയോഗിച്ചിരുന്നത്. ആർ എസ് എസ് കോടതിയിൽ ഒരു നിയമയുദ്ധം നടത്തുകയും ജയിക്കുകയും ചെയ്തു. അദ്ദേഹം അവിടെ സന്ദര്ശിച്ചിരുന്നുവെന്ന അവകാശവാദം പറഞ്ഞു കൊണ്ട് വിവേകാനന്ദന്റെ പ്രതിമ അവിടെ പണിയുകയും ചെയ്തു. ബ്രാഹ്മണരോടുള്ള അനാദരവ് പറയുന്ന തമിഴ് രാഷ്ട്രീയത്തെ എതിരിട്ടുകൊണ്ടു പ്രതീകാത്മകമായി തെക്കൻ മുനമ്പിനെ ബ്രാഹ്മണിക്കൽ ആശയത്തിലേക്ക് കൊണ്ട് വരുന്നതായിരുന്നു അത്. കരുണാനിധി, തമിഴ് കവിയും മതദ്വേഷിയും സമത്വത്തെയും സാമൂഹിക പെരുമാറ്റങ്ങളെയും പഠിപ്പിച്ച തിരുവള്ളുവരിനെ പ്രോത്സാഹിപ്പിക്കുകയും വിവേകാനന്ദനെ നിഴലിലാക്കുന്നതിനായി തമിഴ് ബിംബങ്ങളുടെ പ്രതിമ സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു. 2000 ലാണ് അത് തുറന്നതു. ഇത് ഉദ്ദേശ്യങ്ങളോടെയുള്ള കൃത്യമായ പ്രഖ്യാപനങ്ങളായിരുന്നില്ല മറിച് പാർശ്വവത്കൃതരെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതീകാത്മകമായ പ്രവർത്തനങ്ങൾ ആയിരുന്നു. ബ്രാഹ്മണർ അത് നന്നായി മനസിലാക്കുകയും കരുണാനിധിയെ ഏറ്റവും വെറുക്കുകയും ചെയ്ത സംഭവമായിരുന്നു അത്.

കൗമാര കാലം മുതൽ പെരിയാറും അണ്ണായുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം കലയിലൂടെ, വിശേഷിച്ചും നാടകത്തിലൂടെ പിന്നീട് സിനിമയിലൂടെയും ദ്രാവിഡിയൻ ആശയങ്ങളുടെ പ്രചാരണവുമായി ദ്രാവിഡിൻ മൂവ്മെന്റിനൊപ്പം യാത്രചെയ്തു. അദ്ദേഹം സിനിമയിൽ എത്തിയപ്പോൾ അതിനെ ബ്രാഹ്മണിസത്തിന്റെ കടുംപിടുത്തങ്ങളിൽ നിന്നും സ്വാതന്ത്രമാക്കുകയും ആദ്യമായി ജനങ്ങളുടെ ഭാഷ സംസാരിക്കുന്ന മാധ്യമമായി അതിനെ മാറ്റുകയും സാധാരണവും മുഖ്യധാരയുമായി അതിനെ നിലനിർത്തുകയും ചെയ്തു. ജനങ്ങളുടെ സംഗീതത്തെ ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവന്ന സംഗീത മാന്ത്രികൻ ഇളയരാജയും കരുണാനിധിയുടെ വേർപാടിൽ ഈ നിരീക്ഷണം പങ്കുവെച്ചു. “കൃത്യമായ തമിഴിൽ എഴുതിയിരുന്ന ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാൾ ഇനിയില്ല”. ഗവേഷണങ്ങളെ ഉദ്ധരിച്ചു കൊണ്ട് വ്യതിരിക്തതകളെ അടയാളപ്പെടുത്തിയ ഭാഷയെ കലർപ്പിന്റെ ഗതിയിൽ നിന്നും തിരികെ നയിച്ചുകൊണ്ടുവന്നത് കരുണാനിധി ആയിരുന്നു. സിനിമകളിലെ പൊതുവായ സ്ക്രിപ്റ്റുകൾ പോലും പുരാണേതിഹാസങ്ങളിൽ നിന്നും മാറ്റിനിർത്തി എന്ന് മാത്രമല്ല യുക്തിപരമായ ആശയങ്ങളെ പറ്റി സംസാരിക്കുകയും അദ്ദേഹത്തിന്റെ പ്രവേശനഘട്ടത്തിലും പിന്നീടും ബ്രാഹ്മണിസത്തെ തുറന്ന വിമർശനം നടത്തുന്നത് തുടർന്നു.

സിനിമയിൽ സ്ത്രീകളുടെ സമത്വം, സാമൂഹിക അസമത്വങ്ങൾ, സംസ്കൃതവൽക്കരിക്കപ്പെട്ട വാക്കുകളെ പരിഹസിക്കൽ, നല്ല കഥാപാത്രങ്ങൾക്ക് തമിഴ്‌പേരുകൾ നൽകൽ, സ്ത്രീകളെ രാഷ്ട്രീയം പറയുവാനും, പുരുഷന്മാരെ ഉപദേശിക്കുവാനും, വിധവ വിവാഹം പ്രോത്സാഹിപ്പിക്കാനും എല്ലാവര്ക്കും ആത്മാഭിമാനം നൽകുവാനും ശ്രമിച്ചയാളായിരുന്നു കരുണാനിധി. 1972 പെരിയാറിന്റെ മരണം വരെ അദ്ദേഹം തെരുവുകളിൽ പ്രസംഗിച്ചു നടന്നവയായിരുന്നു അവയെല്ലാം. കരുണാനിധി ആ താളക്രമം നിലക്കാതെ മുന്നോട്ടു കൊണ്ടുപോയി.

കരുണാനിധിയുടെ ചില എഴുത്തുകൾ അതിന്റെ ജാതിവിരുദ്ധ ഉള്ളടക്കത്തിന്റെ പേരിൽ സെൻസർഷിപ്പിനും വിലക്കിനും വിധേയമായിട്ടുണ്ടെങ്കിലും സിനിമ വ്യവസായത്തിൽ വിജയിയും എല്ലാവരും അന്വേഷിച്ചിരുന്ന കീർത്തികെട്ട തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമകൾ നന്നായി സ്വീകരിക്കപ്പെടുകയും അവയിൽ ചിലതു അക്കാലത്തെ സൂപ്പർ ഹിറ്റ് സിനിമകളാവുകയും ചെയ്തു. പ്രത്യേകിച്ച്,അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമ പരാശക്തി(1952 ) ആദ്യം ഹിന്ദുമതത്തോടുള്ള വിമര്ശനം കാരണം റിലീസ് ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് അതൊരു സൂപ്പർഹിറ്റ് സിനിമയായി മാറി. അക്കാലത്തെ സിനിമയും പാട്ടുകളും ദ്രാവിഡിയൻ ശൗര്യവും, സാമൂഹികനീതി, ദാരിദ്രം എന്നിവയുടെ കാരണങ്ങളെ പറ്റി സംസാരിക്കുന്നതോ നിയമങ്ങളെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ തകർക്കുകയോ ചെയ്യുന്നതും ദ്രവിഡിയൻ പ്രസ്ഥാനത്തിന്റെ ആശയാവലികളെ അവതരിപ്പിക്കുന്നതോ ആയിരുന്നു. കമ്മ്യൂണിസ്റ്റ് എഴുത്തുകാർ പോലും വഴിമാറുകയും സാധാരണപോലെ മനുഷ്യത്വവൽക്കരിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അവതരിപ്പിക്കുവാനായി മുൻപോട്ടുവരികയും തമിഴിനെ പുകഴ്ത്തുകയും ചെയ്തു. തമിഴിന്റെ ഉപയോഗത്തിൽ ആർക്കും കരുണാനിധിയെ മറികടക്കുവാൻ കഴിഞ്ഞിരുന്നില്ല. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ശേഷവും അദ്ദേഹം തിരക്കഥ, ചെറുകഥ, കവിതകൾ എന്നിവ എഴുതുന്നത് തുടർന്നു. അവ എല്ലായ്പ്പോഴും അത്യധികം രാഷ്ട്രീയപരമായിരുന്നില്ല. എങ്കിലും.ദ്രാവിഡിയൻ ആശയങ്ങളായി അദ്ദേഹം സ്‌ക്രീനിൽ അവതരിപ്പിച്ചത് തന്നെയാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചതെന്ന് കാണിച്ചു. മൊത്തത്തിൽ 72 സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചു.

ഡി എം കെ യുടെ ഭരണത്തിനു കീഴിൽ ദ്രാവിഡിയൻ എന്ന വാക്ക് മനസ്സിലാക്കലിനായി തമിഴുമായി പരസ്പരം മാറ്റിയിരുന്നു. ഭാഷാപരമായ വ്യത്യാസങ്ങൾക്കപ്പുറത്ത് അബ്രാഹ്മണരായ ജനങ്ങളെ കൂടി ഉൾപ്പെടുത്തുന്നതായിരുന്നു ഇത്. ബ്രാഹ്മണരിൽ നിന്നും വ്യത്യസ്തമായ അവരെ ഒന്നായി തിരിച്ചറിഞ്ഞു. പൊതുവിടത്തിൽ തമിഴ്സ്വത്വത്തിന്റെ ബ്രാഹ്മിൺ അതിതൃഷ്ണകളെ തടയുന്നതിന് ഇത് പ്രധാനപ്പെട്ടതായിരുന്നു. കരുണാനിധി അതിനെപ്പറ്റി ബോധ്യമുള്ളയാളായി തന്നെ നിലനിന്നു.

അദ്ദേഹം ഫലിതത്തിലും പ്രസിദ്ധനായിരുന്നു. ഡി എം കെ-ബി ജെ പി സഖ്യത്തിന്റെ അവസാനത്തോടെ, ആർ എസ് എസ് ന്റെ പ്രധാന നേതാക്കന്മാരിൽ ഒരാൾ, രാമഗോപാലാൻ എന്ന ബ്രാഹ്മണൻ കരുണാനിധിക്ക് ഭഗവത്ഗീത നൽകുവാനായി ഒരു അപ്പോയ്ന്റ്മെന്റ് എടുത്തു. ഡി എം കെ, ബിജെപി യുമായുള്ള ബന്ധത്തിനായി ഉറ്റുനോക്കുകയാണെന്ന വിമർശനത്തെ ആളിക്കത്തിക്കുവാനായി ആഗ്രഹിച്ചു കൊണ്ടായിരുന്നു അത്. ഗോപാലൻ ഗീതയുമായി വരികയും ആ നിമിഷത്തിൽ അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ എടുക്കുവാനുമായി കാത്തിരുന്നു. കരുണാനിധി അദ്ദേഹത്തിന് അപ്പോയ്ന്റ്മെന്റ് നൽകി. അദ്ദേഹത്തിൽ നിന്നും ഗീത സ്വീകരിച്ചതിനു ശേഷം കെ.വീരമണി എഴുതിയ “ഗീതയുടെ മറുവശം”(ദി അദർ സൈഡ് ഓഫ് ഗീത ) അദ്ദേഹത്തിന് നൽകുകയും വായിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഗോപാലിനെ സംബന്ധിച്ച് അത് അപ്രതീക്ഷിതമായിരുന്നു.ആ കൂടിക്കാഴ്ച അദ്ദേഹത്തെ നിരാശപ്പെടുത്തി. എങ്കിലും കരുണാനിധിയുടെ പ്രവൃത്തി വലിയ വാർത്തയുണ്ടാക്കി. കൂടിക്കാഴ്ചക്ക് ശേഷം മടങ്ങിപ്പോകുന്ന അതിഥിക്ക് എന്തെങ്കിലും നൽകുന്ന ഒരു നല്ല ആതിഥേയനാകുകയാണ് തൻ ചെയ്തതെന്നാണ് കരുണാനിധി പിന്നീട് പത്രങ്ങളോട് പറഞ്ഞത്.

ബ്രാഹ്മണനേക്കാൾ കൗശലക്കാരനാണെന്നു തെളിയിച്ചു കൊണ്ട് അദ്ദേഹം ആത്മകഥയുടെ അഞ്ചു പതിപ്പുകൾ എഴുതി.”നെഞ്ചുക്ക് നീതി “എന്ന ആ ആത്മകഥയിൽ അദ്ദേഹം തന്റെ പരാജയങ്ങളെ പറ്റിയും തുറന്നെഴുതി. ബ്രാഹ്മണ വ്യാഖ്യാനങ്ങൾക്ക് ഇടം കൊടുക്കാതെ രാഷ്ട്രീയ സംഭവങ്ങളെ ക്രമമായി രേഖപ്പെടുത്തി. അദ്ദേഹം എഴുത്തിനെ ശ്വസിക്കുകയും അദ്ദേഹത്തിന്റെ കൈകൾക്ക് പേനയെടുക്കുവാൻ കഴിയാതാവും വരെ അത് തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോധപൂർവ്വമായൊരു പ്രവൃത്തി ജയലളിതയുടെ സാന്നിധ്യവും ആശുപത്രിയിലെ പരിചരണവും സംബന്ധിച്ച ദുരൂഹതകൾ നിലനിന്നപ്പോൾ അവരുടെ ഫോട്ടോഗ്രാഫുകൾ ആവശ്യപ്പെട്ടതായിരുന്നു.

പാർട്ടി കേഡർമാർ കരുണാനിധിയെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുൻപിൽ നിന്ന് അലറി വിളിച്ചത് “വരൂ നമുക്ക് മുരശൊലിയിലേക്ക് പോകാം” എന്നതായിരുന്നു. കരുണാനിധി എല്ലാ ദിവസവും എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത പത്രത്തോടുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധത്തെ ഓര്മപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു അത്. അദ്ദേഹം തന്റെ തന്നെ വികസനങ്ങളെ വിശകലനം ചെയ്യുകയും, സ്കെച്ചി കാർട്ടൂണുകൾ വരക്കുകയും, ഗവണ്മെന്റ് നയങ്ങളെ പുനരുൽപ്പാദിപ്പിക്കുകയും, സ്വയം ചോദ്യങ്ങൾ ചോദിക്കുകയും പ്രതിപക്ഷത്തെന്നതുപോലെ ഇരുന്നുകൊണ്ട് അതിനു മറുപടിപറയുകയും, കേഡർമാർക്ക് എഴുതുകയും മുരശൊലിയുടെ തലക്കെട്ടുകൾ എഡിറ്റ് ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു .

ടെലിവിഷൻ കാലത്ത് സ്വയം അപ്ഡേറ്റ് ചെയ്യുന്നതിനായി അദ്ദേഹം കലൈഞ്ജർ ടീവീ യിലൂടെ കേഡർമാരുമായി സംസാരിക്കുകയും ,അവരുമായി ആശയവിനിമയം നടത്തുന്നതിനായി ഒരു ഫേസ്ബുക് പേജ് തുടങ്ങുകയും ചെയ്തു. കൂടാതെ അദ്ദേഹം തന്റെ ചാനലിന് സജീവമായ ധാരാളം സംഭാവനകളും നൽകി. ചില പ്രോഗ്രാമുകളിൽ വ്യത്യസ്തതയും ഒരു ദ്രാവിഡിയൻ ചാനൽ ആയിരിക്കുന്നതിന്റെ ഗുണങ്ങളും അത് കാണിച്ചു. മറ്റു ചാനലുകൾ ജനപ്രിയ പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുകയും കര്ണാടിക് പാട്ടുകാരൻ ലളിത ഗാനങ്ങൾ വിലയിരുത്തപ്പെടും ചെയ്തപ്പോൾ പാർശ്വവത്കൃതരായുള്ള പാട്ടുകാർക്കുള്ള മത്സരം ഒരു സമാന്തര ആശയമായിരുന്നു. തന്റെ ഷോ കണ്ട ഒരു കോൺസ്റ്റബിൾ തന്നെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു എന്ന് തെരുവിൽ താമസിച്ചിരുന്ന ഒരു പാട്ടുകാരൻ ഓർമിച്ചു. “സർ എല്ലാ ദിവസവും ഞാൻ ഇങ്ങനെ തന്നെയാണ്. സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ അവർ എന്നെ നല്ല ഡ്രസ്സ് ധരിപ്പിക്കുകയും മേയ്ക്പ് ചെയ്യുകയും ചെയ്യും, ഞാൻ ഈ പുറമ്പോക്ക് തന്നെയാണ്”. വൈകാരികമായി അയാൾ ഓർത്തെടുത്തു. മറ്റു ചാനലുകൾ ബോധപൂർവമായി അത്തരം കാഴ്ചക്കായി അന്വേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ കരുണാനിധി കുടുംബത്തില്പെടുന്ന ചാനലിൽ അത് സംഭവിച്ചുവെന്നത് ഓര്മിക്കപ്പെടേണ്ടതാണ്.

ആ ഷോ സിനിമ വ്യവസായത്തിലേക്ക് ഒരു ശ്രദ്ധേയനായ പാട്ടുകാരനെയും കൊണ്ടുവന്നു. കരുണാനിധി അദ്ദേഹത്തിന്റെ ന്യൂസ് ചാനലിന്റെ തലക്കെട്ടുകൾ വായിക്കുകയും ആവശ്യമെങ്കിൽ എഡിറ്ററെ വിളിപ്പിക്കുകയും ചെയ്തു. തമിഴ്നാട് ഇന്ന് തമിഴ് സ്വത്വത്തെ പറ്റിയും, തനത് തമിഴിനെ പറ്റിയും പറയുന്നുവെങ്കിൽ അത് കരുണാനിധി കൊണ്ടുവന്ന ഭാഷാപരമായ അബ്രാഹ്മണബോധത്തിന്റെ ഭാഗവു, അദ്ദേഹം അതിനെ പിന്തുണച്ചത് കൊണ്ടുമായിരുന്നു. അദ്ദേഹം സംസ്കൃതവൽക്കരിക്കപ്പെട്ട തമിഴ് എഴുത്തുകളെയുംപേരുകളെയും പരിഹസിക്കുകയും ഒഴിവാക്കുകയും മുന്പന്തിയിലേക്ക് തമിഴ് പേരുകളെ കൊണ്ട് വരികയും ചെയ്തു .അവയെ അദ്ദേഹം ജാതിരഹിതമായി പ്രോത്സാഹിപ്പിക്കുകയും തമിഴിൽ ബിൽഡിങ്ങുകളും ട്രേഡ്മാര്ക്കുകളും കൊണ്ട് വരികയും ചെയ്തു. ഹിന്ദിക്കെതിരെ സമരം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത് എന്ന് ഇവിടെ ഓർക്കേണ്ടതാണ്.

കരുണാനിധി എന്തിനു വേണ്ടിയാണു നിലകൊണ്ടതെന്നു മനസിലാക്കുവാൻ ഒരാൾ പെരിയാറിൽ നിന്ന് തന്നെ വാസ്തവത്തിൽ തുടങ്ങേണ്ടതുണ്ട്. പെരിയാർ അദ്ദേഹത്തിന് നേരിട്ട് പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരനെ ഒരിക്കൽ ഫോണിൽ വിളിച്ചു. ദ്രാവിഡ കഴകത്തിനു വേണ്ടി ആ ചെറുപ്പക്കാരൻ എഴുതിയ ലേഖനം വായിച്ചതിനു ശേഷം അയാളെ അഭിനന്ദിക്കുന്നതിനു വേണ്ടിയായിരുന്നു അത്. പെരിയാറിൽ നിന്നും അഭിനന്ദനങൾ സ്വീകരിച്ച ആ ചെറുപ്പക്കാരൻ കരുണാനിധി ആയിരുന്നു.

അധികാരത്തിലിരിക്കുമ്പോൾ അദ്ദേഹം ചെയ്ത ഒടുവിലെ കാര്യങ്ങളിൽ ഒന്ന് (2006 -2010 ) പൊങ്കൽ ദിനത്തെ തമിഴിലെ പുതുവർഷമായി പ്രഖ്യാപിച്ചതായിരുന്നു.പണ്ഡിതരുടെ വിശദീകരണങ്ങളും തന്റെ നിഗമനങ്ങളും വിശദീകരിച്ചുകൊണ്ട് ഏപ്രിൽ മധ്യത്തിലെ ചിത്തിരൈ എന്ന് വിളിക്കപ്പെട്ടിരുന്ന തമിഴ് മാസം തമിഴ് പുതുവർഷമായിരിക്കില്ലെന്നും അതൊരു ബ്രാഹ്മണിക് കൂട്ടിച്ചേർക്കലാണെന്നും അദ്ദേഹം വാദിച്ചു. പിന്നീട് ജയലളിതയുടെ കീഴിലുള്ള എ ഐ ഡി എം കെ അത് നിർത്തലാക്കിയെങ്കിലും, കരുണാനിധി ചെയ്യുന്ന എന്തിനെയും നിരോധിക്കുന്ന ജയലളിതയുടെ ധാർഷ്ട്യത്തെ കണക്കിലെടുത്തുകൊണ്ട് ഡി എം കെ യുടെ പിന്തുടർച്ചക്കാരായ ഡി കെ, പെരിയാർ തമിഴ് ദേശീയതാവാദികൾ, തുടങ്ങിയവർ സ്റ്റേറ്റ് എപ്പോഴും തമിഴ് ബ്രാഹ്മിൺ സ്വത്വത്തിനിടയിലാണ് എന്ന് വേർതിരിച്ചറിഞ്ഞു കൊണ്ട് ഏപ്രിൽ 14 നു പകരമായി ജനുവരി 14 പുതിയ തമിഴ് ചക്രമായി അടയാളപ്പെടുത്തുന്നത് തുടരുന്നു. അതൊരു വലിയ നേട്ടമായിരുന്നു.

അവസാനിക്കുമ്പോൾ കരുണാനിധി ഒരു വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. മാന്യതക്കും ഭാഷാ അവകാശങ്ങൾക്കുമായി നടത്തിയ പ്രക്ഷോഭങ്ങളിൽ നിന്നും ഉയർന്നു വന്ന ഒരു യുഗത്തിന്റെ രാഷ്ട്രീയ തുടർച്ചയെ സംബന്ധിച്ച് പല മേഖലകളിലായി അദ്ദേഹം ഒരേ സമയം നടത്തിയിട്ടുള്ള റോളുകൾ നികത്തുക എന്നത് ശ്രമകരമാണ്.

~~~

(The English version was published earlier in Round Table India)

 

Radhika Sudhakar is a journalist from Chennai. She had worked with mainstream publications; presently makes contributions for certain publications, on and off, in Chennai.

 

Lincy K Thankappan comes from Manarcad in Kottayam district. She completed MA and MPhil in English Literature, has a PG Diploma in Journalism and is now Asst Professor guest faculty and Researcher at School of Letters (MG University). She has done Malayalam book translations for Why Men Don’t Listen and Women Can’t Read Maps(Allan Pease, Barbara Pease), Rich Dad’s Guide to Investing(Robert T. Kiyosaki), An Era of Darkness: The British Empire in India (Shashi Tharoor) and was co-translator for the book The Internet to the Inner-Net(Gopi Kallayil).

 

Image courtesy: The Internet