Round Table India
You Are Reading
കൊറോണ പ്രതിരോധം : കേരള മോഡല്‍ മിത്തും യാഥാര്‍ത്ഥ്യവും
1
Perspective

കൊറോണ പ്രതിരോധം : കേരള മോഡല്‍ മിത്തും യാഥാര്‍ത്ഥ്യവും

santhosh kumar 2020

കെ സന്തോഷ്‌ കുമാര്‍

santhosh kumar 2020കൊറോണ (കൊവിഡ് 19) മഹാമാരിയേയും  വൈറസ് വ്യാപനത്തെയും കേരള സര്‍ക്കാരും  സമൂഹവും ലോകത്തിനു മാതൃകയാകും വിധം ഫലപ്രദമായി പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ സുശക്തമായ പൊതുജന ആരോഗ്യമേഖല, ആരോഗ്യകേന്ദ്രങ്ങളുടെ ലഭ്യത, ഗുണമേന്മ, അവബോധം, രാഷ്ട്രീയ ജാഗ്രത എന്നിവയാണ് ഇത് സാധ്യമാക്കുന്നത്. കേരള മോഡല്‍ വികസനത്തിന്റെ ഗുണാത്മകതയാണ് മഹാമാരിയെ പ്രതിരോധിക്കുന്നത് എന്നാണ് ചില പൊതുഭാഷ്യങ്ങള്‍.

കേരളത്തിലെ ആയിത്തജാതിക്കാര്‍ സാമൂഹിക നീതിക്കായി നടത്തിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളും, അവയിലൂടെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ ജാഗ്രതയും സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ ഉണ്ടായ വിദ്യാഭ്യാസ പുരോഗതിയും തുടര്‍ന്നുണ്ടായ സാമൂഹിക മേഖലയുടെ വളര്‍ച്ചയും, മിഷനറി പ്രവര്‍ത്തനങ്ങളും ആധുനിക ചികിത്സാ സമ്പ്രദായത്തിന്‍റെ ചരിത്രപരമായ വികാസവും സ്ത്രീ വിദ്യാഭ്യാസവുമാണ് കേരളത്തിന്റെ ‘വികസന സവിശേഷത’യ്ക്ക് നിദാനമായി തീര്‍ന്നത്, അതല്ലാതെ ഇന്നു ചര്‍ച്ച ചെയ്യുന്നതു പോലെ “കേരള മോഡല്‍ വികസനം’ കൊണ്ടല്ല (കേരള മോഡലിനെ വിമര്‍ശനപരമായി സമീപിച്ച സാമൂഹിക ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും കുറഞ്ഞ വളര്‍ച്ചാ നിരക്കിലെ ‘മാനുഷിക വിഭവശേഷി’ വികാസത്തെ കേരളത്തിന്റെ വികസന സവിശേഷതയായി രേഖപ്പെടുത്തിയത്).  കൊറോണാനന്തര കാലത്ത് ഈ വസ്തുതകളെ കണക്കിലെടുക്കാതെയാണ് “കേരള മോഡല്‍” സംവാദം രൂപപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. സാമൂഹികമായി നിലനിൽക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ, അത് ചരിത്രപരമായി രൂപപ്പെട്ടുവന്ന വ്യവസ്ഥാക്രമത്തിനുള്ളിൽ നിന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് ‘കേരള മോഡൽ വികസന’ത്തിന്റെ മേന്മയാണ് കൊറോണയെ പ്രതിരോധിക്കുന്നത് എന്ന വ്യാജമായ തോന്നല്‍ ഉണ്ടാകുന്നത്. ഇത് തെറ്റിധാരണയില്‍ നിന്നുമാകാം.  ഇതിന്റെ  പ്രചരണമാണ് കേരളത്തിലും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഇപ്പോള്‍ നടക്കുന്നത്. മുപ്പത് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണമാണ് ഇത് സാധ്യമാക്കിയത് എന്നുവരെയുള്ള ഭ്രമാത്മകമായ ഭാവനയിലേക്ക് ചിലര്‍ കടക്കുന്നുമുണ്ട്.

‘കേരള മോഡൽ’ വികസനത്തിന്റെ ഗുണഭോക്താക്കളായ സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും സംഘടിത ജാതിമത സമുദായങ്ങള്‍ക്കും ഇവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കേരള മോഡല്‍ മെച്ചപ്പെട്ട വികസന മാതൃകയായിരിക്കും. പക്ഷെ, ഈ പ്രക്രിയയിലൂടെ പുറംന്തള്ളപ്പെട്ടു പോയ ആദിവാസികൾക്കും ദലിതർക്കും തോട്ടംതൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും അതിപിന്നോക്കക്കാരായ പാർശ്വവത്കൃതര്‍ക്കും അങ്ങനെയല്ല കാര്യങ്ങൾ. അടിസ്ഥാന ജനവിഭാഗങ്ങളെ ഭൂമി – വിഭവങ്ങളിൽ നിന്നും സ്വത്തുടമസ്ഥതയില്‍ നിന്നും വിഭവങ്ങളുടെ നീതിയുക്തമായ പുനര്‍വിതരണത്തിൽ നിന്നും പ്രാതിനിധ്യത്തിൽ നിന്നും ആത്യന്തികമായി രാഷ്ട്രീയ അധികാരങ്ങളിൽ നിന്നും പുറംന്തള്ളിയ വികസന മാതൃകയാണ് “കേരള മോഡൽ”. കൊറോണയെ പ്രതിരോധിക്കുന്ന കേരളത്തിന്‍റെ ആരോഗ്യമേഖലയുടെയും സാമൂഹിക സുരക്ഷാ സംവിധാനത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ‘കേരള മോഡൽ വികസന’ത്തിന്റെ മേന്മയായിട്ടാണ് വ്യാഖ്യാനിക്കുന്നതെങ്കില്‍ പ്രധാനമായും രണ്ടായിരിക്കണം കാരണങ്ങള്‍,

1. കേരള മോഡൽ വികസന മാതൃകയെക്കുറിച്ചുള്ള അവ്യക്തത.  

2. ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന നയങ്ങളാണ് ആധുനിക കേരളത്തെ നിർമ്മിച്ചത്, നിര്‍മ്മിക്കുന്നത് എന്ന വ്യാജമായ രാഷ്ട്രീയ പ്രചരണം

കേരളത്തിൽ ആയിരത്തി എണ്ണൂറുകളുടെ ഒന്നാം ദശകത്തില്‍ ആരംഭിച്ച ആധുനിക ചികിത്സയുടെ ആവിര്‍ഭാവവും വളര്‍ച്ചയും വിദ്യാഭ്യാസ പുരോഗതിയും  നവോന്ഥാനമെന്നു പൊതുവായി വിളിക്കപ്പെടുന്ന സാമൂഹികപരിഷ്ക്കരണ പ്രക്ഷോഭങ്ങളും അവ സൃഷ്ടിച്ച രാഷ്ട്രീയ ജാഗ്രതയും സാമൂഹിക മേഖലകളുടെ വികാസവുമാണ് ഇവിടത്തെ ആരോഗ്യമേഖലയെ വികസിതവും കാര്യക്ഷമവും സാര്‍വത്രികവുമാക്കിയത്. കേരളം മാനവ വിഭവ സൂചികയില്‍ ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ‘ഒന്നാമാതായി’ നിലനില്‍ക്കുന്നതിന്റെ ‘സവിശേഷതയും’ പൊതു ആരോഗ്യമേഖലയുടെ വളര്‍ച്ചയുടെ അടിസ്ഥാനവും ഇതു തന്നെയാണ്.

“കേരളത്തിന്‍റെ അനുഭവങ്ങളിൽ നിന്നും, വിദ്യാഭ്യാസത്തിലൂടെ സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ മേഖലകളിൽ നേടിയ ശ്രദ്ധേയമായ നേട്ടങ്ങളുടെ വസ്തുനിഷ്ഠ സൂചകങ്ങളിൽ നിന്നും, ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനുണ്ട്” എന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമർത്യാ സെൻ 2001ല്‍ എഴുതുന്നുണ്ട്. കേരളത്തിന്റെ ‘വികസന സവിശേഷത’യുടെ അടിസ്ഥാനം കേരളം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയാണെന്നു അടിവരയിടുകയാണ് അദ്ദേഹം. “മനുഷ്യ ശേഷിയുടെ വികാസം (Development of Human Capability) സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമാണ്, അതുകൊണ്ട് എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഏറ്റവും മികച്ച നിലവാരമുള്ള ആരോഗ്യ സംരക്ഷണവും ജനസംഖ്യയുടെ നൂറ്  ശതമാനത്തിനും സാക്ഷരത കൈവരിക്കുന്നതിനും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും ഇതിനോടൊപ്പം കൂട്ടിവായിക്കുമ്പോഴാണ് കേരളത്തിന്റെ ‘സവിശേഷ വികസനം’ കേരളം ആര്‍ജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയുടെയും പൊതുജന ആരോഗ്യത്തിന്റെയും ആകത്തുകയിലാണ് നില്‍ക്കുന്നത് എന്ന് ബോധ്യമാകൂ. “1981 ല്‍ നിരക്ഷരരായ സ്ത്രീകളുടെ ശിശുമരണ നിരക്ക് 132 ആയിരുന്നു. അതെസമയം, അമ്മമാര്‍ക്ക് പ്രാഥമിക വിദ്യാഭാസമെങ്കിലും ലഭിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മരണനിരക്ക് 64 ആയിരുന്നു. ശിശുമരണ നിരക്കിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം അമ്മമാരുടെ വിദ്യാഭ്യാസ നിലയാണെന്ന് ഇന്ന് എല്ലാവരും പ്രായേണ അംഗീകരിക്കുന്ന വസ്തുതയാണ്” എന്ന് ഡോ. തോമസ്‌ ഐസക്കും വ്യകതമാക്കുന്നുണ്ട്. [1] വിദ്യാഭ്യാസ പുരോഗതി കൈവരിച്ചതും സാമൂഹികമായി വികസിതവുമായൊരു സമൂഹത്തിനകത്തെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയൂ. അത്തരം സമൂഹങ്ങളിലെ അർത്ഥപൂർണ്ണമായ വികസനം സാധ്യമാകൂ.  ഇവയെല്ലാം പരസ്പര ബന്ധിതവും പൂരകങ്ങളുമായി നിലനിൽക്കുന്നവയാണ്. [2]

ഇത്തരത്തിൽ, രണ്ട് നൂറ്റാണ്ട് കൊണ്ട് കേരളം ആര്‍ജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയുടെയും സാമൂഹിക രാഷ്ട്രീയ വികാസത്തിന്റെയും ആകെത്തുകയായ ‘വികസന സവിശേഷത’യിലാണ് കേരളം ലോകത്തിനു മാതൃകയാകുന്ന തരത്തില്‍ ആരോഗ്യമേഖല ശക്തിപ്പെടുത്തിയതും കൊറോണയെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുന്നത്, അല്ലാതെ എഴുപ്പത്തിയഞ്ചുകളുടെ മധ്യം മുതല്‍ വിളിക്കപ്പെട്ട “കേരള മോഡല്‍” വികസനത്തിനകത്തല്ല.

കേരളത്തിലെ ആധുനിക ചികിത്സാസമ്പ്രദായം, പൊതുജനാരോഗ്യം, വിദ്യാഭ്യാസമേഖല, ഇവയെ സാര്‍വ്വത്രികമാക്കിയ സാമൂഹികഘടകങ്ങള്‍ എന്നിവയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. അതിനു മുന്‍പ്, “കേരള മോഡല്‍ വികസനം” എന്തെന്നും അത് അടിസ്ഥാന ജനതയെ എങ്ങനെ പുറംന്തള്ളിയെന്നും പ്രാഥമിക ധാരണയുണ്ടെങ്കിലെ മുകളില്‍ പറഞ്ഞ മേഖലകള്‍ രൂപപ്പെട്ടുവന്ന ചരിത്രപരമായ വസ്തുതകളെ മുന്‍വിധികള്‍ ഇല്ലാതെ മനസ്സിലാക്കാന്‍ കഴിയൂ.

കേരള മോഡല്‍ വികസനപരിപ്രേക്ഷ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും  

കേരളത്തില്‍ ഭൂപരിഷ്കരണാനന്തരം സംജാതമായ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിന്‍റെ വീമ്പ് പറച്ചിലുകളില്‍ നിന്ന് എഴുപതുകളുടെ മധ്യം മുതല്‍ വിളിക്കപ്പെട്ട വികസന പരിപ്രേക്ഷ്യമാണ് “കേരള മോഡല്‍ വികസനം”. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സി ഡി എസ്, തിരുവനന്തപുരം) പ്രൊഫ. കെ എന്‍ രാജിന്റെ നേതൃത്വത്തില്‍ പഠനം നടത്തുകയും യുനൈറ്റഡ് നേഷന്‍ (UN) 1975ല്‍ “Poverty,Unemployment and Development Policy – A Case Study of Selected issues with Reference to Kerala’ എന്ന റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കുകയും ചെയ്തതോട് കൂടി അക്കാദമിക് മേഖലയില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കി. കേരളത്തിന്റെ സവിശേഷമായ കുറഞ്ഞ വളര്‍ച്ചാനിരക്കിലെ വിദ്യാഭ്യാസപുരോഗതി, ഉയര്‍ന്ന സാക്ഷരത, പൊതുജന ആരോഗ്യം, സാമൂഹിക മേഖലകളുടെ വികാസം, കുറഞ്ഞ ശിശുമരണ നിരക്ക്, ആയുർദൈര്‍ഘ്യം എന്നിവ സവിശേഷമായി പരിഗണിക്കപ്പെട്ടു. “കേരള മോഡല്‍ വികസനം” എന്ന പുതിയൊരു സങ്കല്പനം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് ഇതിനെ തുടര്‍ന്നാണ്‌. ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യമേഖല, ജനകീയ ആസൂത്രണം, അധികാര വികേന്ദ്രീകരണം, തൊഴില്‍ സുരക്ഷ, വേതനം, സംഘടിത ട്രേയ്ഡ് യൂണിയന്‍, സാമൂഹിക മേഖലകളുടെ വളര്‍ച്ച ഇവയെല്ലാം കേരള മോഡല്‍ വികസന മാതൃകയുടെ മാനദണ്ഡങ്ങളായി പരിഗണിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു.

രാഷ്ട്രീയ – സാമ്പത്തിക പദ്ധതിയുടെ ഭാഗമായി സാമ്പത്തിക ശാസ്ത്രജ്ഞരാലോ വിദഗ്ദ്ധരാലോ എഴുതപ്പെട്ട ഒരു നിശ്ചിത വികസന മാതൃകയല്ല കേരള മോഡല്‍. പ്രൊഫ. എം കുഞ്ഞാമന്‍ പറയുന്നത് പോലെ “കേരളത്തിന്‍റെ വികസനാനുഭവം ആയിരുന്നു കേരള മോഡല്‍. ലോകത്തിന്‍റെ മറ്റ് എവിടെയെങ്കിലും അനുവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു മാതൃകയുമല്ലത്”. ഇടതുപക്ഷക്കാരും അനുഭാവികളുമായ പണ്ഡിതരും സാമ്പത്തിക ശാസ്ത്രജ്ഞരുമാണ് ചരിത്രപരമായി രൂപപ്പെട്ട കേരളത്തിന്റെ ‘വികസന സവിശേഷത’യെ 1957 നു ശേഷം സംഭവിച്ച ഒരു പ്രക്രിയയായി, ‘കേരള മോഡല്‍ വികസന’മെന്നൊരു ബലൂണിനെ ഊതി വീര്‍പ്പിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ – ആരോഗ്യ മേഖലയുടെ ചരിത്രപരമായ കാരണങ്ങളെ അവര്‍ തന്ത്രപൂര്‍വ്വം മറച്ചുവെച്ചു.  ഭൂപരിഷ്ക്കരണവും പൊതുവിദ്യാഭ്യാസവും സ്വാശ്രയ വിദ്യാഭ്യാസവും ജനകീയ ആസൂത്രണവും അധികാര വികേന്ദ്രീകരണവും ഏറ്റവും ഒടുവില്‍ എത്തി നില്‍ക്കുന്ന ലൈഫ് പദ്ധതി വരെ കേരളത്തിലെ പാര്‍ശ്വവല്കൃത ജനതയെ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും പുറംന്തള്ളുകയായിരുന്നു എന്ന വസ്തുതയും അവര്‍ ബോധപൂര്‍വ്വം മറച്ചു. ഈ സാമൂഹിക പുറംന്തള്ളല്‍ പ്രക്രിയയുടെ അദൃശ്യതയിലാണ് കേരള മോഡല്‍ നിലനില്‍ക്കുന്നത്. ആധുനിക കേരളത്തെ നിര്‍മ്മിച്ച നവോന്ഥാന പാരമ്പര്യമോ ചരിത്രപരമായി രൂപപ്പെട്ടു വന്ന വസ്തുതകളോ കേരള മോഡല്‍ വികസന പരിപ്രേക്ഷ്യത്തിന്റെ വക്താക്കള്‍ ചര്‍ച്ചയ്ക്ക് എടുത്തതേയില്ല. ഭൂപരിഷ്കരണത്തിന് ശേഷം, കൂടിപ്പോയാല്‍, 1957 ലെ ഇ എം എസ്  മന്ത്രി സഭയ്ക്ക് ശേഷം ഉണ്ടായ മഹത്തായ വിപ്ലവമായാണ് അവര്‍ കേരള മോഡലിനെ പ്രചരിപ്പിച്ചത്. കേരളത്തിന്‍റെ ധനമന്ത്രിയും സാമ്പത്തിക ശാസ്ത്രഞ്ജനുമായ ഡോ. തോമസ്‌ ഐസക് പറഞ്ഞത് “കേരളാ വികസനം ഒരു പ്രഹേളിക”യായിരുന്നു. ഏതായാലും എല്ലാവരും ഇതിനെ ‘കേരള മാതൃക’ എന്ന് വിളിച്ച് തുടങ്ങി” എന്നാണ്. ചാതുര്‍വര്‍ണ്യം മായാസൃഷ്ടം എന്ന് പറയുന്നതുപോലെയുള്ള വിചിത്രമായ കാര്യമാണിത്. പ്രഹേളികയും, മായാസൃഷ്ടവുമൊക്കെയായാല്‍ പിന്നെ ചരിത്രവും വസ്തുതകളുമൊന്നും പരിശോധിക്കേണ്ടതില്ല, വെറുതെയങ്ങ് വിശ്വസിച്ചാല്‍ മതി !

കേരള മോഡലിന്‍റെ അടിത്തറയായി കണക്കാക്കുന്ന ഭൂപരിഷ്കരണം കേരളത്തിന്‍റെ ഉല്പാദന മേഖലയിലോ, ഉത്പാദന ബന്ധങ്ങളിലോ, അടിസ്ഥാന ജനതയുടെ ഭൂമി – വിഭാവാധികാരത്തിലോ, സ്വത്തുടമസ്ഥതയിലോ യാതൊരു ചലനവും സൃഷ്ടിച്ചില്ല. ഭൂപരിഷകരണാനന്തരം ‘മിച്ചം വന്ന’ ദലിതര്‍ക്കു വേണ്ടി 26193 ലക്ഷംവീട്  കോളനികളും, ആദിവാസികള്‍ക്ക് 4167 കോളനികളും തോട്ടംതോഴിലാളികള്‍ക്ക് ആയിരക്കണക്കിന് ലയങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് നൂറുകണക്കിന് കോളനികളുമാണ് നിര്‍മ്മിക്കപ്പെട്ടത്. ദലിതരിൽ എണ്‍പത് ശതമാനവും കഴിയുന്നത് രണ്ടേകാല്‍ സെന്റില്‍ താഴെ ഭൂഉടമസ്തതയുള്ള ഈ കോളനികളിലും സമാന സാഹചര്യത്തിലുമാണ്. ഭൂഉടമസ്ഥതയില്‍ നിന്നും സ്വത്തുടമസ്ഥതയില്‍ നിന്നും പുറത്താക്കപ്പെട്ടതുകൊണ്ട് ഗള്‍ഫ്, വിദേശ തൊഴിലുകള്‍, സ്വയംസംരഭങ്ങള്‍, കച്ചവടം തുടങ്ങിയ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും അപ്രാപ്യവുമായി.

ഇന്ത്യയില്‍ ഭൂമിയുടെയും വിഭവാധികാരത്തിന്റെയും കേന്ദ്രീകരിക്കപ്പെടുന്ന സമ്പത്തിന്റെയും അടിസ്ഥാനം ജാതിയായിരുന്നു. പക്ഷെ, ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോള്‍ ജാതിയെ പരിഗണിച്ചതേയില്ല. ഭൂമിയുടെ വിഭവങ്ങളുടെ തുല്യവും നീതിയുക്തവുമായ പുനര്‍വിതരണം അടിസ്ഥാനപരമായി ജാതിയേയും ബ്രാഹ്മണ്യത്തേയും ചോദ്യം ചെയ്യുന്നതാണ്. അതുകൊണ്ട് മുഖ്യധാര ഇടതുപക്ഷം ജാതിയെ അഭിസംബോധന ചെയ്യുന്നത് തങ്ങളെ തന്നെ പ്രതിക്കൂട്ടിലാക്കും എന്നുള്ളതുകൊണ്ട് ജാതിയെ ആഭിസംബോധന ചെയ്യാതെ “വര്‍ഗ്ഗത്തിന്റെ” സാധ്യതയിലേക്ക് ഊളിയിട്ടു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക ശാസ്ത്രജ്ഞാനുമായ പ്രൊഫ. എം കുഞ്ഞാമന്‍ നിരീക്ഷിക്കുന്നത് പോലെ “ബൂര്‍ഷ്വാ ഭൂപരിഷ്കരണമായിരുന്നു കേരളത്തില്‍ നടപ്പിലാക്കിയത്. നയം രൂപീകരിച്ചവരുടെ വർഗ്ഗ പശ്ചാത്തലവും അവരുടെ പരിജ്ഞാനവും ആശയങ്ങളും ചിന്താഗതിയും ഭൂപരിഷ്കരണത്തെ സ്വാധീനിച്ചു. ഇത്  മുകളിൽ നിന്ന് താഴേക്ക് വന്നതാണ്. അംബേദ്കർ ഭൂപരിഷ്കരണത്തെ സാമൂഹിക നീതിയുടെ കാഴ്ചപ്പാടിലാണ് കണ്ടത്. അംബേദ്കർ പറഞ്ഞത് മൊത്തം കൃഷിഭൂമി ദേശസാൽക്കരിച്ച് കാർഷികവൃത്തിയിൽ എർപ്പെട്ടവർക്ക് വിതരണം ചെയ്യണം എന്നായിരുന്നു. കേരളത്തില്‍ ഭൂപരിഷ്കരണം നിലനിന്നിരുന്ന ഭൂബന്ധത്തിന് സാധൂകരണം കൊടുക്കലായിരുന്നു. പാട്ടകാർക്ക് ഉടമസ്ഥാവകാശം കൊടുത്തു. അത് ഒരു സാധുകരണത്തിന്‍റെ പ്രശ്നമായിരുന്നു. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവനു (Land to the Tiller) എന്ന മുദ്രാവാക്യത്തിൽ ആണ് തുടങ്ങിയതെങ്കിലും അത് നടപ്പായില്ല. ജന്മിമാർക്ക് ഭൂമി നഷ്ടപ്പെട്ടുമില്ല. കണക്കാക്കപ്പെട്ട മിച്ചഭൂമി എറ്റെടുക്കപ്പെട്ടതുമില്ല. ഭൂരഹിതരായ കർഷകത്തൊഴിലാളികൾ ഭൂവുടമകളായ ഉയർന്നുവന്നില്ല. അന്ന് ഉയർത്തിയ മുദ്രാവാക്യം കുടികിടപ്പുകാരന് കുടികിടപ്പവകാശം എന്നായിരുന്നില്ല. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമി എന്നായിരുന്നു. പക്ഷേ അവർക്ക് കിട്ടിയത് കുടികിടപ്പവകാശം ആയിരുന്നു. ഇതാണ് ഇന്ന് ഇടതുപക്ഷ പാർട്ടികൾ ഉയർത്തിപ്പിടിക്കുന്നത്. അപ്പോൾ ഭൂപരിഷ്കരണം കൊണ്ടു കുടികിടപ്പവകാശം കിട്ടി എന്നു പറഞ്ഞാൽ അത് അതിൻറെ ലക്ഷ്യമായി ലക്ഷ്യമായിരുന്നില്ല. കുടികിടപ്പവകാശം എന്നത് അതിൻറെ ബൈ പ്രോഡക്റ്റ്  ആയിരുന്നു”. ഭൂപരിഷ്ക്കരണത്തിലൂടെ ഭൂമി ലഭിച്ചത് പാട്ടക്കാരനും പാട്ടക്കുടിയാനും ആയിരുന്നു. കേരളത്തിലെ സവര്‍ണ്ണ സമുദായങ്ങളും മധ്യമ ജാതിവിഭാഗങ്ങളും ആയിരുന്നു ഇത് കാര്‍ഷിക അടിമകളും തൊഴിലാളികളുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ കുടികിടപ്പ്കാരും അത് അവർക്ക് കോളനി ജീവിതവുമായി പരിണമിച്ചു. അവര്‍ക്ക് അതില്‍ നിന്ന് മോചനം നേടുവാനുള്ള ഒരു പദ്ധതിയും കേരള മാതൃകയ്ക്കകത്ത് ഉണ്ടായിരുന്നില്ല. അവിടെ തന്നെ അവരുടെ ജീവിതത്തെ ഹോമിക്കുന്ന തരത്തില്‍ കേരളത്തില്‍ രാഷ്ട്രീയ സാമ്പത്തിക പദ്ധതികള്‍ കേരള മാതൃകയിലൂടെ ആവിഷ്ക്കരിക്കപ്പെട്ടു. ഇങ്ങനെ “ആദിമ ജനസമൂഹങ്ങളെ ഭൂഉടമസ്ഥയില്‍ നിന്നും നിയമപരമായി പുറത്താക്കാനാണ്  ഭൂപരിഷ്ക്കരണം ഉപകരിച്ചത്”. [3]

കേരള മോഡല്‍ വികസനത്തിന്റെ അടുത്ത ഏറ്റവും വലിയ ചൂണ്ടുപലകയായി കണക്കാക്കപ്പെട്ടത് പൊതുവിഭ്യാസമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ ബഹുഭൂരിപക്ഷവും നിലനില്‍ക്കുന്നത് എയിഡഡ് മേഖലയിലാണ്. ഇവ കൈയ്യടക്കി വെച്ചിരിക്കുന്നത് സവര്‍ണ്ണ സമുദായങ്ങളും സംഘടിത ജാതി മത സമുദായങ്ങളാണ്. സ്കൂളുകളുടെ 57 ശതമാനവും (7216 എയിഡഡ് സ്കൂളുകള്‍ , 4695 സര്‍ക്കാര്‍ സ്കൂളുകള്‍)  കോളേജുകളുടെ 72 ശതമാനവും (200 എയിഡഡ് കോളെജുകളും, 78 സര്‍ക്കാര്‍ കോളേജുകളും) നിലനില്‍ക്കുന്നത് എയിഡഡ് മേഖലയിലാണ്. 2018-19 വര്‍ഷത്തില്‍ എയിഡഡ് മേഖലയില്‍ ശമ്പളമിനത്തില്‍ 9642 കോടി രൂപയും പെന്‍ഷനായി 2948 കോടി രൂപയും ചേര്‍ത്ത് 12590 കോടി രൂപയാണ് ചിലവാക്കിയത്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 14 ശതമാനം വരുമിത്‌. ഒ പി രവീന്ദ്രന്‍ നടത്തിയ “പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യകോളനികള്‍” പഠന[4] പ്രകാരം എയിഡഡ് മേഖലയില്‍ 1,38574 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവിടുത്തെ ആദിവാസി ദലിത് പ്രാതിനിധ്യം വെറും 00.38 ശതമാനമാണ്!!! കേരള റവന്യൂവിന്‍റെ 14 ശതമാനം മുടക്കുന്നിടത്ത് ആദിവാസികള്‍ക്കും ദലിതര്‍ക്കും യാതൊരു പ്രാതിനിധ്യവുമില്ല. ആധുനിക ജനാധിപത്യ സംവിധാനത്തിനകത്തും ആദിവാസികളെയും ദലിതരെയും എയിഡഡ് മേഖലയില്‍ നിന്ന് ഇപ്പോഴും അയിത്തം കല്പിച്ചു മാറ്റി നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് മുടക്കുന്ന പൊതുമേഖലയില്‍ സംവരണ തത്വം പാലിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് ഈ അനീതി. എയിഡഡ് മേഖലയില്‍ മാത്രമല്ല ഇതര വകുപ്പുകളിലും സംവരണ അട്ടിമറികള്‍ നടക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ടുണ്ട്.[5] കേരളത്തിലെ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള കണക്ക് പുറത്ത് വിടണമെന്ന് എസ് എന്‍ ഡി പി ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളും അംബേദ്ക്കറൈറ്റ് പ്രസ്ഥാനങ്ങളും രണ്ടു പതിറ്റായി ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ അതിനു തയ്യാറായിട്ടില്ല.

chengara land struggle

ചെങ്ങറ ഭൂ സമരം

കേരളത്തിലെ വലിയ തൊഴില്‍ മേഖലകളില്‍ ഒന്നാണ് തോട്ടംമേഖല. കേരള മോഡല്‍ വികസനം കൊണ്ട് കേരളത്തിന്റെ ഫലഭൂയിഷ്ഠമായതും പരിസ്ഥിതി ലോലവുമായ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ തോട്ടംഭൂമിയാണ്‌ ടാറ്റ ഹാരിസന്‍ ഉള്‍പ്പെടെയുള്ള തോട്ടംകുത്തകള്‍ നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വെച്ചിരിക്കുന്നത്. കേരള സമ്പദ് വ്യസ്ഥയിലേക്ക് തോട്ടംമേഖല യാതൊന്നും സംഭാവന നല്‍കുന്നില്ല. ഉയര്‍ന്ന തൊഴില്‍ വേദനം ലഭിക്കുന്നു എന്ന് പറയുന്ന കേരളത്തില്‍ തോട്ടംതൊഴിലാളികളുടെ വേദനം ഇപ്പോഴും 320 രൂപയാണ്. തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമിയോ, വീടോ അടിസ്ഥാന സൗകര്യങ്ങളോയില്ല. തോട്ടത്തില്‍ നിന്ന് പിരിയുമ്പോള്‍ ലയം (തൊഴിലാളി ക്വാർട്ടേർസ്) ഒഴിഞ്ഞു കൊടുക്കേണ്ടി വരും. പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതുകൊണ്ട് ലയം ലഭിക്കുന്നതിനു വേണ്ടി വിദ്യാസമ്പന്നരായ മക്കളെയും തോട്ടപ്പണിയ്ക്ക് വിടേണ്ട ഗതികേടിലാണ് മൂന്നാറിലെയും ഇടുക്കിയിലെയും ഇതര ഭാഗങ്ങളിലേയും ദളിതരായ തമിഴ് തോട്ടം തൊഴിലാളികള്‍. ഇപ്പോഴും ജാതിത്തൊഴിലുകളും അടിമത്വവും കൊളോണിയല്‍ നിയമങ്ങളുമാണ് തോട്ടംമേഖലയില്‍ നിലനില്‍ക്കുന്നത്.[6] മൂന്നാര്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങളിലും ലയങ്ങളിലും ഫാക്റ്ററികളിലും കക്കൂസ് ഉള്‍പ്പെടെയുള്ള ശുചീകരണ തൊഴിലുകള്‍ ചെയ്യുന്നത് ചക്ലിയ / അരുന്ധതിയാർ സമുദായമാണ്. കേരളത്തിലെ ക്ലാസ് ഫോര്‍ ജോലിക്കാരും കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ശുചീകരണ തൊഴിലാളികളും ആരെന്നും അവരുടെ സാമൂഹിക സ്ഥാനം (Social Location) എന്തെന്നും പരിശോധിച്ചാല്‍ പുരോഗമന കേരളത്തിന്റെ  വിചിത്രമായ ചില കണക്കുകള്‍ കിട്ടും. തോട്ടംമേഖലകളില്‍ ജാതിത്തൊഴിലുകളെയും അടിമത്തത്തേയും സ്ഥാപനവല്ക്കരിക്കാന്‍ കേരള മോഡലിന് കഴിഞ്ഞത് അതിന്റെ ആന്തരിക ഘടനയുടെ സവിശേഷത കൊണ്ടാണ്.  

Nilpu-samaram 1

ആദിവാസി നിൽപ് സമരം

ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും നടപ്പാക്കിയെങ്കിലും  ആദിവാസികള്‍ക്കും ദലിതര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും അതിന്റെ ഗുണഭോക്ത്താക്കളാകാൻ കഴിഞ്ഞില്ല. കാരണം, കേരളത്തിന്റെ മറ്റെല്ലാ മേഖലകളിലും എന്നപോലെ ഗ്രാമസഭകളുടെയും തദ്ദേശസയംഭരണ വകുപ്പുകളുടെയും നിയന്ത്രണവും സ്വാധീനവും പ്രബല സമുദായങ്ങള്‍ക്കും സംഘടിത പാര്‍ട്ടികള്‍ക്കും ആയിരുന്നു. അവിടെ വളരെ പരിമിതമായ സ്വാധീനമേ ദളിതര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ആദിവാസികള്‍ക്ക് യാതൊരുവിധ സ്വാധീനവും ഉണ്ടായിരുന്നില്ല . ആദിവാസികള്‍ക്കും ദളിതര്‍ക്കും ആടും കോഴിയും വാഴവിത്തും കിട്ടുന്ന പദ്ധതിയായി അത് മാറി.  ആവശ്യപ്പെട്ടതൊന്നുമല്ല അവര്‍ക്ക് നല്‍കിയത്. മുന്‍കാലങ്ങളിലെ പോലെ മുകള്‍ത്തട്ടില്‍ നിന്ന് കെട്ടിയിറക്കിയ വികസനപദ്ധതികളാണ് അവർക്ക് മേൽ അടിച്ചേല്‍പ്പിച്ചത്. ജനങ്ങള്‍ ആവശ്യപ്പെടുന്ന വികസനം ആയിരുന്നല്ലോ ജനകീയാസൂത്രണത്തിന്‍റെ അന്തസത്ത. ആദിവാസികളും ദലിതരും  നിരന്തരം ഭൂമി ആവശ്യപ്പെട്ടിട്ടും സമരം നടത്തിയിട്ടും അവയൊന്നും നല്കപ്പെട്ടില്ല. ആദിവാസികളുടെ  ഭരണഘടനാ പരിരക്ഷയായ സ്വയംഭരണാധികാരവും വനാവകാശവും ആദിവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സമരം ചെയ്തിട്ടും നടപ്പിലാക്കിയില്ല എന്നുമാത്രമല്ല ചര്‍ച്ചയ്ക്ക് പോലും എടുത്തില്ല. “കാർഷിക മേഖലയടക്കമുള്ള ഉൽപാദന മേഖലകളിൽ കാണത്തക്ക മാറ്റമൊന്നുമുണ്ടായില്ല. കർഷകർക്കും കർഷക തൊഴിലാളികൾക്കും നേട്ടങ്ങളൊന്നുംതന്നെ അനുഭവവേദ്യമായില്ല (ആഗോളവൽക്കരണം കൊണ്ടുള്ള പിന്നോട്ടടിയാണ്‌ പ്രധാന കാരണം). കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കി തൊഴിലില്ലായ്‌മയുടെ കാഠിന്യം കുറയ്‌ക്കാനും കഴിഞ്ഞില്ല” എന്ന് ജനകീയാസൂത്രണത്തിന്‍റെ ഏറ്റവും വലിയ പ്രചാരകരായ ശാസ്ത്രസാഹിത്യ പരിഷത്തിനും സമ്മതിക്കേണ്ടി വന്നു. “അധികാരം കയ്യാളുന്നവര്‍ താഴ്ത്തട്ടിലേക്ക് കൈമാറാന്‍ തയാറായില്ല. കീഴ്ത്തട്ടില്‍ ഉള്ളവര്‍ക്കാകട്ടെ അധികാരം കയ്യാളാനുള്ള ശീലവും പ്രാപ്തിയുമുണ്ടാകില്ല” എന്ന വിചിത്ര വാദമാണ് അധികാര വികേന്ദ്രീകരണത്തിന്‍റെ പരാജയത്തിനു ഡോ. തോമസ്‌ ഐസക് മുന്നോട്ട് വെച്ചത്. [1] ആദിവാസികള്‍ക്കും ദലിതര്‍ക്കും അധികാരം സ്വാംശീകരിക്കാനുള്ള ശേഷിയില്ല എന്ന് അവരുടെ കര്‍തൃത്വത്തെ തന്നെ റദ്ദ് ചെയ്തുകൊണ്ടാണ് അധികാര വികേന്ദ്രീകരണത്തിന്‍റെ പരാജയത്തെ അദ്ദേഹം ന്യായീകരിച്ചത്.

പരിസ്ഥിതിയെ കണക്കിലെടുക്കാതെ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങളും കോര്‍പറേറ്റ് പദ്ധതികളും കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിച്ചു. ജലസുലഭമായിരുന്ന കേരളത്തിന്റെ ഏഴിലതികം ജില്ലകള്‍ ഇന്ന് വരള്‍ച്ചാബാധിത പ്രദേശങ്ങളാണ്. വിഭങ്ങളുടെ ഉപയോഗത്തില്‍ ഒരു നിയന്ത്രണവും ഉണ്ടായില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളും, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള നിയമവും കേരള വിദ്യാഭ്യാസ ബില്ലും, ഭൂമി ഏറ്റെടുക്കാനുള്ള നിവേദിത പി ഹരന്‍, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മിറ്റി, ഡി സജിത്ത് ബാബു, ഡോ രാജമാണിക്യം ഉള്‍പ്പെടെ ആറു കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ നിരവധി നിയമങ്ങളും ബില്ലുകളും റിപ്പോര്‍ട്ടുകളും അട്ടിമറിച്ചു. കേരളത്തിന്റെ വിഭവങ്ങളെ കുത്തകള്‍ക്ക്‌ എഴുതിക്കൊടുക്കുന്ന നിയമനിര്‍മ്മാണങ്ങളുമാണ് കേരള മോഡലിനുള്ളില്‍ നടന്നത്.

പുകള്‍പെറ്റ കേരള മോഡല്‍ യാഥാര്‍ത്യമായെന്നു പറയപ്പെടുന്ന കാലഘട്ടം പരിശോധിച്ചാല്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഏത് തരത്തില്‍ വിശദ്ധീകരിക്കാന്‍ ശ്രമിച്ചാലും, സാമ്പത്തിക മുരടിപ്പിന്റെ കാലഘട്ടമാണ് എന്നു കാണാൻ സാധിക്കും. കേരളം രൂപീകൃതമാകുമ്പോള്‍ 2 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച 1986 ആകുമ്പോഴേക്കും 1.63 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ദേശീയ ശരാശരിയേക്കാള്‍ താഴെയായിരുന്നു ഇത്. പിന്നീട് കേരള സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവന്നത് വിദേശ കുടിയേറ്റവും വിദേശ വരുമാനവുമായിരുന്നു. ഉത്പാദന മേഖലയിലോ, ഉത്പാദന ബന്ധങ്ങളിലോ യാതൊരു ചലനവും സൃഷ്ടിക്കാത്ത കേരള മോഡല്‍ ചത്തു മലക്കാഞ്ഞത് മലയാളികള്‍ പ്രവാസികളായി ലോകത്തിന്‍റെ മുക്കിലും മൂലയിലും എത്തപ്പെട്ടത് കൊണ്ടാണ്. മനുഷ്യാധ്വാനത്തെ, ജീവിതത്തെ കയറ്റുമതി ചെയ്യുന്ന വികസന മാതൃകയായി കേരള മോഡല്‍ മാറി.

വിദേശ കുടിയേറ്റത്തെക്കുറിച്ചും സമ്പദ്ഘടനയെക്കുറിച്ചും സി. ഡി. എസില്‍ ഏഴോളം സമഗ്ര പഠനങ്ങള്‍ നടത്തിയ ഇന്ത്യയിലെ അറിയപ്പെടുന്ന ജനസംഖ്യാശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. ഇരുദയ രാജന്‍ കേരള മോഡലിനെ അടയാളപ്പെടുത്തിയത് “കുടിയേറ്റം ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ പട്ടിണി മരണം ഉണ്ടാകുമായിരുന്നു. കേരള മോഡല്‍ വായിക്കാന്‍ നല്ലതാണ്; പക്ഷെ കേരളത്തിന്‍റെ ഏത് ഭാഗത്തും ഇത് പ്രായോഗികമായി ബാധകമല്ല” എന്നാണ്. 1998 അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന Kerala Migration Study (KMS) ഉപസംഹരിക്കുന്നത് ഇങ്ങനെയാണ് “Migration has provided the single most dynamic factor, in the otherwise dismal scenario of Kerala in the last quarter of the twentieth century”. [7]

കേരള വികസന മാതൃകയെ അന്തര്‍ദേശീയ തലത്തില്‍ ആഘോഷിച്ച പ്രൊഫസര്‍ റിച്ചാര്‍ഡ് ഡബ്ല്യൂ. ഫ്രാങ്കി “Kerala:Radical Reform as Development in Indian State” പഠനത്തില്‍ കേരളത്തിന്‍റെ വികസന സവിശേഷതയുടെ ചരിത്രപരമായ കാരണങ്ങളും സാമൂഹിക പുറംന്തള്ളലും അന്വേഷിച്ചതേയില്ല.[8] ഭൂപരിഷ്ക്കരണാനന്തരം സംഭവിച്ച മഹത് വിപ്ലവമായിട്ടാണ് അദ്ദേഹം കേരള മോഡല്‍ മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് 1989 വരെയുള്ള കേരളത്തിന്‍റെ വികസന മുരടിപ്പിനാലും മാന്ദ്യത്തിനാലും തൊഴിലില്ലായ്മയാലും  ദാരിദ്രത്തിനാലും നടന്ന  അതിജീവന വിദേശ കുടിയേറ്റങ്ങള്‍ കേരള വികസന  മാതൃകയുടെ  വെറും “ദൌര്‍ബല്യം” മാത്രമായാണ് മനസ്സിലാക്കിയത്. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ അതിനിര്‍ണ്ണായകമായ വിദേശ കുടിയേറ്റങ്ങളും വിദേശപണവും സമ്പദ് വ്യവസ്ഥയും “ദൗർബല്യം” മാത്രമല്ലെന്ന് തെളിയിക്കുക മാത്രമല്ല, വികസന മാതൃകയുടെ വാദങ്ങളെ കടപുഴക്കി എറിയുക കൂടി ചെയ്തു.  

കേരള വികസന മാതൃകയിലെ ഏറ്റവും ഒടുവിലെ പദ്ധതിയാണ് ലൈഫ് പാര്‍പ്പിട പദ്ധതി. ഭൂമിയും വാസയോഗ്യവുമായ പാര്‍പ്പിടവും ആവശ്യപ്പെട്ട 2,29310 ഭൂരഹിത കുടുംബങ്ങളേയും 572000 ഭാവനരഹിത കുടുംബങ്ങളേയും നാനൂറ് സ്വയര്‍ ഫീറ്റ് മുറികൾക്കുള്ളിൽ തളച്ചിടുന്ന ആധുനിക കോളനി പദ്ധതിയാണ് ലൈഫ് പദ്ധതി. ദലിത് ആദിവാസികളുടെ ഭൂമി എന്ന ആവശ്യത്തെ റദ്ദ് ചെയ്യുന്ന ലൈഫ് പദ്ധതി ഭൂപരിഷക്കരണാനന്തരം നടന്ന കോളനികളുടെ വിപുലീകരണമാണ് നടത്തുന്നത്. തൃശൂര്‍ പൂളാക്കിലെയും വില്ലിടത്തെയും ഉള്‍പ്പെടെ കേരളത്തിലെ നിരവധി ഫ്ലാറ്റ് പദ്ധതികള്‍ കോളനികളായി പരിണമിച്ചു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും ആദിവാസികളെയും ദലിതരെയും കോളനിവല്ക്കരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഏറ്റവും വലിയ ചതി ഫ്ലാറ്റുകളുടെ ഉടമസ്ഥത ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് ആയിരിക്കില്ല, തദ്ദേശ സ്വയംഭരണ വകുപ്പിന് ആയിരിക്കും എന്നതാണ്. ഗുണഭോക്താക്കള്‍ക്ക് ആജീവനാന്തം ഫ്ലാറ്റുകളില്‍ വാടകക്കാരെ പോലെകഴിയാം എന്നല്ലാതെ യാതൊരുവിധ ഉടമസ്ഥതയും അധികാരവും സ്വത്തുടമസ്ഥതയും ഉണ്ടായിരിക്കില്ല.[9] ഉത്പാദന മേഖല, കാര്‍ഷിക മേഖല, വിവിധ വികസന പദ്ധതികള്‍, ആദിവാസി ദലിത് പദ്ധതികള്‍ തുടങ്ങി നിരവധി കേരള മോഡല്‍ വികസന പദ്ധതികള്‍ അടിസ്ഥാന ജനതയെ പുറംന്തള്ളുകയായിരുന്നു എന്നതിനു ഇനിയും നിരവധി ഉദാഹരണങ്ങളും തെളിവുകളുമുണ്ട്. കേരള മോഡല്‍ കേരളത്തിലെ ആദിവാസികളെയും ദളിതരെയും പാര്‍ശ്വവല്‍കൃതരെയും പുറംന്തള്ളുന്ന വികസന മാതൃകയായിരുന്നു.

ആരോഗ്യമേഖലയുടെ ആവിര്‍ഭാവം

വിദ്യാഭ്യാസ പുരോഗതി, വാസയോഗ്യമായ പാര്‍പ്പിടം, ആവാസവ്യവസ്ഥ, കുടിവെള്ളം, ശുചിത്വം,  സാമൂഹിക രാഷ്ട്രീയ വികാസം, സ്ത്രീ വിദ്യാഭ്യാസം എന്നിവ കേരളത്തിന്‍റെ പൊതുജന ആരോഗ്യത്തെ ശക്തിപ്പെടുത്തിയെങ്കിലും ആധുനിക ചികിത്സാ സമ്പ്രദായത്തിന്‍റെ വികാസമാണ് ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും അതിനിര്‍ണ്ണായകമായി മാറിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തില്‍ പോലും മലബാറില്‍ വസൂരിയും അതിസാരവും കാരണം ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്ന അവസ്ഥയായിരുന്നു. [10] തിരുവിതാംകൂറിലും സമാനമായിരുന്നു അവസ്ഥ. വസൂരി വന്നവരെ മരണത്തിനു വിട്ടുകൊടുത്തു കൊണ്ട് പായില്‍ പൊതിഞ്ഞു ദൂരെ കൊണ്ടിടുകയായിരുന്നു. ആധുനിക ചികിത്സാ സമ്പ്രദായത്തിന്‍റെ ആവിര്‍ഭാവത്തോടെയാണ് ഇതിനു അറുതിവരുന്നത്.

തിരുവിതാംകൂറില്‍ 1811ല്‍ ആധുനിക ചികിത്സ സമ്പ്രദായം എത്തിയെകിലും സംശയദൃഷ്ടിയോടാണ് അധികാരികളും ഉദ്യോഗസ്ഥരും സമീച്ചിരുന്നത്. “1813 ൽ വസൂരി പടർന്ന് പിടിച്ചപ്പോൾ, അന്ന് റസിഡ്ന്റ് – ദിവാൻ പദവികൾ ഒരുമിച്ച് വഹിച്ചിരുന്ന കേണൽ മൺറോയുടെ നിർദേശപ്രകാരം റാണി ഗൗരി ലക്ഷ്മി ബായി ചെറിയ ഒരു വാക്സിനേഷൻ വകുപ്പ് രൂപീകരണത്തിന് അനുമതി നൽകി. റസിഡന്റിന്റെ ഡോക്ടർ ആയിരുന്ന ഡോ. പ്രോവൻ ആയിരുന്നു അതിന്റെ തലവൻ. റസിഡന്റിന്റെ സ്വാധീനം വഴി കൊട്ടാരത്തിൽ ആധുനിക വൈദ്യശാസ്ത്രം പ്രവേശനം നേടിയെങ്കിലും, അത് ലഭ്യമായ സവർണ ജാതി ജനങ്ങൾക്ക് പോലും അത് ഭീതിയുളവാക്കുന്ന ഒരു അപരിചിത ചികിത്സാ  രീതിയായിരുന്നു. അതുകൊണ്ട് തന്നെ റാണിയും രാജകുടുമ്പാംഗങ്ങളും ആദ്യം വസൂരി പ്രതിരോധ കുത്തിവയ്പ് എടുത്തു ധൈര്യം പകർന്നു. [11:Page 208]

റീജന്റ് ഗൗരി പാർവ്വതി ബായിയുടെ കാലത്ത്, 1819ൽ ഡോ. പ്രോവൻ കൊട്ടാരം ഡോക്ടറായി (Durbar physician) നിയമിക്കപ്പെട്ടു. അതേ വർഷം, രാജഭൃത്യന്മാർക്കു വേണ്ടിയും തിരുവിതാംകൂർ പട്ടാളമായ നായർ ബ്രിഗേഡിനു വേണ്ടിയും തിരുവനന്തപുരത്ത് ഓരോ ഡിസ്പെൻസറികൾ തുറന്നു. ഒന്ന് കോട്ടയ്ക്കകത്ത് കൊട്ടാരത്തിൽ, ഒന്ന് പട്ടാളത്തിന്റെ പാളയത്ത്. [12:പേജ് 369] 1846ൽ രാജഭരണമേറ്റ ഉത്രം തിരുനാളിന്റെ കാലത്ത് ആദ്യത്തേത് വികസിച്ച് കൊട്ടാരത്തിൽ നിന്നും വേർപെടുത്തി കോട്ടയ്ക്കകം ഡിസ്പെൻസറി ആയി. വടക്കേ കോട്ടയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഗവ: താലൂക്ക് ആശുപത്രി അഥവാ ഫോർട്ട് ആശുപത്രിയായി പിന്നീടത് വികസിച്ചു. രണ്ടാമത്തേത് ഇന്നത്തെ നിയമസഭാ മ്യൂസിയം കെട്ടിടമാണ്. എന്നാൽ മേൽ പറഞ്ഞവയൊന്നും ആദ്യകാലത്ത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ആശുപത്രികളായിരുന്നില്ല. കൊട്ടാരം/റസിഡൻസി ഉദ്യോഗസ്ഥരും നായർ പട്ടാളവും ജയിൽപുള്ളികളും ഉപഭോക്താക്കളായ മരുന്ന്ശാലകൾ മാത്രം. കോട്ടയ്ക്കകത്തു താഴ്ന്ന ജാതിക്കാർക്കും സാധാരണ ജനങ്ങൾക്കും പ്രവേശനമില്ലായിരുന്നല്ലോ. ഉത്രം തിരുനാൾ സ്ഥാപിച്ച മേൽ വിവരിച്ച കോട്ടയ്ക്കകം ഡിസ്പെൻസറി കിടക്കകളുള്ള ആശുപത്രിയാവുന്നത് 1887 ലാണ്. ശ്രീമൂലം തിരുനാളാണ് അതിനെ കോട്ടയ്ക്കകം ആശുപത്രിയാക്കുന്നത്. ഉത്രം തിരുനാളിനു മുമ്പ് സ്വാതി തിരുനാൾ മഹാരാജാവാണ് ആദ്യമായി (1837ൽ) കിടക്കകളോടുകൂടിയ ഒരു ‘ധർമ്മാശുപത്രി’ തൈക്കാട് സ്ഥാപിക്കുന്നത്  (ഇതിനു മുമ്പ് 1818-19ൽ സ്ഥാപിച്ച ഒരു ഡിസ്പെൻസറി ജയിൽ പുള്ളികളുടെ ആവശ്യത്തിന് തൈക്കാട്ട് ഉണ്ടായിരുന്നതായി സൂചനയുണ്ട്). എങ്കിലും പരിമിതമായ രീതിയിൽ മാത്രമെ ധർമ്മാശുപത്രി പ്രവർത്തിച്ചുള്ളൂ, 1905ൽ ഡോ. മേരി പുന്നൻ ലൂക്കോസ് ചുമതലയേറ്റ് അതിനെ പ്രസവാശുപത്രിയായി വികസിപ്പിക്കുന്നതു വരെ [12:പേജ് 370,371]. ഈ ആശുപത്രി Women and Childen’s Hospital ആയി വികസിച്ച് ഇന്നും നിലനിൽക്കുന്നു. ഇന്നത്തെ കെട്ടിടം 1917ൽ പണിതതാണ്”. [13]

civil hospital trivandrum 1900

1900 ലെ സിവിൽ  ഹോസ്പിറ്റൽ, തിരുവനന്തപുരം  Zacharias D’Cruz. Courtesy: The British Library

1865 ല്‍ ആയില്യം തിരുന്നാള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച സിവില്‍ ആശുപത്രിയാണ് പൊതുജനങ്ങള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കിയ ആദ്യത്തെ ആശുപത്രി. ഇന്ന് അത് ജനറല്‍ ആശുപത്രി എന്നാണ് അറിയപ്പെടുന്നത്. ജാതി തിരിച്ചുള്ള വാര്‍ഡുകള്‍ ഉണ്ടായിരുന്ന സിവില്‍ ആശുപത്രിയില്‍ ആദ്യം താഴ്ന്ന ജാതികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. പുലയര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന ജാതിക്കാര്‍ ദൂരെ മാറി നില്‍ക്കുകയും, ഡോക്ടര്‍ എല്ലാവരെയും ചികിത്സിച്ചു കഴിയുമ്പോള്‍ രോഗ വിവരം ദൂരെ നിന്ന് ചോദിച്ചറിയുകയും കമ്പൗണ്ടരുടെ കൈയ്യില്‍ മരുന്ന് കൊടുത്തു വിടുകയുമായിരുന്നു ചെയ്തിരുന്നത്. സമാനമായ രീതിയില്‍ 1870 നു അകം കൊല്ലത്തും ആലപ്പുഴയിലും കോട്ടയത്തും ആശുപത്രികള്‍ നിര്‍മ്മിച്ചു. 1905 ലാണ് പുലയര്‍ക്ക് പ്രത്യേകമായി ചികിത്സാ വാര്‍ഡ്‌ സിവില്‍ ആശുപത്രിയില്‍ ഉണ്ടാകുന്നത്. [14]

london missionaries education trivandrum

ലണ്ടന്‍ മിഷനറീസ് സൊസൈറ്റി(LMS) കീഴിൽ പത്തോൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യഅഭ്യസിക്കുന്ന കുട്ടികൾ. കടപ്പാട് : I H HACKER, A HUNDRED YEARS IN TRAVANCORE

തിരുവിതാംകൂറില്‍ ആദ്യമെത്തിയ മിഷനറി റിംഗല്‍ട്യൂബ് 1806ല്‍ ലണ്ടന്‍ മിഷനറീസ് സൊസൈറ്റി (LMS) സ്ഥാപിക്കുകയും മെഡിക്കല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതോട് കൂടിയാണ് തിരുവിതാംകൂറില്‍ ജാതി ഭേദമന്യേ പുലയര്‍ക്കും പറയര്‍ക്കും കുറവര്‍ക്കും വേടര്‍ക്കും നാടാര്‍ക്കും ആധുനിക ചികിത്സത വ്യാപകമായി ലഭ്യമായി ലഭിച്ചു തുടങ്ങുന്നത്. ‘ചര്ച്ച്’നെ മനുഷ്യ ശരീരവുമായി ഉപമിച്ചാല്‍ വിദ്യാഭ്യാസത്തെ വലം കൈയ്യായും ആരോഗ്യ പ്രവര്‍ത്തനത്തെ ഇടം കൈയ്യുമായാണ് മിഷനറി പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. [15] വിദ്യാഭ്യാസ മേഖലയുടെയും ആരോഗ്യ മേഖലയുടെയും ഏറിയ പങ്കും ക്രിസ്ത്യന്‍ സഭകളുടെ കൈയ്യില്‍ എത്തിയതിന്റെ കാരണവും ഇത് തന്നെയാണ്. തിരുവിതാംകൂറില്‍ എത്തിയ മെഡിക്കല്‍ മിഷനറി എ റാംസെ (Archibald Ramsay) 1838 ൽ ആരംഭിച്ച നെയ്യൂർ മെഡിക്കൽ മിഷൻ ആണ് കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ അടിസ്ഥാനമിട്ടത്. പ്രവര്‍ത്തനം ആരംഭിച്ചു മൂന്ന് മാസം കൊണ്ട് 1500 പേരെയാണ് അദ്ദേഹം പരിചരിച്ചത്. മിഷനറി പ്രവര്‍ത്തകനായ ഡോ ചാള്‍സ് ലെയ്ച്ച് 1854 ല്‍ 5318 പേരെയും 1854 മുതലുള്ള ഏഴുവര്‍ഷം കൊണ്ട് ഡോ ജോണ്‍ ലോവ് 37000 പേരെ ചികിത്സിക്കുകയും 11000 പേര്‍ക്ക് വാക്സിനും നല്‍കുകയും ചെയ്തു. ഡോ ലോവ് 1964ല്‍ നെയ്യൂരില്‍ മെഡിസിന്‍ സര്‍ജറിയും പഠിപ്പിക്കുന്നതിന് മൂന്നര വര്‍ഷത്തെ ഒരു കോഴ്സും ആരംഭിച്ചു. [15]

“ഗാസ്ട്രിക് അൾസറിനുള്ള ശസ്ത്രക്രിയ കൊണ്ടുവന്നത് ഡോ. പ്യൂ ആയിരുന്നു. 1923ൽ നെയ്യൂരിൽ സ്ഥാപിച്ച എക്സ് റേ മെഷീൻ ദക്ഷിണേന്ത്യയിൽ മദ്രാസിനു ശേഷമുള്ള ആദ്യത്തേതായിരുന്നു.[14:പേജ് 127] ഡോ. സോമർവെൽ ശസ്ത്രക്രിയാ വിദഗ്ധൻ മാത്രമല്ല, ഇന്ത്യയിൽ ആദ്യമായി കാൻസർ രോഗികൾക്ക് റേഡിയം ട്രീറ്റ്മെന്റ് 1930ൽ നെയ്യൂരിൽ ആരംഭിക്കുകയും ചെയ്ത പ്രശസ്തനായിരുന്നു. കേരളത്തിൽ ആദ്യമായി 1951ൽ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആരംഭിക്കാൻ വേണ്ടി രൂപീകരിച്ച കമ്മിറ്റിയിൽ സർക്കാർ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. ഏക വനിതാ മെഡിക്കൽ മിഷണറി ആയിരുന്നു ഡോ ഡോറതി തോംസൺ. ഇന്ത്യയിൽ ആദ്യമായി കാൻസർ റേഡിയേഷൻ ചികിത്സയ്ക്കുള്ള ലീനിയർ ആക്സലറേറ്റർ(linear accelerator) നെയ്യൂർ ആശുപത്രിയിലായിരുന്നു സ്ഥാപിച്ചത്. ആശുപത്രിക്ക് സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ 1955നോടടുപ്പിച്ച് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിന് അത് വിൽക്കുകയാണുണ്ടായത്”. [13]

1863 -64 കാലയളവില്‍ മാത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ 9 ആശുപത്രികള്‍ സ്ഥാപിച്ചു. 1865നു ശേഷം വ്യാപകമായി സർക്കാർ ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു. 1869ല്‍ സ്ഥാപിച്ച മെഡിക്കല്‍ സ്കൂളും 1878ല്‍ മാനസിക രോഗികള്‍ക്കായി സ്ഥാപിച്ച ആശുപത്രിയും ഇതില്‍ ഉള്‍പ്പെടുന്നു. 1867- 68 ല്‍ 2000 പുലയര്‍ക്ക് വാക്സിനേഷന്‍ നല്‍കി. 1870ൽ രണ്ട് പുലയ യുവാക്കളെ ട്രെയ്നിംഗ് നൽകി പുലയ വാക്സിനേറ്റർമാരാക്കി. താഴ്ന്ന ജാതിയില്‍പ്പെട്ട പുലയര്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കാനും വാക്സിന്‍ നല്‍കാനും ഉന്നത ജാതിക്കാര്‍ മടിച്ചതിനെ തുടര്‍ന്നാണ് എൽ എം എസിൽ ചേർന്ന് വിദ്യാഭ്യാസം നേടിയ തിരുവനന്തപുരത്തെ രണ്ട് പുലയ യുവാക്കളെ ഇതിനായി തെരഞ്ഞെടുത്തത്.

1879-80 Travancore Administrative Report പ്രകാരം 105 ബ്രാഹ്മണരെ കിടത്തിയും 1714 പേരെ ഔട്ട്‌ പേഷ്യന്റായും, 90 ക്ഷത്രിയ വിഭാഗത്തിൽ പെട്ടവരെ കിടത്തിയും 576 പേരെ ഔട്ട്‌ പേഷ്യന്റായും, 308 നായന്മാരെ കിടത്തിയും 2680 പേരെ ഔട്ട്‌ പേഷ്യന്റായും, 213 ഈഴവരെ കിടത്തിയും 1570 പേരെ ഔട്ട്‌ പേഷ്യന്റായും, പുലയരും പറയരും ഉള്‍പ്പെടെയുള്ള 55 കിടത്തിയും 857 പേരെ ഔട്ട്‌ പേഷ്യന്റായും 35 മുസ്ലീങ്ങളെ കിടത്തിയും 653 പേരെ ഔട്ട്‌ പേഷ്യന്റായും, 245 തദ്ദേശീയരായ ക്രിസ്ത്യാനികളെ കിടത്തിയും 2527 പേരെ ഔട്ട്‌ പേഷ്യന്റായും മൊത്തം 1152 പേരെ കിടത്തിയും 12405 പേരെ ഔട്ട്‌ പേഷ്യന്റായും സര്‍ക്കാര്‍ ചികിത്സ നല്കിയിട്ടുണ്ട്. തദ്ദേശീയരായ ക്രിസ്ത്യാനികളില്‍ പറയരും പുലയരുമായ ഉള്‍പ്പെട്ടിരുന്നു എന്നും പഠനങ്ങളില്‍ കാണുന്നുണ്ട്. [14][15]. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് വിഭിന്നമായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ കടുത്ത ജാതീയ വിവേചനങ്ങളും അതിക്രമങ്ങളും നടക്കുമ്പോഴും താഴ്ന്ന ജാതി ജനവിഭാഗങ്ങൾക്ക് ആധുനിക ചികിത്സ അതിവിപുലമായ അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ കൂടി ലഭിക്കുവാന്‍ തുടങ്ങിയിരുന്നു എന്നാണ് ഇതിനര്‍ത്ഥം.

ചർച്ച് മിഷനറി സൊസൈറ്റിയുടെയും (CMS), സാൽവേഷൻ ആർമിയുടെയും വിവിധ മിഷനറി പ്രവർത്തകരുടെയും നേതൃത്വത്തിൽ കൊച്ചിയിലും മലബാറിലും ആധുനിക ചിൽത്സയ്ക്കുള്ള ആശുപത്രികൾ സ്ഥാപിച്ചിരുന്നു. 1870 ൽ  ചർച്ച് മിഷനറി സൊസൈറ്റിയ്ക്ക്  മാവേലിക്കരയിലും കണ്ണംകുളത്തും തിരുവല്ലയിലും ആശുപത്രികൾ ഉണ്ടായിരുന്നു. 1930 ൽ ഉൾനാടൻ മേഖലകളിൽ ആധുനിക ചികിത്സ നടത്താൻ അവർ രണ്ട് ബോട്ടുകൾ ആശുപത്രിയായി പരിവർത്തനപ്പെടുത്തിയിരുന്നു. [14]

1896-97ല്‍ മിഷനറി ക്രിസ്ത്യന്‍ ആശുപത്രികള്‍ 22055 രോഗികളെ ചികിത്സിച്ചപ്പോള്‍ സര്‍ക്കാര്‍ 3,33,199 രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന തരത്തിലേക്ക് വികസിച്ചു. 1904 തിരുവിതാംകൂറില്‍ മാത്രം 12 എയിഡഡ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 56 മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂഷന്‍സ് ഉണ്ടായിരുന്നു. 1897 ഒരുലക്ഷം ജനസംഖ്യയ്ക്ക് 34 ബെഡുകള്‍ ഉള്ള പ്രവിശ്യയായി തിരുവിതാംകൂര്‍ മാറിയിരുന്നു. ഇതേ വര്‍ഷം ബ്രിട്ടീഷ് മദ്രാസില്‍ 14 ബെഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.1930 ആകുമ്പോഴേക്കും എല്‍ എം എസ് ആശുപത്രികള്‍ ചികിത്സിച്ച രോഗികളുടെ എണ്ണം 1,45532 ഉം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിച്ച രോഗികളുടെ 19,75328 എണ്ണം ആയി ഉയര്‍ന്നു. ഈക്കാലയളവില്‍ സാര്‍വത്രികമായ ആരോഗ്യ പരിചരണം, ആരോഗ്യസുരക്ഷ എന്ന കാഴ്ചപ്പാടിലേക്ക് എത്തിയിരുന്നു.

1928ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ റോക്ക്ഫെല്ലെര്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് ഗ്രാമീണ മേഖലകളില്‍ മന്തുരോഗവും  കൊക്കൊപ്പുഴു രോഗവും നിയന്ത്രിക്കാന്‍ നടത്തിയ സര്‍വ്വേയും അതിസാരവും കോളറയും നിയന്ത്രിക്കാന്‍ നടത്തിയ പ്രവര്ത്തനങ്ങളുമാണ് കേരളത്തിന്റെ പ്രാഥമിക ആരോഗ്യ മേഖലയ്ക്ക് അടിത്തറപാകിയത്‌. 1900 മുതല്‍ ഗണ്യമായ തുക ആധുനിക ചികിത്സയ്ക്കായി സര്‍ക്കാര്‍ മേഖലയിലും എയിഡഡ് സ്ഥാപനങ്ങല്‍ക്കുമായി ഗ്രാന്റായും ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സയ്ക്കായും സര്‍ക്കാര്‍  ചിലവഴിച്ചു തുടങ്ങി. 1930 കളിലെ കോളറ വ്യാപനത്തിന് ശേഷം സംസ്ഥാന നികുതിയുടെ നിശ്ചിത തുക ആരോഗ്യ മേഖലയ്ക്കായി നീക്കിവെച്ചു തുടങ്ങി.  കേരളം രൂപീകൃതം ആകുന്നതിനു മുന്‍പ് മലബാര്‍ ആരോഗ്യ രംഗം എവിടെ എത്തി എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ്‌ 1951 പണികഴിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇന്നത്തെ ബീച്ച് ഹോസ്പിറ്റല്‍. 1950ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു ചിത്തിര തിരുനാൾ ബാലരാമവർമ്മ തറക്കല്ലിടുകയും 1951 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1956 നവംബര്‍ ഒന്നിന് കേരളം രൂപീകൃതമാകുമ്പോള്‍ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യം, ചികിത്സ, പൊതുജന ആരോഗ്യപരിരക്ഷയിലേക്ക് കേരളം മാറിയിരുന്നു.

ayyankali real photo

മഹാത്മാ അയ്യൻകാളി, കടപ്പാട് : ചെറായി രാമദാസ്, അയ്യൻകാളിയ്ക്ക് ആദരത്തോടെ

ആധുനിക ചികിത്സ അധസ്ഥിതര്‍ക്ക് ലഭ്യമാകുന്നതിനു ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മാ അയ്യന്‍കാളി തിരുവിതാംകൂര്‍ സർക്കാറിന് നിവേദനം നല്‍കുന്നുണ്ട്. മാത്രമല്ല പുലയര്‍ക്ക് പ്രത്യേക വാര്‍ഡുകള്‍ വേണമെന്നും പുലയരെ പരിശീലനം നല്‍കി അവിടെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. [17] ഇത് നിരന്തരമായി സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അയ്യന്‍കാളി പ്രജാസഭയിലേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നതിനു മുന്‍പ് അയ്യങ്കാളിയില്‍ നിന്നും മറ്റും കാര്യങ്ങള്‍ കേട്ടറിഞ്ഞു പുലയരുടെ ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിരുന്ന പി കെ ഗോവിന്ദപ്പിള്ള 1911 ഫെബ്രവരിയില്‍ നടത്തിയ പ്രസംഗത്തില്‍ “മറ്റു ജാതിക്കാരായ രോഗികള്‍ക്ക് മരുന്ന് കൊടുത്ത് തീരുന്നത് വരെ അവര്‍ കാത്തു നില്‍ക്കെണ്ടിയിരിക്കുന്നു. അതിനു ശേഷം അകലെ നിന്ന് വല്ല മരുന്നും എറിഞ്ഞു കൊടുക്കും. ജനറല്‍ ആശുപത്രിയില്‍ ഇപ്രകാരം നടക്കുന്നുണ്ട്. ഭ്രാന്താശുപത്രിയില്‍ ഒന്നുരണ്ട് പുലയരായ ഭ്രാന്തന്മാര്‍ക്ക് പ്രവേശനം നല്‍കിയില്ല” എന്ന് അദ്ദേഹം സഭയെ അറിയിക്കുന്നുണ്ട്. [18] പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ നടന്ന സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളുമാണ് എല്ലാവർക്കും തുല്യ അവകാശവും, തുല്യ പരിഗണനയും എന്ന തത്വത്തിലേക്ക് തിരുവിതാംകൂർ സര്‍ക്കാരിനെ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായതും  ആരോഗ്യമേഖലയെ സാര്‍വത്രികമാക്കിയതും.

വിദ്യാഭ്യാസ മേഖലയുടെ ആരംഭം, വികാസം, ഇടപെടലുകള്‍

തിരുവിതാംകൂറില്‍ ആദ്യമെത്തിയ മിഷനറി റിംഗല്‍ട്യൂബാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്കൂള്‍ നാഗര്‍കോവിലിന് അടുത്തുള്ള മൈലാടിയില്‍ (Mylaudy) 1809ല്‍ ആരംഭിക്കുന്നത്. 1816 ആകുമ്പോഴേക്കും  പള്ളിയോട് ചേര്‍ന്ന് വിദ്യയഭ്യസിക്കാന്‍ 6 പള്ളിക്കൂടങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു കഴിഞ്ഞിരുന്നു. ക്രിസ്ത്യാനികളും, പ്രത്യേകിച്ച് മതം മാറിയ താഴ്ന്ന ജാതിയില്‍പ്പെട്ട ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ഉള്‍പ്പെടെ ഇവിടെ പ്രവേശനം അനുവദനീയമായിരുന്നു. അതുവരെ ആശാന്‍ പള്ളിക്കൂടങ്ങളിലൂടെയും ഗുരുകുല സമ്പ്രദായത്തിലൂടെയും സവര്‍ണ്ണര്‍ക്ക്  മാത്രമാണ് വിദ്യയഭ്യസിക്കാൻ അനുവാദം ഉണ്ടായിരുന്നത്. കേരളത്തിലെ അയിത്തജാതി വിഭാഗങ്ങൾക്ക് പ്രവേശനം അനുവദനീയമായ ഇവിടെ നിന്നാണ്  പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. താഴ്ന്ന ജാതി കുട്ടികള്‍ പള്ളിക്കൂടങ്ങളില് പഠിക്കുന്നത് കൊണ്ട് തന്നെ ഉയര്‍ന്ന ജാതിക്കാരായ കുടുംബങ്ങൾ തങ്ങളുടെ മക്കളെ അവിടെയ്ക്ക് വിടാന്‍ വിമുഖത കാട്ടി. കേരളത്തില്‍ ആദ്യമെത്തിയ മിഷനറിമാര്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും ജാതീയമായ വിവേചനങ്ങളിലൂടെ അയിത്തജാതിക്കാര്‍ക്ക് പഠനം  നിഷേധിക്കുന്നതിനെക്കുറിച്ചും പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ കൂടുതല്‍ പൊതുവിദ്യാലയങ്ങള്‍ ആരംഭിക്കുകയും എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു, ക്രിസ്ത്യൻ മതപരിവര്‍ത്തനം ഒരു ലക്‌ഷ്യം ആയിരുന്നെങ്കില്‍ കൂടി.  

1817 ല്‍ റാണി ഗൗരിപാര്‍വ്വതിഭായ് നടത്തിയ രാജവിളംബരമാണ് കേരള പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായി മാറിയത്. എങ്കിലും,  തിരുവിതാംകൂർ സർക്കാർ 1836 ൽ മാത്രമാണ്  ഒരു സ്കൂൾ തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. വേദ പഠനങ്ങള്‍ക്കപ്പുറം ആധുനിക വിദ്യാഭ്യാസം നേടണമെന്ന് ഹിന്ദു സ്റ്റേറ്റ് അതുവരെ കരുതിയിട്ടേയില്ല. പൊതുവായി പഠിക്കുക വിജ്ഞാനം നേടുക എന്നത് ആര്‍ഷ ഭാരത സംസ്കാരം ആയിരുന്നില്ലല്ലോ ! ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലും താല്പര്യം തോന്നിയ സ്വാതിതിരുന്നാൾ സ്കൂൾ നിർമ്മിക്കുന്നതിന് നാഗർകോവിലിൽ എൽ എം എസ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന റോബർട്ട്സിനെ ചുമതല ഏൽപ്പിക്കുകയായിരുന്നു. ഇതാണ് പിന്നീട് യൂണിവേഴ്‌സിറ്റി കോളേജായി വികസിച്ചത്. 1842ല്‍ ആണ്‍കുട്ടികള്‍ക്കായി 14 സ്കൂളും പെണ്‍കുട്ടികള്‍ക്കായി 3 സ്കൂളും തിരുവനന്തപുരത്ത് മാത്രം ഉണ്ടായിരുന്നു. 1845 ല്‍ ആണ്‍കുട്ടികള്‍ക്കായി 12 ഉം പെണ്‍കുട്ടികള്‍ക്കായി 3 സ്കൂളും ചേര്‍ത്ത് 15 ഗ്രാമീണ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.  1852, ആണ്‍കുട്ടികള്‍ക്കായി 14ഉം പെണ്‍കുട്ടികള്‍ക്കായി  8ഉം ചേര്‍ത്ത് 22 ഗ്രാമീണ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. 1890ല്‍ പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനു വിദ്യാലയങ്ങള്‍ ആരംഭിച്ചു. 1865ലെ കണക്ക് പ്രകാരം 6 ബോര്‍ഡിംഗ് സ്കൂള്‍ ഉള്‍പ്പെടെ 47 പെണ്‍കുട്ടികളുടെ സ്കൂളുകള്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. [19][15][20]

തിരുവിതാംകൂറില്‍ ആദ്യ സ്കൂള്‍ ആരംഭിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1817ല്‍ ചര്ച്ച് മിഷനറീസ് സൊസൈറ്റിയുടെ കീഴില്‍  ജോണ്‍ മണ്‍റോയുടെ നേതൃത്വത്തില്‍ ആദ്യ കോളേജ് കോട്ടയത്ത് നിര്‍മ്മിച്ചു. ഇതാണ് കോട്ടയം സി എം എസ് കോളേജ്. തുടര്‍ന്ന് മധ്യതിരുവിതാംകൂറിലും എല്‍ എം എസ്സിന്‍റെ നേതൃത്വത്തില്‍ കൊല്ലത്തും നിരവധി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. 1894 ആകുമ്പോഴേക്കും സര്‍ക്കാരിനു കീഴില്‍ 225 സ്കൂളുകളും സ്വകാര്യ മേഖലയില്‍ 1388 സ്കൂളുകളും സ്ഥാപിക്കുകയും ഇവിടെയെല്ലാം കൂടി മൊത്തം 57314 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു ആയിരത്തി എണ്ണൂറ്റി അറുപതുകളോട് കൂടി ഗ്രാമീണ മേഖലയിൽ സർക്കാർ സ്കൂളുകൾ ആരംഭിച്ചെങ്കിലും അയിത്തജാതിക്കാരായ കുട്ടികളെ അവിടെ പ്രവേശിപ്പിക്കാൻ ജാതി ഹിന്ദുക്കൾ അനുവദിച്ചില്ല.  

തിരുവിതാംകൂര്‍ ദിവാനായി മാധവ് റാവു (1962 – 74)ല്‍ ചുമതയേറ്റ ശേഷം നിരവധി പരിഷ്ക്കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തി. വിദ്യാഭ്യാസത്തിനായി നിശ്ചിത തുക മാറ്റി വെയ്ക്കുക എന്നതായിരുന്നു അവയില്‍ പ്രധാനം. ഓരോ താലൂക്കിലും സര്‍ക്കാര്‍ സ്കൂളുകള്‍, അധ്യാപകര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിനായി ട്രെയിനിംഗ് സ്കൂള്‍, വിദ്യാഭ്യാസ ഗ്രാന്റുകളോടെ സ്വകാര്യ ഏജന്‍സികള്‍ക്ക് സ്കൂള്‍ തുടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുക, കുട്ടികള്‍ക്ക് എഴുതുന്നതിനും വായിക്കുന്നതിനും ബുക്ക് നല്‍കുന്നതിനും പഠനസാമഗ്രികള്‍ നല്‍കുന്നതിനു ഒരു പഠന സമിതി നിയോഗിച്ചു എന്നിവ അദ്ദേഹം നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ ആയിരുന്നു. 1969 ല്‍ ഗ്രാന്റ് ഇന്‍ എയിഡഡ്  വ്യവസ്ഥയില്‍ സ്കൂളുകള്‍ ആരംഭിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി.  ഇത്തരം നടപടികളെല്ലാം സ്വീകരിക്കുന്നതിനു പിന്നില്‍ മിഷനറി പ്രവര്‍ത്തകരുടെ ശക്തമായ സമ്മര്‍ദ്ധവും ഉണ്ടായിരുന്നു.

എന്‍പതുകളോട് കൂടി നിരവധി ഗ്രാമീണ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സമാനമായി കൊല്ലത്തും മധ്യതിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരവധി സ്കൂളുകളും കോളെജുകളും സ്ഥാപിക്കപ്പെടുകയും വിദ്യാഭ്യാസ മേഖല പുരോഗമിക്കുകയും ചെയ്തു. 1894 – 95 ല്‍ താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി ഗ്രാന്റും സര്‍ക്കാര്‍ അനുവദിച്ചു. 1856 ല്‍ ദിവാന്‍ മാധവ് റാവു സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയതും എയിഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ വളര്‍ച്ചയും വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇനി മുന്നേറാന്‍ കഴിയൂ എന്നൊരു പുതുകാഴ്ചപ്പാട് രൂപപ്പെട്ടുവന്നു. ഇരുപതാം നൂറ്റാണ്ടിനോട് അടുക്കുമ്പോള്‍ തിരുവിതാംകൂറിലെ മാത്രം വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നു. എന്നാല്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ ജാതി ഹിന്ദുക്കളുടെ ശക്തമായ പ്രതിരോധവും ഭീഷണിയും കാരണം പുലയരും പറയരും കുറവരുമായ ദലിതരുടെ കുട്ടികള്‍ക്ക് മാത്രമല്ല ഈഴവര്‍ ഉള്‍പ്പെടെയുള്ള മധ്യമജാതി കുട്ടികള്‍ക്കും പ്രവേശനം നല്‍കാനും പഠിപ്പിക്കുവാനും നായര്‍ പ്രമാണിമാരും ഉന്നത ജാതികളും അനുവദിച്ചില്ല. എന്നാല്‍ അയിത്ത ജാതിക്കാരായ പുലയരുടേയും പറയരുടേയും വേട്ടുവരുടേയും കുട്ടികള്‍ക്കായി മിഷനറിമാര്‍ നിര്‍മ്മിച്ച വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുവാന്‍ ഈഴവരും തയ്യാറല്ലായിരുന്നു. “അയിത്ത ജാതിക്കാരായ കുട്ടികളുടെ അടുത്ത് തങ്ങളുടെ കുട്ടികള്‍ക്ക് ഇരിക്കേണ്ടി വരും” എന്നുള്ളത് കൊണ്ടാണ് അവിടേയ്ക്ക് അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകാഞ്ഞത്! [21]

1905ല്‍ പല സര്‍ക്കാര്‍ സ്കൂളുകളും ദിവാന്‍ വി.പി. മാധവറാവു ഈഴവര്‍ക്കായി തുറന്നു കൊടുത്തു. എന്നാല്‍ ഈഴവ കുട്ടികളെ വിദ്യായലയങ്ങളില്‍ പ്രവേശിപ്പിക്കുന്നത് നായന്മാര്‍ ബലം പ്രയോഗിച്ചു തടഞ്ഞു. ഇത് പലപ്പോഴും സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും കലാശിച്ചു. ഏതാണ്ട് ഇതേകാലത്ത് തന്നെ മഹാത്മ അയ്യന്‍കാളി അധസ്ഥിതരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നടത്തിയ ഐതിഹാസികമായ സമരങ്ങളെ അടിച്ചൊതുക്കാന്‍ നായര്‍ പ്രമാണികള്‍ വളര്‍ത്തിയ നായര്‍ ഗുണ്ടകള്‍ക്കൊപ്പം ഈഴവരും മുസ്ലീങ്ങളും മറ്റുപല മധ്യമ ജാതികളും ഉണ്ടായിരുന്നു. ഇതിനെതിരായി “ചില വിവരമില്ലാത്ത ഈഴവരും മുഹമ്മദീയര്‍ മുതലായ പല വര്‍ഗ്ഗക്കാരും പുലയരെ മാര്‍ദ്ടിക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു” എന്ന് വിവേകോദയം മാസികയുടെ പത്രാധിപരായിരുന്ന മഹാകവി കുമാരനാശാന്‍ 1915 നവംബര്‍ ലക്കത്തിലെ മുഖപ്രസംഗത്തില്‍ എഴുതുന്നുണ്ട്. [18] അംബേദ്‌കര്‍ മുന്നോട്ട് വെച്ച, ജാതിയുടെ ‘ശ്രേണീകൃത അസമത്വ’ത്തിന്റ സവിശേഷതയാണ്. തങ്ങള്‍ക്ക് മുകളില്‍ ഉള്ളവര്‍ ഉന്നതരും ആദരിക്കപ്പെടടെണ്ടവര്‍ ആണെന്നും താഴെ ഉള്ളവര്‍  മ്ലേച്ഛാരും അകറ്റി നിർത്തപ്പെടെണ്ടവര്‍ ആണെന്നും അവരുടെ അവകാശങ്ങളെ ഹനിക്കുവാന്‍ തങ്ങള്‍ക്ക് ധാര്‍മ്മികമായി ബാധ്യതയുണ്ടെന്നും സ്വാഭാവികമായി തോന്നുന്ന മാനസികാവസ്ഥയാണ് ജാതി. ഈയൊരു മിഥ്യാ ബോധത്തെയാണ് സവര്‍ണ്ണര്‍ എക്കാലവും ഉപയോഗിച്ചിട്ടുള്ളത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വിപുലവും ശക്തവും ആയിരുന്നെങ്കിലും ഈഴവരും പുലയരും പറയരും അടങ്ങുന്ന അയിത്ത ജാതിക്കാരെ സര്‍ക്കാര്‍ സ്കൂളുകളില്‍  പ്രവേശിപ്പിച്ചിരുന്നില്ല. 1880 കളുടെ മധ്യത്തോടെ ആരഭിച്ച നവോന്ഥാന പ്രക്ഷോഭങ്ങളാണ് അയിത്തജാതി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യയഭ്യസിക്കാനും സ്വാതന്ത്യത്തോടെ വഴിനടന്നു സ്കൂളുകളിലേക്ക് പോകാനും സ്വന്തം വിദ്യാലയങ്ങള്‍ തുടങ്ങാനും അവസരം ഉണ്ടാക്കിയത്. അയിത്തജാതി ജനസമൂഹങ്ങള്‍ക്ക് ഇതിനായി നിരന്തരം പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നു. ഈഴവര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് 1905 ലും പുലയരും പറയരും ഉള്‍പ്പെടെയുള്ള അധസ്ഥിതർക്ക്  1907ലും സ്കൂൾ പ്രവേശനം അനുവദിച്ചത് ഈ പോരാട്ടങ്ങളുടെ അനന്തരഫലമായിരുന്നു. [22]

ആരോഗ്യമേഖലയില്‍ നിന്നും വ്യത്യസ്തമായിരുന്നു വിദ്യാഭ്യാസ മേഖലയിലെ ജാതി ഹിന്ദുക്കളുടെ ഇടപെടല്‍. ആരോഗ്യമേഖലയില്‍ സാമൂഹിക പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ ഉണര്‍വിന്‍റെയും മിഷനറി പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഏറെക്കുറെ അയിത്തജാതി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നു. ഇതിനു മറ്റുചില കാരണങ്ങള്‍ കൂടി ഉണ്ടായിരിക്കാം. അടിമ ജാതികളുടെ കായികക്ഷമത ഉറപ്പുവരുത്തേണ്ടുന്നത് സര്‍ക്കാരിന്റെയും ജന്മികളുടെയും ആവശ്യം കൂടിയായിരുന്നു. കാരണം അവരുടെ സാമ്പത്തിക ഉറവിടവും  ഉത്പാദനോപാധിയും ഭൂമി ആയിരുന്നു. അവിടെ എണ്ണയിട്ട യന്ത്രങ്ങളെ പോലെ ജോലി ചെയ്യുവാന്‍ അടിമകളെയും അയിത്തജാതികളെയും വേണമായിരുന്നു. അവരുടെ അധ്വാനമാണ് സര്‍ക്കാരിന്റെയും ജന്മികളുടെയും സമ്പത്തിനെ നിശ്ചയിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസമേഖല ബ്രാഹ്മണരുടെയും സവര്‍ണ്ണരുടേയും കുത്തക കേന്ദ്രങ്ങളായിരുന്നു. വേദകാലം മുതല്‍ ബ്രാഹ്മണരുടെ അറിവധികാരണമാണ് ഇന്ത്യയില്‍ ബ്രാഹ്മണ്യാധികാര വ്യവസ്ഥിതിയെ (ജാതിയെ) സ്ഥാപിച്ചെടുത്തത്. കുലമുഖ്യനായ ക്ഷത്രിയനെ യജ്ഞത്തിലൂടെ പുരോഹിതനായ ബ്രാഹ്മണൻ ദിവ്യത കല്പിക്കുന്നു. പിന്നെ രാജസൂയത്തിലൂടെ ദിവ്യത്വമുള്ള ദേവനായി അയ്യാളെ മാറ്റുന്നു. അങ്ങനെ കുലമുഖ്യ ക്ഷത്രിയനില്‍ നിന്ന് പരമാധികാര സ്റ്റേറ്റായി അയ്യാള്‍ മാറുന്നു. ഈ ദിവ്യത്വം കല്പിക്കല്‍ ബ്രാഹ്മണരായ പുരോഹിതര്‍ക്ക് മാത്രം അറിയാവുന്നതാണ്. അതിന് അവർക്ക് മാത്രമാണ് അധികാരവും. [23] ഈ അറിവധികാര വ്യവസ്ഥാക്രമമാണ് ജാതിയെ കേന്ദ്രമാക്കിക്കൊണ്ട് ബ്രാഹ്മണരെയും സവർണ്ണരെയും ഭരണാധികാരികളാക്കി തീർത്തതും സമ്പത്തിന്റെ അധികാരികളാക്കി തീർത്തതും. അറിവിലേക്കുള്ള, വിദ്യാഭ്യാസ മേഖലയിലേക്കുള്ള ദലിതരുടേയും ആദിവാസികളുടെയും പിന്നോക്കക്കാരുടെയും കടന്നുവരവിനെ ഇന്ത്യയിലെ സവര്‍ണ്ണ വിഭാഗങ്ങള്‍ നഖശിഖാന്തം എതിര്‍ത്തത് അതൊരു അധികാരപ്രശ്നവും വിഭാവധികാര സ്വത്തുടമാസ്ഥതാ പ്രശ്നവും ആയതുകൊണ്ടാണ്.

ഇന്ത്യകണ്ട എക്കാലത്തെയും ധിഷണാശാലിയായ, ആധുനിക ജനാധിപത്യ ഇന്ത്യയുടെ നിര്‍മ്മാതാവ് ഡോ. ബി ആര്‍ അംബേദ്‌കര്‍ തന്റെ ജനതയോട് “പഠിക്കുക, പോരാടുക, സംഘടിക്കുക” എന്ന് ഉദ്ഘോഷിച്ചത് നൂറ്റാണ്ടുകളായി ജ്ഞാനവ്യവസ്ഥയില്‍ നിന്ന് പുറംന്തള്ളപ്പെട്ട സമൂഹത്തിനു അറിവധികാരത്തിലൂടെ മാത്രമേ  സാമൂഹികപദവിയും രാഷ്ട്രീയ അധികാരവും കൈവരിക്കാൻ കഴിയൂ എന്ന പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ടാണ് . കേരള നവോന്ഥാനത്തിന്റെ അടിത്തറ തന്നെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും സമരങ്ങളുമാണ്.

sree narayana guru

ശ്രീനാരായണ ഗുരു

1888ലെ അരുവിക്കര ശിവപ്രതിഷ്ഠയിലൂടെ ബ്രാഹ്മണ്യധികാര വ്യവസ്ഥിതിയേയും അതിന്റെ ജ്ഞാന വ്യവസ്ഥയയെയുമാണ് ശ്രീനാരായണ ഗുരു ചോദ്യം ചെയ്തത്, പില്‍ക്കാലത്ത് അത് മറ്റൊന്നായി പരിണമിച്ചുവെങ്കിലും.  “വിദ്യകൊണ്ട് പ്രബുദ്ധരാകാനും” സ്വതന്ത്രരാകാനുമാണ് ഗുരു ഉപദേശിച്ചത്.  1917നു അദ്ദേഹം ശിക്ഷ്യര്‍ക്ക് അയച്ച സന്ദേശം ഇതിനു ഉത്തമ ദൃഷ്ടാന്തമാണ്. “ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം കെട്ടാൻ പണം ചെലവിട്ടത് ദുർവ്യയമായി എന്ന് അവർ പശ്ചാത്തപിക്കാൻ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തത്കാലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് പള്ളിക്കൂടങ്ങൾ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ ഒരു പൊതുആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന് തോന്നിയിരുന്നു. അനുഭവം നേരെമറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുപ്പാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്”. [24] ബ്രാഹ്മണ്യ അധികാരത്തെ ചോദ്യം ചെയ്യാന്‍ മുപ്പതിലധികം ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ഗുരു ‘പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം’ എന്നാണ് പറഞ്ഞത്.

ഇംഗ്ലണ്ടില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞു കേരളത്തില്‍ എത്തിയ ഡോ. പല്‍പ്പുവിനു സര്‍ക്കാര്‍ ഉദ്യോഗം നല്‍കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈഴവര്‍ കള്ളുചെത്തും വൈദ്യവും ചെയ്താല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ വിവേചനത്തെ  തുടര്‍ന്ന് ഗുരുവിന്റെ ആശയപ്രപഞ്ചത്തെ പിന്തുണര്‍ന്നു കൊണ്ടു അദ്ദേഹത്തിന്റെ പിന്തുണയില്‍ കുമാരനാശനോടൊപ്പം ഡോ.പല്‍പ്പു നടത്തിയ പ്രക്ഷോഭങ്ങളാണ് 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം (SNDP) ആരംഭിക്കുന്നതിലേക്കും വിദ്യാഭ്യാസ പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിലേക്കും ഈഴവര്‍ക്ക് പ്രത്യേകം സ്കൂളുകളും കോളേജുകളും അനുവദിക്കുന്നതിലേക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രാതിനിധ്യം നല്കുന്നതിലേക്കും എത്തിച്ചത്. 1952ല്‍ എസ് എന്‍ ട്രസ്റ്റ് ആരംഭിച്ചതോട് കൂടി കേരളത്തിലെ ഏറ്റവും പ്രബലമായ വിദ്യാഭ്യാസ പ്രസ്ഥാനമായി എസ് എന്‍ ട്രസ്റ്റ് മാറി. കേരള ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ഈഴവരുടെ രാഷ്ട്രീയ അധികാര പ്രവേശനത്തിന്റെ താക്കോല്‍ ഈ നവോന്ഥാന പോരാട്ടങ്ങളായിരുന്നു.

പുലയരും പറയരും കുറവരും വേട്ടുവരും ഇതരവിഭാഗം ദലിതരുടെയും ആദിവാസികളുടെയും അതിപിന്നോക്ക ജാതികളുടെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തിന്റെ അടിസ്ഥാനമായി മാറിയത് വിദ്യാഭ്യാസ അവകാശസമരങ്ങളാണ്. സവിശേഷമായി മഹാത്മാ അയ്യന്‍കാളി നടത്തിയ സമരപോരാട്ടങ്ങള്‍.

തന്റെ ജനതയുടെ മോചനം വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാകൂ എന്ന് പരിപൂര്‍ണ്ണ ബോധ്യമുണ്ടായിരുന്ന അയ്യന്‍കാളി 1904 ലാണ് ഓലയും മുളയും ഉപയോഗിച്ച്, തറ ചാണകം മെഴുകി ദളിതരുടെ ആദ്യ വിദ്യാലയം വെങ്ങാനൂരില്‍ ആരംഭിക്കുന്നത്. മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭാസം നേടിയ രണ്ടുപേരെ അധ്യാപകരായും നിയമിച്ചു. ദലിതര്‍ക്ക് നല്ല വസ്ത്രവും വഴി നടക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്താണ് അയ്യന്‍കാളി ആദ്യ വിദ്യാലയം നിർമ്മിക്കുന്നത്. ജാതി ഭ്രാന്തന്മാരായ സവര്‍ണ്ണര്‍ അന്നുതന്നെ സ്കൂളിനു തീയിട്ടു. അപ്രതീക്ഷിത ആക്രമണം ആയതുകൊണ്ട് അയ്യന്‍കാളിയ്ക്കും കൂട്ടര്‍ക്കും പ്രതിരോധിക്കുവാന്‍ കഴിഞ്ഞില്ല. തോറ്റ് പിന്മാറാന്‍ തയ്യാറല്ലായിരുന്ന അദ്ദേഹവും കൂട്ടരും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ അതേ സ്ഥലത്ത് വിദ്യാലയം പണിതുയർത്തി സവര്‍ണ്ണരെ വെല്ലുവിളിച്ചു. താഴ്ന്ന ജാതികള്‍ വിദ്യാലയം വീണ്ടും പണിഞ്ഞതറിഞ്ഞു തീയിട്ടു നശിപ്പിക്കാന്‍ എത്തിയ നായര്‍ ഗുണ്ടകളെയും അക്രമികളെയും അയ്യന്‍‌കാളിയും പുലയ യുവാക്കളും നേരിട്ടു. പ്രത്യാക്രമണത്തില്‍ പരിക്കേറ്റ് മാടമ്പികള്‍ക്ക് പിന്മാറേണ്ടി വന്നു. ഇതിനു പ്രതികാരം എന്നോണം പിറ്റേന്ന് മുതല്‍ കണ്ണില്‍ കാണുന്ന പുലയരെയെല്ലാം ആക്രമിച്ചു. പ്രത്യാക്രമണം എന്നോണം അയ്യന്‍കാളിയും കൂട്ടരും ശക്തമായി തിരിച്ചടിച്ചു.

നിരന്തരം ആവശ്യപ്പെട്ടിട്ടും ആയിത്തജാതിക്കാരുടെ കുഞ്ഞുങ്ങളെ കുടിപ്പള്ളിക്കുടങ്ങളില്‍ കയറ്റാത്തതിനെ തുടര്‍ന്നാണ്‌ “എന്‍റെ കുഞ്ഞുങ്ങളെ പഠിക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുവിയിപ്പിക്കും” എന്ന് പ്രഖ്യാപിച്ചു ഒരുവര്‍ഷക്കാലം നീണ്ടു നിന്ന ഐതിഹാസികമായ “തരിശിടല്‍ സമരം” അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്നത്. ഉപജീവനമാര്‍ഗ്ഗം ജന്മിമാരുടെ പാടങ്ങളിലെയും പറമ്പുകളിളേയും കൃഷിപ്പണി ആയിരുന്നിട്ടും, കൊടിയ പട്ടിണിയും ദാരിദ്രവും കുഞ്ഞുങ്ങളെയും വൃദ്ധരേയും ബാധിച്ചിട്ടും തളര്‍ത്തിയിട്ടും അവര്‍ പിന്മാറിയില്ല. “കൃഷിപ്പണി ചെയ്യുന്ന നമ്മളിലൂടെ മാത്രമേ നാടിനു മേല്‍ഗതി ഉണ്ടാകുകയുള്ളൂ. അടിയാളര്‍ പണിയെടുത്തില്ലേല്‍ മേല്ജാതികള്‍ പട്ടിണിയിലാകും. നമ്മള്‍ക്കൊന്നും വരാനില്ല, നമ്മള്‍ പട്ടിണി കിടന്നു ശീലിച്ചോരാണ്” എന്ന് അയ്യന്‍കാളി തന്റെ അനുയായികളോട് പറഞ്ഞു. താളും തകരയും തിന്നുകൊണ്ട്‌ കൊടിയ പട്ടിണിക്കാലത്തെ അതിജീവിക്കാന്‍ അവര്‍ ശ്രമിച്ചു. എന്ന് തീരുമെന്ന് യാതൊരു ഉറപ്പുമില്ലാതെ അനിശ്ചിതമായ സമരത്തില്‍ പട്ടിണി പെരുകുന്നത് സമരത്തെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ അയ്യന്‍കാളി വിഴിഞ്ഞത്തും വലിയതുറയിലുമെത്തി മുക്കുവരുമായി  സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുക്കുവരുടെ പിന്തുണയില്‍  പുലയര്‍ കടല്‍പ്പണിയില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്  സമരത്തെ ശക്തിപ്പെടുത്തി. ഒടുവില്‍ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന അയിത്തജാതിക്കാരുടെ സമരപോരാട്ടത്തിനു മുന്നില്‍ ജന്മിമാര്‍ക്കു മുട്ടുമടക്കേണ്ടി വന്നു. പുലയര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. തൊട്ടടുത്ത വര്ഷം, അയിത്ത ജാതിക്കാരുടെ സാമൂഹിക ഉന്നമനത്തിനും സ്വാതന്ത്യത്തിനും അവകാശങ്ങല്‍ക്കള്‍മായി 1907ല്‍ സാധുജന പരിപാലന സംഘം രൂപീകരിച്ചു. അയ്യന്‍‌കാളിയും സംഘം സെക്രട്ടറിയുമായ വി ജെ തോമസ്‌ വാദ്ധ്യാരുമായി ചേര്‍ന്ന് ദലിത് കുട്ടികളെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിനും അവര്‍ക്ക് പ്രത്യേകമായി സ്കൂളുകള്‍ പണിയുന്നതിനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിവാനും വിദ്യാഭ്യാസ  ഡയറക്ടര്‍ക്കും നിരന്തരം നിവേദനങ്ങള്‍ നല്‍കി. 1908 മുതല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് ദളിതര്‍ക്ക് പ്രതിനിധികളെ അനുവദിച്ചെങ്കിലും ആദ്യ ദലിത് പ്രതിനിധിയെ, അയ്യന്‍കാളിയെ പ്രജാസഭയിലേക്ക് നിയമിക്കുന്നത് 1912ല്‍ മാത്രമാണ്. അതുവരെ നായര്‍ സമുദായ അംഗമായിരുന്ന പി കെ ഗോവിന്ദപ്പിള്ളയായിരുന്നു പുലയരുടെ സഭയിലെ പ്രതിനിധി. ആയിത്തജാതിക്കാര്‍ക്ക് സ്കൂളില്‍ പ്രവേശനം സര്‍ക്കാര്‍ ഉത്തരവിലൂടെ അനുവദിച്ചെങ്കിലും അവരെ സ്കൂളുകളില്‍ കയറ്റാനും പ്രവേശനം നല്‍കാനും സവര്‍ണ്ണരും അധ്യാപകരും തയ്യാറായില്ല. അയ്യന്‍കാളിയുടെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം ആയിത്തജാതിക്കാര്‍ക്ക് സ്കൂളുകളില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണമെന്നും നിരന്തരം പ്രജാസഭയില്‍ ഉന്നയിച്ചു.

travancore ayyankali panchami

അയ്യന്‍കാളിയും പഞ്ചമിയും – ഇ വി അനിൽ

1907ല്‍ പുതിയ ദിവാനായി ചുമതലയേറ്റ പി രാജഗോപാലാചാരിയ്ക്ക് മുന്‍പിലും അയ്യന്‍കാളി തന്റെ ജനങ്ങള്‍ നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു നിവേദനങ്ങള്‍ നല്‍കി. പ്രസ്തുത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആയിത്തജാതിക്കാരുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പഠിച്ചു സമഗ്ര റിപ്പോര്‍ട്ട് നല്‍കുവാന്‍ ദിവാന്‍ മിച്ചലിനു നിര്‍ദ്ദേശം നല്‍കി. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സ്കൂളുകളിലും അയിത്ത ജാതിക്കുട്ടികള്‍ക്ക് പ്രവേശന അനുമതി നല്‍കിക്കൊണ്ട് പുതിയ ഉത്തരവ് 1910ൽ  സര്‍ക്കാര്‍ ഇറക്കുന്നത്.  ജാതീയ ബോധംപേറി ജീവിക്കുന്ന സവര്‍ണ്ണര്‍ പുതിയ ഉത്തരവുണ്ടായിട്ടും ആയിത്തജാതി കുഞ്ഞുങ്ങളെ സ്കൂളില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ഇതിനെ തുടർന്നാണ് അദ്ദേഹം വിദ്യാഭ്യാസ ഡയറക്ടരുടെയും പോലീസിനെയും സഹായത്തോടെ ഏതാനും കുട്ടികളെ ചാവടിനട സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കുന്നത്. സാമൂഹികമായ ഉപരോധവും നിസ്സഹാരണവും കുട്ടികളോടുള്ള അധ്യാപകരുടെ ക്രൂരമായ പെരുമാറ്റവും കാരണം ആ കുട്ടികള്‍ക്ക് അവിടെ തുടര്‍ന്ന് പഠിക്കുവാന്‍ കഴിഞ്ഞില്ല. 1911 ഡിസംബറില്‍ അയ്യന്‍കാളി പ്രജാസഭായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെയും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി അദ്ദേഹം തന്റെ പോരാട്ടങ്ങള്‍ തുടര്‍ന്നു. പുലയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ നെയ്യാറ്റിന്‍കര, പുല്ലാട്, വെങ്ങാനൂര്‍ എന്നിവടങ്ങളില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും ചില അധ്യാപകരും ഉദ്യോഗസ്ഥരുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സഭയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് 1914ല്‍ അയിത്തജാതിക്കുട്ടികളുടെ സ്കൂള്‍ പ്രവേശനം കര്‍ശനമായി പാലിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.  ഈ ഉത്തരവ് നടപ്പിലാക്കുനതിനു വേണ്ടിയാണ് തെന്നൂര്‍ക്കോണം അയ്യന്‍ എന്ന ആളുടെ എട്ട് വയസുകാരി മകളുമായി അയ്യൻകാളി നെയ്യാറ്റിന്‍കരയ്ക്ക് അടുത്തുള്ള ഊരൂട്ടമ്പലം സ്കൂളില്‍ എത്തുന്നത്. പതിവുപോലെ അധ്യാപകര്‍ അവളെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ല. അയ്യന്‍കാളി സ്കൂള്‍ അധികൃതരെയും അധ്യാപകരെയും ഉത്തരവ് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പഞ്ചമിയെ ബലമായി ക്ലാസിലെ ബഞ്ചില്‍ കൊണ്ടിരുത്തി. ആയിത്തജാതി കുട്ടിയെക്കണ്ട് സവർണ്ണക്കുട്ടികള്‍ നാലുപാടും ഇറങ്ങിയോടി. ഇതറിഞ്ഞു സംഘടിച്ചെത്തിയ സവര്‍ണ്ണരുടെ മുന്നില്‍ സ്വാതന്ത്യപോരാട്ടവും ആത്മാഭിമാന പോരാട്ടവും നടത്തുന്ന അയ്യങ്കാളിയും ‘അയ്യന്‍കാളിപ്പട’യും പിന്മാറാന്‍ തയ്യാറല്ലായിരുന്നു. അവര്‍ തമ്മില്‍ വലിയ സംഘട്ടനമുണ്ടായി. കായികമായി ശേഷി ഉണ്ടായിരുന്ന അയ്യങ്കാളിയുടെയും അയ്യന്‍കാളിപ്പടയുടെയും പ്രത്യാക്രമണത്തില്‍ സവര്‍ണ്ണര്‍ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവര്‍ ബുദ്ധിപൂർവ്വം പിന്മാറി. ആയിത്തജാതി കുട്ടി പ്രവേശിച്ചു ‘അശുദ്ധമായ’ സ്കൂള്‍ സവര്‍ണ്ണര്‍ അന്നുതന്നെ തീയിട്ട് നശിപ്പിച്ചു. ഇതിനെ തുടര്‍ന്ന് സംഘടിച്ചു എത്തിയ നായര്‍ സമൂഹം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. പുലയരുടെ കുടിലുകള്‍ക്ക് തീയിട്ടു. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും ശാരീരികമായും മാനസികമായുംഅപമാനിക്കുകയും ചെയ്തു. തൊണ്ണൂറാമാണ്ട് കലാപം എന്ന് അറിയപ്പെട്ട ഈ സമരം അധസ്ഥിതരുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ അതിനിര്‍ണ്ണായകമായ ഒരേടാണ്. ഇതിന്റെ അനുകിരണങ്ങള്‍ തിരുവിതാംകൂറില്‍ എമ്പാടുമുണ്ടായി. ഇതിനെ തുടര്‍ന്ന് നിരവധി സംഘട്ടനങ്ങള്‍ ഉണ്ടായി. തിരുവല്ല പുല്ലാടില്‍ സാധുജന പരിപാലന സംഘം വടക്കന്‍ നേതാവായിരുന്ന വെള്ളിക്കര ചോതിയുടെ നേതൃത്വത്തില്‍ പുലയ കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു. ഇതിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചിടുകയും നായന്മാരും ക്രിസ്ത്യാനികളും ചേര്‍ന്നു വെള്ളിക്കര ചോതിയേയും കൂട്ടരെയും ആക്രമിക്കുകയും ചെയ്തു. ഒടുവില്‍ ഈ സ്കൂളും സവര്‍ണ്ണര്‍ തീയിട്ടു നശിപ്പിച്ചു. തൊണ്ണൂറാമാണ്ട് സമരത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടാണ് അയ്യന്‍കാളിയുടെ ആഹ്വാനത്തെ തുടര്‍ന്ന് കൊല്ലം പെരിനാട്ട്  ഗോപാലദാസന്റെ നേതൃത്വത്തില്‍ 1915 ഒക്ടോബര്‍ 24 നു “പുലയ യോഗം” കൂടുന്നതും യോഗം നായന്മാര്‍ അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്ന് പെരിനാട്ട് കലാപം ആരംഭിക്കുന്നതും. [25][[18][26][27][28][17][29]

travancore poykayil appachan

പൊയ്കയില്‍ അപ്പച്ചന്‍ – ഇ വി അനിൽ

ജാതീയതയും അടിമത്വവും ഇല്ലാതാക്കുന്നതിനും അയിത്തജാതിക്കാരെ മനുഷ്യനായി പരിഗണിക്കുന്നതിനും ഭൗതികവും ആത്മീയവുമായ അന്വേഷണങ്ങള്‍ നടത്തുകയും അടിസ്ഥാനപരമായ സാമൂഹികമാറ്റം ദലിത് സമൂഹത്തില്‍ കൊണ്ടുവരുകയും ചെയ്ത സാമൂഹിക പരിഷ്ക്കര്‍ത്താവായിരുന്നു പൊയ്കയില്‍ അപ്പച്ചന്‍ എന്നു വിളിക്കപ്പെട്ട പൊയ്കയില്‍ യോഹന്നാന്‍ (1879 – 1939). കേരള ചരിത്രത്തില്‍ അദ്ദേഹത്തിനു വേണ്ടത്ര പരിഗണന ഇപ്പോഴും ലഭിച്ചിട്ടില്ല. ഹിന്ദുമതത്തിലെ ജാതീയയും വിവേചനവും കാരണം ക്രിസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവര്‍ത്തനം ചെയ്തു. ക്രിസ്തുമതത്തിലും കടുത്ത ജാതീയത നിലനില്‍ക്കുന്നത് ബോധ്യപ്പെട്ട അദ്ദേഹം ബൈബിള്‍ കത്തിച്ചുകൊണ്ട് ക്രിസ്തുമതത്തിലും നിന്നും പുറത്തുകടന്നു. അയിത്തജാതിക്കാര്‍ക്ക് ‘പ്രത്യക്ഷ രക്ഷ’യാണ് ദൈവമെന്നു പ്രഖ്യാപിച്ചു കൊണ്ട് 1910ല്‍ അദ്ദേഹം ‘പ്രത്യക്ഷ രക്ഷാ ദൈവസഭ’ ആരംഭിച്ചു. സഭയിലൂടെ ജാതിക്കതീതമായി സംഘടിക്കാനും വിദ്യാഭ്യാസം ചെയ്യാനും ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തു സമ്പാദിക്കാനും അദ്ദേഹം അനുയായികളോട് ഉപദേശിച്ചു.

വിദ്യാഭ്യാസത്തിനാണ് മുഖ്യപരിഗണനയെന്നു അദ്ദേഹം അനുയായികളോട് പറഞ്ഞു. ആയിത്തജാതി കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കുന്നതിനോടൊപ്പം നല്ല വസ്ത്രവും ഉച്ചഭക്ഷണവും നല്‍കണമെന്നും ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. “പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിനാൽ കുട്ടികളെ [ സ്കൂളില്‍ വിടാതെ വീട്ടില്‍ ] തടഞ്ഞുവെക്കരുത്, പകരം വിദ്യാഭ്യാസം നേടാൻ  പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെതന്നെ, സ്‌കൂളിൽ പോകാൻ അനുയോജ്യമായ വസ്ത്രങ്ങളുടെ അഭാവം മൂലമുള്ള പ്രശ്നം പരിഹരിക്കാൻ അധസ്ഥിത കുട്ടികളെ അവരാൽ കഴിയുന്ന തോര്‍ത്തും കഡജവും  ധരിച്ച് ക്ലാസിലേക്ക് വരാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ താലൂക്കിൽ നിന്നും അവശവിഭാഗങ്ങളിൽപ്പെട്ട നാല് വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും, ഓരോ ജില്ലയിൽ നിന്നും രണ്ട് വിദ്യാർത്ഥികൾക്ക് വീതം ഇംഗ്ലീഷ് വിദ്യാഭ്യാസവും നൽകണമെന്നും അതിന്റെ പൂർണമായ ചെലവ് ഗവണ്മെന്റ് വഹിക്കണമെന്നുമുള്ള നിർദ്ദേശം തന്റെ പ്രസംഗങ്ങളിലൊന്നിൽ പൊയ്കയില്‍ അപ്പച്ചന്‍ മുന്നോട്ട് വെച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ക്കും മലയാളം മീഡിയം നാലാം ക്ലാസിനു മുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ്‌ നല്‍കണമെന്നും അഞ്ചാം ക്ലാസിനു മുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്ക് ഫീസ്‌ ആനുകൂല്യം നല്‍കണമെന്നും ശ്രീമൂലം പ്രജാസഭയുടെ ഇരുപത്തിയേഴാമത് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്”. മാത്രമല്ല, 1921 മാര്‍ച്ചില്‍ ശ്രീമൂലം പ്രജാസഭയുടെ പതിനേഴാം സമ്മേളനത്തില്‍ PRDSന് സ്കൂളുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രഹികള്‍ വാങ്ങുന്നതിന് എയിഡഡ് വ്യവസ്ഥയില്‍  ഗ്രാന്റു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. [27] “കാണുന്നില്ലൊരു അക്ഷരവും എന്റെ വംശത്തെപ്പറ്റി” എന്ന് തന്‍റെ സമൂഹത്തെ നോക്കി വേദനയോടെ പാടിയ അപ്പച്ചന്‍ മരിക്കുന്നതിനു ഒരു ദശകം മുന്പ്, 1929ല്‍  വേങ്ങളത്ത്കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്കൂളുകള്‍ സ്ഥാപിച്ചു.

മഹാത്മ അയ്യന്‍കാളിയ്ക്ക് ശേഷം ദീര്‍ഘകാലം പ്രജാസഭയില്‍ അംഗമായിരുന്ന നവോത്ഥാന നേതാവ് കാവാരികുളം കണ്ടന്‍കുമാരന്‍ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയ്ക്കായും ഭൂമിയ്ക്കും തൊഴിലിനുമായി പോരാടുകയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ‘ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന പറയ സംഘം’ സ്ഥാപിച്ചു. സമുദായത്തിന്റെ പുരോഗതിയ്ക്ക് സംഘടനയുടെ ശാഖകളെ നിശാപഠന ഏകാധ്യാപക വിദ്യാലയങ്ങളായി അദ്ദേഹം മാറ്റുകയും ചെയ്തു. ദലിതർ സാമൂഹിക അംഗീകാരമുള്ള ജനതയായി മാറുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിനുള്ളിലും മറ്റും നടപ്പിലാക്കി. [29]

1848ല്‍ മലയരയ ആദിവാസികള്‍ മിഷനറിയായ ഹെൻറി ബേക്കറെ സന്ദര്‍ശിച്ചു തങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. [30] പത്തൊന്‍പതാം  നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നിരവധി പള്ളികള്‍ മലയരയ ആവാസമേഖലകളില്‍ സ്ഥാപിക്കപ്പെട്ടു, അവയ്ക്കൊപ്പം വിദ്യാലയങ്ങളും. 1851 മുതല്‍  മലയരയരുടെ ഇടയില്‍ മതപരിവര്‍ത്തനം ശക്തപ്പെട്ടത്തിന്റെ പ്രധാന കാരണം മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കും എന്നുള്ളതാണ്. വിദ്യാഭ്യാസ പഠനത്തിനു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മിഷനിമാര്‍ക്ക് നെല്ല് ഉള്‍പ്പെടെയുവ സംഭാവനയായും നല്‍കാന്‍ മലയരയര്‍ക്ക് കഴിഞ്ഞത് ഭൂമിയിലും വിഭവങ്ങളിലുമുള്ള അവരുടെ ഉടമസ്ഥതയും അധികാരവുമായിരുന്നു.

അയിത്തജാതി വിഭാഗങ്ങളില്‍ ഇത്തരത്തില്‍ വിപുലവും വൈവിധ്യവുമാര്‍ന്ന  നിരവധി വിദ്യാഭ്യാസ പഠന പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. മഹാത്മ അയ്യന്‍കാളി, ശ്രീനാരായണഗുരു, വൈകുണ്ഠ സ്വാമികള്‍, പൊയ്കയില്‍ അപ്പച്ചന്‍, കുമാരനാശാന്‍, പണ്ഡിറ്റ്‌ കെ പി കുറുപ്പന്‍, കൃഷ്ണാദിയാശാന്‍, വെള്ളിക്കര ചോതി, വക്കം മൗലവി, ഡോ. വേലുക്കുട്ടി അരയന്‍, സഹോദരന്‍ അയ്യപ്പന്‍, കെ പി വള്ളുവോന്‍, പാമ്പാടി ജോണ്‍ ജോസഫ്, ആറാട്ടുപുഴ വേലായുധപണിക്കര്‍, ദാക്ഷായണി വേലായുധന്‍, കെ കേളപ്പന്‍, ടി കെ മാധവൻ,  കുറുമ്പൻ ദൈവത്താൻ  തുടങ്ങിയ നിരവധി സാമൂഹിക പരിഷ്ക്കർത്താക്കളുടെ ഐതിഹാസികമായ സാമൂഹിക രാഷ്ട്രീയ സമരങ്ങളിലൂടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നേടിയെടുത്തതാണ് കേരളത്തിലെ സാർവ്വത്രിക പൊതുവിദ്യാഭ്യാസം.

ജാതി വിരുദ്ധ നവോത്ഥാന മുന്നേറ്റങ്ങൾ

കേരളം ജനാധിപത്യ ഭരണക്രമത്തിലേക്ക് കടക്കുന്നതിനു മുന്‍പ് തന്നെ ജാതി വിവേചനങ്ങള്‍ക്ക് അതീതമായി ഏവര്‍ക്കും വിദ്യാഭ്യാസം, നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം, അയിത്ത ജാതിക്കാര്‍ക്ക് എയിഡഡ് വ്യവസ്ഥയിൽ പ്രത്യേകം സ്കൂളുകള്‍, പ്രത്യേക ഗ്രാന്റുകള്‍, സ്കോളർഷിപ്പ്, സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കുവാന്‍ നവോന്ഥാന മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞു. ജനാധിപത്യ സാമൂഹിക ക്രമത്തിനകത്ത് പൗരന്റെ കര്‍തൃത്വം, വ്യക്തി സ്വാതന്ത്ര്യം, ആരോഗ്യപൂര്‍ണ്ണമായ ജീവിതം താത്വാധിഷ്ടിതമായി ഉറപ്പാക്കുവാനും പ്രായോഗികമായി നടപ്പിലാക്കി തുടങ്ങുവാനും ഇതിലൂടെ കഴിഞ്ഞിരുന്നു. ആധുനിക ദേശരാഷ്ട്രത്തിനകത്ത് പൗരനായി മാറാന്‍ അയിത്തജാതിക്കാർക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.

പൗരത്വത്തിന്റെ സവിശേഷത വ്യക്തിയ്ക്ക് നിയമപരമായി വിശേഷാല്‍ അധികാരങ്ങളും അവകാശങ്ങളും ഭരണഘടനാപരമായി ഉറപ്പുവരുത്തുന്നു എന്നതാണ്. ആരോഗ്യപൂര്‍ണ്ണവും തുല്യാവകാശവുമുള്ള ജീവിതം പൌരത്വം ഉറപ്പു വരുത്തുന്നു. പക്ഷെ, കേരളത്തിൽ ആരായിരുന്നു വ്യക്തി? പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പോലും കാളയ്ക്കും പോത്തിനുമൊപ്പം നുകങ്ങളില്‍ കെട്ടി നിലം ഉഴുന്നിരുന്നവര്‍, പീഡനങ്ങളില്‍ നിന്ന് ഓടിപ്പോകാതിരിക്കാന്‍ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചിരുന്നവര്‍, ദൃഷ്ടിയില്‍ പോലും പെടാന്‍ പാടില്ലാത്തവര്‍, മുലയ്ക്കും തലയ്ക്കും കരമടക്കേണ്ടി വന്നവര്‍, മാറുമറക്കാനും വഴിനടക്കാനും സ്വാതന്ത്ര്യം ഇല്ലാതിരുന്നവര്‍, നല്ല വസ്ത്രമോ വെള്ള വസ്ത്രമോ ധരിക്കാന്‍ അവകാശം ഇല്ലാതിരുന്നവര്‍, വൃത്തി ഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എങ്ങനെയാണ് വ്യക്തിയും വ്യക്തിയില്‍ നിന്ന് പൗരനുമായാത്?

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അവകാശബോധവും നിര്‍വഹണത്വവും സഞ്ചാരസ്വാതന്ത്ര്യവും നേടിക്കൊടുത്തു. തെക്കന്‍ തിരുവിതാംകൂറിന്റെ വിവിധയിടങ്ങളിലായി 1822ല്‍ തുടങ്ങി 1859ല്‍ ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാം എന്ന രാജവിളംബരം ഉണ്ടാകുന്നത് വരെ നടന്ന ഐതിഹാസികമായ “മാറുമയ്ക്കല്‍ സമരം” മാറുമറയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. സ്ത്രീ ശരീരത്തിന്റെ അവകാശം, ഉടമസ്ഥത, സ്വയംനിർണ്ണയ അധികാരം സ്ഥാപിച്ചെടുക്കുവാൻ കൂടിയായിരുന്നു.

സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന ബ്രാഹ്മണ്യ തത്ത്വശാസ്ത്രങ്ങളില്‍ നിന്ന് അന്തര്‍ജനങ്ങള്‍ സാമൂഹിക ജീവിതാവസ്ഥയിലേക്ക് ഈക്കാലത്തു മാറിതുടങ്ങി. വ്യക്തിഗത സ്വത്തവകാശം, ബഹുഭാര്യാത്വം, വിവാഹത്തിലെ തെരഞ്ഞെടുപ്പ്, പ്രായമായ നമ്പൂതിരിമാരെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കേണ്ട അവസ്ഥ തുടങ്ങിയവ സമുദായത്തിനുള്ളില്‍ ചോദ്യം ചെയ്യപ്പെട്ടു. വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയില്‍ നിന്ന് അരംഗത്തേയ്ക്ക്’ എം ബി നമ്പൂതിരിപ്പാടിന്റെ ‘ആത്മാഹൂതി’ തുടങ്ങിയ നാടകങ്ങള്‍ ഈ രാഷ്ട്രീയ ഉണര്‍വിന്റെ പ്രതിഫലനമായിരുന്നു. 1865 ലെ പാട്ടവിളംമ്പരത്തോട് കൂടി കേരളത്തില്‍  പാട്ടക്കാരന് ഭൂമിയില്‍ ഉടമസ്ഥതയും അവകാശവും വില്പനാവകാശവും ലഭിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് 200000 ഏക്കര്‍ ഭൂമിയാണ്‌ കൈമാറ്റം ചെയ്തത്. [31] നായര്‍ സമൂഹം ഇതിലൂടെ സ്വത്തുടമസ്ഥതാ സമുദായമായി മാറി. 1925ലെ നായര്‍ റെഗുലേഷന്‍ ആക്റ്റ് നായര്‍ സ്ത്രീകളുടെ സ്വത്തുടമസ്ഥത നിയമപരമായി ഉറപ്പിച്ചു. ഭൂബന്ധങ്ങളിലും സ്വത്തുടമസ്ഥതയിലും വന്ന മാറ്റവും നവോന്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി ഉണ്ടായ വിദ്യാഭ്യാസ പുരോഗതിയും നായര്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയമായ ഉണര്‍വ് നല്‍കി. നായര്‍ സ്ത്രീകളെ “ലൈംഗിക വസ്തു”വായി കാണുന്ന സംബന്ധം എന്ന അസംബന്ധത്തെ ചോദ്യം ചെയ്യുകയും റദ്ദു ചെയ്യുകയും ചെയ്തു.

എസ് എസ് ഡി പിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ സ്ത്രീ വിദ്യാഭ്യാസവും അയിത്താചാരങ്ങൾക്കെതിരെ പ്രചാരണവും സ്ത്രീകളെ സംഘടിപ്പിക്കാനും ആരംഭിച്ചു. ശ്രീനാരായണ ഗുരു 1905ല്‍ താലികെട്ട് കല്യാണം, തെരണ്ട്കുളി, പുലകുടി തുടങ്ങിയ അനാചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ ജനങ്ങളെ ഉപദേശിച്ചു. മഹാകവി കുമാരനാശാന്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. സ്ത്രീ വിമോചനത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. അക്കാലത്ത് ഏറെ സ്വാധീനിച്ച അദ്ദേഹത്തിന്റെ വീണപൂവ്‌, ചിന്താവിഷ്ടയായ സീത, നളിനി, ലീല ചണ്ഡലഭിഷുകി തുടങ്ങിയ കവിതകള്‍ ഇതിന്റെ സാക്ഷ്യങ്ങളാണ്. ഡോ. പല്‍പ്പുവിന്റെ മുൻകൈയിൽ 1904ല്‍ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സ്ത്രീ കോണ്‍ഫറന്‍സും ആരംഭിച്ചു. 1930ല്‍ എസ് എസ് ഡി പിയുടെ നേതൃത്വത്തില്‍ ‘വനിത സമാജം’ ആലപ്പുഴയില്‍ രൂപീകൃതമായി. ഡോ. സി ഐ രുക്മണി അമ്മ, കദംബരി, ഭാര്‍ഗവി അമ്മ, കാളിക്കുട്ടി ആശാട്ടി എന്നിവരായിരുന്നു പ്രധാന നേതാക്കള്‍. അയ്യന്‍കാളി നേതൃത്വം നല്‍കിയ സാധുജന പരിപാലന സംഘത്തില്‍ കാലു, അമ്മു, അനിയത്താല്‍ അത്താണി,കുളിരി തുടങ്ങിയ സ്ത്രീകളും പൊയ്കയില്‍ അപ്പച്ചന്‍ നേതൃത്വം നല്‍കിയ പി ആര്‍ ഡി എസ്സില്‍ കുമരകം ചിന്നമ്മ തുടങ്ങിയവരും സജീവമായിരുന്നു. [32][33][34]

kallumala ayyankaliസാധുജന പരിപാലന സംഘം കൊല്ലം ജില്ലാ നേതാവ് ഗോപാലദാസിന്റെ നേതൃത്വത്തില്‍ പെരിനാട്ടില്‍ 1915 ഒക്ടോബറില്‍ നടന്ന “പുലയ യോഗത്തെ” നായര്‍ പ്രമാണിമാരും ചട്ടമ്പികളും അലങ്കോലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തപ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ കൊയ്ത്തരിവാളുമായി പുലയ സ്ത്രീകള്‍ മുന്‍നിരയിലുണ്ടായിരുന്നു. പെരിനാട് “കലാപ”ത്തി ശേഷം നടന്ന സമാധാന യോഗത്തില്‍ മഹാത്മ അയ്യന്‍കാളി അവിടെ കൂടിയ ആയിരക്കണക്കിന് സ്ത്രീകളോട് ജാതി ചിഹ്നങ്ങളായ കല്ലയും മാലയും പൊട്ടിച്ചെറിയാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. “അവര്‍ ഇടുപ്പിനു പുറകില്‍ തിരുകിയിരുന്ന നെല്ലരിവാള്‍ വലിച്ചെടുത്തു മാലയറത്തു ഫ്ലാറ്റ്ഫോമിലിട്ടു. നിമിഷങ്ങള്‍ക്കകം നാലടി പൊക്കത്തിലുള്ള ഒരു മാലക്കൂമ്പാരം അഞ്ചടി പൊക്കത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ആ പ്ലാറ്റ് ഫോറത്തില്‍ ദൃശ്യമായി”. [25] ഈ സംഭവങ്ങള്‍ക്കും മുന്‍പ് തിരുവിതാംകൂറിലും സ്ത്രീകളോട് കല്ലയും മാലയും പൊട്ടിച്ചു കളയാനും റൗക്ക ധരിക്കാനും എല്ലാവരോടും നല്ല വസ്ത്രങ്ങള്‍ ധരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ജാതി ശരീരങ്ങളെ കുടഞ്ഞെറിഞ്ഞു സ്ത്രീകള്‍ കര്‍തൃത്വ ശരീരങ്ങളായി മാറുകയായിരുന്നു. അവിടെ നിന്നാണ്  21 വർഷം കഴിയുമ്പോള്‍,  ഇന്ത്യയിലെ ആദ്യ ദലിത് ബിരുദ്ധധാരിയും (1937) കൊച്ചിയിലെ (കേരളത്തിലെ) ആദ്യ നിയമസഭാ അംഗവുമായി (1945) ദാക്ഷായണി വേലായുധന്‍ ചരിത്രത്തില്‍ നടന്നു കയറിയത്. [26]  

പൊയ്കയില്‍ അപ്പച്ചന്‍ അനുയായികളോട് “വൃത്തിയുള്ള വസ്ത്രം ധരിക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, കുളിച്ചതിനു ശേഷമേ ആഹാരം പാകം ചെയ്യാവൂ, മൂന്നിടങ്ങഴി വെള്ളവും ഇലയും ഉപയോഗിച്ച് ശൌചം ചെയ്യണം, പാത്രം കഴുകിയാല്‍ കമിഴ്ത്തി വെയ്ക്കണം, ഹീന ഭക്ഷണം കഴിക്കരുത്” എന്ന് ഉപദേശിച്ചു. [3] ശാരീരികവും ആത്മീയവുമായ ശുചിത്വത്തിലൂടെ മാത്രമേ വിമോചനം സാധ്യമാകൂ എന്ന് ആദേഹം അനുയായികളോട് പറഞ്ഞു. [27] “തത്കാലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. ശുചിയും മറ്റും ഉണ്ടാക്കാൻ ക്ഷേത്രം കൊള്ളാം” എന്ന ഗുരുവിന്റെ ഉപദേശവും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോഴാണ് ആധുനിക കേരളത്തെ നിര്‍മ്മിച്ചെടുത്ത ഘടകങ്ങളെ വായിക്കേണ്ടുന്നത് എങ്ങനെയെന്ന് ബോധ്യപ്പെടുക.

അയിത്തജാതിക്കാര്‍ വിദ്യാസമ്പന്നരും ആരോഗ്യസുരക്ഷാ ഗുണഭോക്താക്കളും കര്‍തൃത്വവും സാമൂഹിക അവബോധവും സുചിത്വവുമുള്ള സ്വതന്ത്ര വ്യക്തിത്വങ്ങളുമായി രൂപപ്പെട്ട് വന്നതെങ്ങനെയെന്ന, കേരള വികസന സവിശേഷതയെ രൂപപ്പെടുത്തിയ സാര്‍വ്വത്രിക വിദ്യാഭ്യാസം, പൊതുജന ആരോഗ്യം, ഇവയുടെ അഭാവത്തേയും ന്യൂനതയേയു ചോദ്യം ചെയ്യുന്ന പൗരാവകാശ ബോധമുള്ള രാഷ്ട്രീയ ശരീരങ്ങള്‍ എങ്ങനെയാണ് രൂപപ്പെട്ടു വന്നതെന്ന ചരിത്രപരമായ വസ്തുതകളും വികാസപ്രക്രിയയുമാണ്‌  വിശദീകരിക്കപ്പെട്ടത്.

കേരള മോഡലിലെ യാഥാര്‍ത്ഥ്യങ്ങള്‍

കേരളത്തിലെ ആദിവാസികള്‍, ദലിതര്‍, ദലിത് ക്രിസ്ത്യാനികള്‍, പിന്നോക്കക്കാര്‍ തുടങ്ങിയ അയിത്തജാതിക്കാര്‍ സാമൂഹിക നീതിക്കായും പ്രാതിനിധ്യത്തിനായും നടത്തിയ അവകാശസമരങ്ങള്‍ കേരളം നൂറ്റാണ്ടുകള്‍ ജീവിച്ച ജാതി ജീവിതത്തെയും, ജാതി മേല്‍ക്കോയ്‌മാ അധികാരക്രമങ്ങളെയും സാംസ്കാരികമായും രാഷ്ട്രീയമായും അപനിർമ്മിക്കുകയായിരുന്നു. കേരളം ഇന്ന് അഭിമാനിക്കുന്ന “കേരള മാതൃക”യുടെ മാനദണ്ഡമായ മാനവികവിഭവ ശേഷിയുടെ സൂചകങ്ങളെ ഐക്യകേരളം രൂപീകൃതമാകുന്നതിനു വളരെ മുന്‍പ് തന്നെ മുകളില്‍ സൂചിപ്പിച്ച ചരിത്രപ്രക്രിയയിലൂടെ  നിര്‍മ്മിച്ചെടുത്തു. ഇന്ത്യ ഒരു ദേശരാഷ്ട്രമായി മാറിയപ്പോള്‍ അതിന്റെ ആധാരശിലയായ ഭരണഘടനയില്‍ ഒരു ദലിത് സ്ത്രീ, 389 പേരടങ്ങുന്ന നിയമനിര്‍മ്മാണ സഭയിലെ ഒരേയൊരു ദലിത് സ്ത്രീ, മലയാളിയായ ദാക്ഷായണി വേലായുധന്‍ ഒപ്പു വെയ്ക്കുന്നതോട് കൂടി ഭാവി കേരളത്തിന്റെ സാമൂഹിക ഘടന എന്തായിരിക്കുമെന്ന് നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു. ആ പ്രക്രിയയെ സ്വാതന്ത്ര്യാനന്തരം കേരളത്തിലെ ജനാധിപത്യ ഭരണകൂടം പൂര്‍ണ്ണാര്‍ത്ഥത്തില്‍ അല്ലെങ്കില്‍ കൂടി മുന്നോട്ട് കൊണ്ടുപോയതിന്റെ അനന്തരഫലമാണ് നാമിന്ന് കാണുന്ന ‘കേരളത്തിന്റെ വികസന സവിശേഷത’. 1956 നവംമ്പര്‍ 1നു കേരളം രൂപീകൃതമാകുകയും 57ല്‍ ജനാധിപത്യ ഭരണകൂടം അധികാരമേറുമ്പോഴേക്കും കേരളത്തിലെ പൊതുവിദ്യാഭ്യാസം, ആരോഗ്യമേഖല, പോതുജനാരോഗ്യം സുശക്തമായും ജനകീയമായും മുന്നോട്ട് കൊണ്ടുപോകേണ്ടുന്നതിന്റെ ആവശ്യകതയിലേക്കും അനിവാര്യതയിലേക്കും രാഷ്ട്രീയമായും സാമൂഹികമായും കേരളം എത്തിയിരുന്നു. ആ തുടര്‍ പ്രക്രിയയുടെ ഭാഗമാകുകയായിരുന്നു ജനാധിപത്യ കേരളം. അതായത്, കേരളത്തിന്റെ മാനവ വിഭാവശേഷിയെ നിര്‍ണ്ണയിച്ച ഘടകങ്ങള്‍ രൂപപ്പെടുന്നത് ജനാധിപത്യ ഭരണകൂടത്തിന്റെ ‘സോഷ്യല്‍ എഞ്ചിനീയറിംഗി’ന്റെ ഭാഗമായി രൂപം കൊണ്ട പദ്ധതികളില്‍ നിന്നല്ല. തീര്‍ച്ചയായും കേരളത്തില്‍ മാറിമാറി വന്ന  ഭരണകൂടങ്ങള്‍ക്ക് തുടർപ്രക്രിയയുടെ ഭാഗമെന്ന നിലയിൽ കൃത്യമായ സ്ഥാനമുണ്ട്.

കേരളം, നവോന്ഥാനത്തിലൂടെ എല്ലാം നേടിയെന്നല്ല. ആധുനിക കേരളത്തിന്‍റെ നിര്‍മ്മിതിയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. അവ നവോത്ഥാനന്തര രാഷ്ട്രീയ പ്രക്രിയയുടെ ഭാഗം കൂടിയാണ്. കേരളത്തിന്റെ പൊതുജന ആരോഗ്യമേഖല ശക്തമെന്ന് പറയുമ്പോഴും അട്ടപ്പാടി ഉൾപ്പെടയുള്ള ആദിവാസി മേഖലകളില്‍ പിന്നോക്കമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. നവോത്ഥാനമൊരു തുടക്കവും അടിസ്ഥാനവും തുടർ പ്രക്രിയയുമായിരുന്നു. ആ പ്രക്രിയയെ പാതിവഴിയില്‍ ഉപേക്ഷിക്കാതെ മുന്നോട്ടു കൊണ്ടുപോകുകയും അതിന്റെ പരിമിതിയായി നിലനില്‍ക്കുന്ന ആദിവാസി ദലിത് തോട്ടംതോഴിലാളി മത്സ്യത്തൊഴിലാളി ഇതര അതിപിന്നോക്ക പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ഭൂമി, വിഭാവാധികാരം, രാഷ്ട്രീയ അധികാരം എന്നിവയെ ഉറപ്പിക്കാന്‍ കഴിയും വിധമുള്ള സാമൂഹിക പ്രക്ഷോഭങ്ങളും അതിനെ രാഷ്ട്രീയമായി സമാഹരിക്കപ്പെടുകയാണ് ഇനി ചെയ്യേണ്ടുന്നത്.

നവോത്ഥാന പോരാട്ടങ്ങളുടെ പൊതുസവിശേഷത ജാതിവിരുദ്ധവും ബ്രാഹ്മണ്യവിരുദ്ധവും കീഴ്ത്തട്ടിന്‍റെ അധികാര പങ്കാളിത്തവുമായിരുന്നു. സാമൂഹിക നീതിയ്ക്കായി നടന്ന സമരങ്ങളുടെ അതിനിര്‍ണ്ണായകമായ ഈ ആവശ്യങ്ങള്‍  കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൈവെടിഞ്ഞു. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ പരിമിതപ്പെട്ട സവര്‍ണ്ണമേല്‍ക്കോയ്മയേയും ആയിത്തജാതി മുന്നേറ്റങ്ങളിലൂടെ ദുര്‍ബലപ്പെട്ട ബ്രാഹ്മണ്യാധികാരവും സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും ജനാധിപത്യ ഭരണസംവിധാനത്തിലേക്കും ലിബറല്‍ ജനാധിപത്യത്തിലേക്കും വിപുലീകരിക്കാനും ശക്തിപ്പെടുത്താനും സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞു. അതുകൊണ്ട്, ആദിവാസി ദലിത് വിഭാഗങ്ങളുടെ അധികാരത്തിലെ പങ്കാളിത്തത്തേയും ഭൂമിയുടെ പുനര്‍വിതരണത്തേയും വിഭാവാധികാര പങ്കാളിത്ത പദ്ധതികളേയും അട്ടിമറിക്കാനും അദൃശ്യവല്‍ക്കരിക്കാനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. ഈ വസ്തുതയെ തന്ത്രപൂര്‍വ്വം മൂടിവെയ്ക്കുന്നതിനാണ് ഇടതുപാര്‍ട്ടികള്‍ ഐക്യകേരള രൂപീകരണത്തിന് ശേഷമുണ്ടായ “കേരള മോഡല്‍” വികസന പരിപ്രേക്ഷ്യം മഹത്തരമാണെന്ന വ്യാജ പ്രചരണം നടത്തുന്നത്. കേരളത്തിന്റെ വികസന സവിശേഷതയുടെ ചരിത്രപരമായ കാരണങ്ങളെ  മൂടിവെക്കേണ്ടുന്നത് അവരുടെ ആവശ്യമായി തീരുന്നതും.

പക്ഷെ, പൊള്ളത്തരങ്ങള്‍ കൊണ്ട് മൂടി വെയ്ക്കാവുന്നതല്ലല്ലോ രേഖീയ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍. വിദ്യാഭാസ പുരോഗതി ജനതയില്‍ സൃഷ്ടിച്ച അവകാശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും പൗരബോധവും കേരളത്തിന്റെ ഗ്രാമീണ ഇടങ്ങളിലെല്ലാം ആരോഗ്യകേന്ദ്രങ്ങളുടെ ലഭ്യത ഉറപ്പാക്കി. രണ്ട് നൂറ്റാണ്ടു മുന്‍പ് ആരംഭിച്ച ആരോഗ്യമേഖലയുടെയും പൊതുജന ആരോഗ്യ സംവിധാനത്തിന്റെയും ക്രമാനുഗതമായ വളര്‍ച്ച അതിന്റെ ഗുണമേന്മയെ ഉറപ്പിച്ചെടുത്തു. ഇതിനാവശ്യമായ അവബോധവും രാഷ്ട്രീയ ജാഗ്രതയും ആര്‍ജ്ജിച്ചെടുത്തത് അടിത്തട്ട് സമൂഹങ്ങള്‍ നടത്തിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയാണ്. യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും ഇതായിരിക്കെ കൊറോണയെ പ്രതിരോധിക്കുന്ന – കേരളത്തിന്റെ ശക്തമായ പൊതുജന ആരോഗ്യമേഖല – കേരള വികസന മാതൃക സൃഷ്ടിച്ചതാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധതയും ചരിത്രവിരുദ്ധതയും സാമൂഹിക നീതിയ്ക്കായി നടന്ന പോരാട്ടങ്ങളെ റദ്ദുചെയ്യുന്നതുമാണ്.

“ഒരു സമൂഹത്തിന്റെ പുരോഗതി ഞാന്‍ അളക്കുന്നത് സ്ത്രീകള്‍ കൈവരിച്ച പുരോഗതിയുടെ അളവിലാണ്” എന്ന് അംബേദ്‌കര്‍ പറയുന്നത് അയിത്തജാതി വിഭാഗങ്ങള്‍ മര്‍ദ്ദിത ജനതയായിരിക്കുമ്പോള്‍ തന്നെ അതിനുള്ളിലെ മര്‍ദ്ദിത വിഭാഗവും അവരിൽ മാറ്റം കൊണ്ടുവരാൻ ഏറ്റവും കഴിവുള്ള വിഭാഗവും സ്ത്രീകള്‍ എന്നതുകൊണ്ടാണ്. വികസനം ഏറ്റവും പാര്‍ശ്വവല്‍കൃതരായിട്ടുള്ളവര്‍ക്ക് അനുഭവവേദ്യമാകുമ്പോഴേ വികസനമാകൂ.”കേരള മോഡല്‍ വികസനം” കേരളത്തിലെ ആദിവാസികളെയും ദലിതരെയും തോട്ടംതോഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും പാർശ്വവൽകൃതരെയും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും പുറംന്തള്ളിയ വികസന മാതൃകയാണ്. കേരളത്തിന്റെ ‘വികസന സവിശേഷത’ ഇതില്‍ നിന്ന് തികച്ചും വിഭിന്നമായി നിലനില്‍ക്കുന്നതും.

കേരളത്തിനു ഒരു വികസന മാതൃക സൃഷ്ടിക്കണമെങ്കില്‍ കൊറോണാനന്തര കേരളത്തെ ഉത്പാദന കേന്ദ്രമാക്കിമാറ്റുകയാണ് വേണ്ടത്. നിലവില്‍ കേരളത്തിന്റെ ഏറ്റവും വലിയ വിഭവവും ഉദ്പാദനമേഖലയും ടാറ്റ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകള്‍ നിയമവിരുദ്ധമായും അനധികൃതമായും  കൈയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയാണ്‌. ഡോ രാജമാണിക്യം ഉള്‍പ്പെടെ സര്‍ക്കാര്‍ നിയോഗിച്ച ആറു കമീഷനുകള്‍ ഈ ഭൂമി ഏറ്റെടുക്കേണ്ടതാണെന്നും സമഗ്രനിയമനിര്‍മ്മാണത്തിലൂടെ ഭൂമി ഏറ്റെടുക്കാന്‍ നിയമതടസ്സമില്ലെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ചേരി – കോളനിവാസികൾക്കും കര്‍ഷകര്‍ക്കും ഈ ഭൂമിയുടെ പുനര്‍വിതരണം നടപ്പിലാക്കിക്കൊണ്ടു കാർഷികോത്പാദനവും ഭൂമിവിഭവങ്ങളുടെ പുനര്‍വിതരണത്തിലൂടെ ചെറുകിട ഉത്പാദനവും സ്വയംസംരഭക കേന്ദ്രങ്ങളുമാക്കി കേരളത്തെ മാറ്റുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. എയ്ഡഡ് മേഖല, സ്കൂൾ – കോളേജുകൾ  ഉൾപ്പെടെയുള്ള വിഭവങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടും തദ്ദേശീയജനതയ്ക്ക് വിഭവങ്ങളിൽ ഉടമസ്ഥതയും അധികാരവും ഉറപ്പാക്കികൊണ്ടും പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിരവും വികേന്ദ്രീകൃതവുമായ, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കുന്ന വികസന പദ്ധതികളാണ് ആവിഷ്ക്കപ്പെടേണ്ടത്. നവകേരള നിർമ്മിതിയിലേക്കുള്ള ചുവടുവെപ്പായിരിക്കുമത്.

~
 

References 

1 ഡോ. റ്റി. എം. തോമസ് ഐസക്ക്, കേരളം : മണ്ണും മനുഷ്യനും

2 Abhith Banerjee, Esther Duflo : Poor Economics – A Radical Rethinking about the Nature of Poverty

3 സണ്ണി എം കപിക്കാട് : ജനതയും ജനാധിപത്യവും

4 ഒ പി രവീന്ദ്രന്‍ : പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യകോളനികള്‍

5 സുദേഷ് എം രഘു : പി എസ് സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി

6 Ravi Raman, Global Capital and Peripheral Labour

7 Pro.Irudayam Rajan : Kerala Migration Survey 1998

8 Richard W Franke : Kerala:Radical Reform as Development in Indian State

9 കെ സന്തോഷ്‌ കുമാര്‍, ലൈഫ് പദ്ധതി അഥവാ ആധുനിക കോളനികള്‍

10 വില്യം ലോഗന്‍, മലബാര്‍ മാന്വല്‍

11 T K Velu Pillai, Travancore State Manual. Trivandrum, 1940 [Reprint, 1996]

12 പട്ടം ജി രാമചന്ദ്രൻ നായർ, ‘തിരുവനന്തപുരത്തിന്റെ ഇതിഹാസം’. രുവനന്തപുരം: 2003

13 മനോജ്‌ എബനേയ്സര്‍, കേരളത്തില്‍ ആധുനിക ചികിത്സ സമ്പ്രദായത്തിന്റെ ആവിഭാവം, The Neyyoor Medical Mission (1838)

14 Koji Kawashima : Missionaries, the Princely State and Medicine in Travacore, 1858 – 1949

15 I H Hacker, A Hundred Years in Travancore

16 T K Velu Pillai, Travancore State Manual

17 കുന്നുകുഴി എസ് മണി, അയ്യന്‍കാളിയുടെ പ്രസംഗങ്ങള്‍

18 എം ആര്‍ രേണുകുമാര്‍, അയ്യങ്കാളിയുടെ ജീവിതവും ഇടപെടലുകളും

19 Letter, John Cox to Tridman and Freeman, 1845;

20 Dr Rexlin Jose, Sunny Raj, Educational Contributions of London missionary society in Travancore

21 Annual Reports of the Travancore District Committee in connection with the LMS, South Travancore. London Mission Press, Nagarcoil – 1883

22 Travancore Administrative Reports

23 Romila Thapar, History of Early india : From the Orgin to AD 1300

24 പി.കെ. ബാലകൃഷ്ണൻ, ശ്രീനാരായണഗുരു

25 ടി എച്ച് പി ചെന്താരിശ്ശേരി, അയ്യന്‍കാളി

26 ചെറായി രാമദാസ്, അയ്യന്‍കാളിയ്ക്ക് ആദരവോടെ

27 P Sanal Mohan, Modenity of Slavery

28 K Saradamoni, Emergence of Slave Caste ( Pulaya of Kerala )

29 പ്രൊഫ. എസ് കൊച്ചുകുഞ്ഞു, കാവാരികുളം കണ്ടന്‍ കുമാരന്‍; ഒരു ചരിത്രപഠനം

30 Henry Baker, The Hill Arrians of Travancore, and the Progress of Christianity Among Them 1862

31 Robin Jeffrey : Politics, Women And Well-Being

32 Meera Velayudhan : Caste,Class and Political Organisation Women in Travancore

33 ജെ ദേവിക : ‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ?

34 രേഖാരാജ് : ദലിത് സ്ത്രീ ഇടപെടലുകള്‍

ഡോ. അംബേദ്‌കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വിവിധ വോള്യങ്ങള്‍

Amartya Sen : Development as Freedom

Amartya Sen : Interview, AsiaHouse

S Krishna Kumar : Kerala Model of Development – Critical Analysis and Design for the Future

William C Bentall : Cancer in Travancore, South India

Samuel Mateer : The Native Life in Travancore

K N Raj : Planning From Below with Referance to District Development and State Planning

Pro.M Kunhaman : Towards Empowering the Dalits : A Futuristic Perspective

Dr V Ramankutty : Historical analysis of the Development of Health care facilities in Kerala State, India

UNDP Reports

Economic Review 2018-19

കെ കെ കൊച്ച് : ഇടതുപക്ഷം ഇല്ലാത്ത കാലം

സി അഭിമന്യൂ : അയ്യന്‍കാളി

കെ സുരേന്ദ്രന്‍ : ഗുരു

ആര്‍ സുനില്‍ ; ഹാരിസണ്‍ രേഖയില്ലാത്ത ജന്മി

ബിജു കൂനത്താന്‍, എസ് മായ : സാമൂഹികാരോഗ്യം, ചില ചിന്തകള്‍

ശാസ്ത്രഗതി മാസികയില്‍ വന്ന വിവിധ ലേഖനങ്ങള്‍

അന്തര്‍ദേശീയ ജേര്‍ണലുകളില്‍ വന്ന വിവിധ ലേഖനങ്ങള്‍

~~~

കെ സന്തോഷ്‌ കുമാർ എഴുത്തുകാരൻ, ദലിത് പ്രവർത്തകൻ

ഇ വി അനിൽ ഒരു ചിത്രകാരനാണ്