Round Table India
You Are Reading
കോവിഡ്-19 : മാധ്യമങ്ങളും സർക്കാരും അവരുടെ മുൻഗണനകളും
0
Features

കോവിഡ്-19 : മാധ്യമങ്ങളും സർക്കാരും അവരുടെ മുൻഗണനകളും

sindhu mariya

സിന്ധു മരിയ നെപ്പോളിയൻ

(SAVARI and Round Table India are doing a series to put together the Bahujan perspective on the Coronavirus pandemic)

[The conversation was recorded on April 17, 2020] 

sindhu mariyaരാകേഷ് റാം എസ്: സിന്ധു മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിട്ടുണ്ട്. കമ്മ്യൂണിക്കേഷൻസ് ആണ് പഠിച്ചത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, കോവിഡ്-19 പകർച്ചവ്യാധിയുടെ പ്രതിരോധത്തിൽ കേരളത്തിലെ മാധ്യമങ്ങളുടെ ഇടപെടലിനെ പറ്റിയാണ് ചോദ്യം. ലോക്ഡൗൺ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പുറത്തു കൊണ്ടുവരാൻ മാധ്യമങ്ങൾ ശ്രദ്ധ കാണിച്ചില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനെപ്പറ്റി സിന്ധുവിന് എന്താണ് തോന്നുന്നത്?

സിന്ധു മരിയ നെപ്പോളിയൻ: ലോക്ഡൗൺ ആയതിനു ശേഷം എല്ലാവരും വീട്ടിൽ ആണ്. സോഷ്യൽ മീഡിയയുടെ ഒപ്പം തന്നെ എല്ലാ ദിവസവും ഏതെങ്കിലും വാർത്ത കാണുന്നവരും അല്ലെങ്കിൽ പത്രം വായിക്കുന്നവരും ആയിരിക്കും മിക്കവാറും പേർ. ഈയൊരു പ്രതിസന്ധി ഘട്ടത്തെ കൈകാര്യം ചെയ്യാൻ വേണ്ട പക്വത മാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ഏറെക്കുറേ ഉണ്ടായിട്ടുള്ളതായാണ് എനിക്ക് തോന്നിയത്. ദേശീയ മാധ്യമങ്ങളും മറ്റും പലപ്പോഴും തെറ്റായ വാർത്തകൾ കൊടുത്തതൊക്കെ നമ്മൾ കണ്ടു. ഇവിടെ അത്രയും മോശപ്പെട്ട നിലവാരത്തിലേക്ക് മാധ്യമങ്ങൾ പോയില്ല. ചില വാർത്താ ചാനലുകളിൽ ഓരോ ബുള്ളറ്റിന് മുമ്പും അതിന് ശേഷവും ബ്രേക്ക് ദി ചെയിൻ കാമ്പയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന രീതി കണ്ടിരുന്നു. അത്തരത്തിലുള്ള ഒരു പങ്കാളിത്തം മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായെന്നു വേണം പറയാൻ.

പക്ഷേ ഇതിനു മറ്റൊരു വശവും കൂടി ഉണ്ട്. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള മനുഷ്യർ, അതായത് സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്നവർ മുതൽ ദിവസക്കൂലി കൊണ്ട് മാത്രം ജീവിക്കുന്നവർ ഉൾപ്പെടെ, സാമ്പത്തികമായോ സമൂഹികമായോ മാനസികമായോ ഏതെങ്കിലും തരത്തിലുള്ള ഒരു ബുദ്ധിമുട്ടിലൂടെയാണ്, കഴിഞ്ഞ കുറേ നാളുകളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പ് നാം അനുഭവിച്ച മറ്റേതൊരു ദുരന്തത്തിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ അനുഭവങ്ങൾ. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളിലും മറ്റും സാമ്പത്തികമായും സാമൂഹികമായും മുന്നോക്കം നിൽക്കുന്നവർക്ക് കാര്യങ്ങൾ കുറേ കൂടി ഭേദമായിരുന്നു. പക്ഷേ ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന കോവിഡ് സാഹചര്യത്തിൽ ഈ മുന്നോക്കക്കാർക്ക് അഥവാ വരേണ്യർക്ക് പോലും കൊറേയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

എന്നാൽ ഈ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരുടെ ദുരിതങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ പലപ്പോഴും മാധ്യമങ്ങൾ കാര്യങ്ങളെ സാമാന്യവൽക്കരിക്കുക അഥവാ നോർമലൈസ് ചെയ്യുകയാണുണ്ടായത്. പല വിഭാഗങ്ങളും അദൃശ്യവൽക്കരിക്കപ്പെടുകയും, അല്ലെങ്കിൽ അവർക്ക് അർഹതപ്പെട്ട പ്രാതിനിധ്യം കിട്ടാതിരിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഏറ്റവും നന്നായി എനിക്കു പറയാൻ പറ്റുന്ന ഉദാഹരണം ഞാൻ ഉൾപ്പെടുന്ന സമുദായത്തിന്റെ കാര്യം തന്നെയാണ്. കേരളത്തിൽ അല്ലെങ്കിൽ ദേശീയ തലത്തിലൊക്കെ മൽസ്യബന്ധനം നിർത്തണം, മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്നിങ്ങനെയുള്ള നിർദേശങ്ങൾ, ആവർത്തിച്ച് പരാമർശിച്ച് പോവുന്നത് കണ്ടു. എന്നാൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന ഏതെങ്കിലും ഒരു വിഭാഗത്തിനെയെങ്കിലും തിരഞ്ഞെടുത്ത്, അവരുടെ ഗ്രൗണ്ട് റിയാലിറ്റി കാണിക്കാൻ ഒരു മാധ്യമവും തയ്യാറായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോൾ തിരുവനന്തപുരത്തെ കാര്യം തന്നെയെടുത്താൽ, മാധ്യമങ്ങളുടെ ആദ്യത്തെ ശ്രദ്ധ പോകുന്നത് വിഴിഞ്ഞം പോലുള്ള മത്സ്യബന്ധന തുറമുഖങ്ങളിലേക്ക് മാത്രമാണ്. പക്ഷേ മത്സ്യബന്ധന തുറമുഖങ്ങളിലല്ലാതെ, സ്വന്തം തീരത്തുനിന്ന് കടലിലേക്ക് പോകുന്ന, തുറമുഖങ്ങളെ ആശ്രയിക്കാതെ മത്സ്യബന്ധനം ചെയ്യുന്ന ആയിരക്കണക്കിന് മത്സ്യതൊഴിലാളികൾ മത്സ്യബന്ധന ഗ്രാമങ്ങളിലുണ്ട്. കോവിഡിന് പിന്നാലെ മത്സ്യബന്ധന നിരോധനം വന്നതോടെ ഈ മത്സ്യത്തൊഴിലാളികൾ എങ്ങനെ ജീവിച്ചു പോവുന്നുവെന്ന് ആരും കാര്യമായി അന്വേഷിച്ചില്ല. ഓട്ടോ തൊഴിലാളികൾ, ചെറിയ നാടകട്രൂപ്പ് പോലുള്ള കലാകാരന്മാർ, സർക്കസ്സുകാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ മാധ്യമങ്ങൾ തയ്യാറായപ്പോഴും വിട്ടുപോയ ചിലരുണ്ടെന്നാണ് പറഞ്ഞു വരുന്നത്. കാർഷിക മേഖലയ്ക്ക് ഇക്കൊല്ലം ഉണ്ടായ നഷ്ടത്തെപ്പറ്റി പത്രങ്ങളിൽ പരമ്പരകൾ പോലും വന്നു. എന്നാൽ മത്സ്യവിപണന മേഖലയും മത്സ്യത്തൊഴിലാളികളും പേരിനുള്ള പരാമർശങ്ങൾക്കപ്പുറം വിസ്മരിക്കപ്പെട്ടു. ദളിതർ, ആദിവാസികൾ, തെങ്ങുകയറ്റക്കാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ദിവസക്കൂലിക്കാർ, എന്നിവരൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ അദൃശ്യരാവുന്നത് പോലെ തോന്നിയിട്ടുണ്ട്.

രാകേഷ്: മത്സ്യബന്ധന മേഖലയിൽ ഈ ലോക്ഡൗൺ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് മനസിലാക്കുന്നു. അതിനെ പറ്റി കൂടുതൽ പറയാമോ? സർക്കാർ സംവിധാനങ്ങൾ എത്രത്തോളം ഈ സമയത്തു മത്സ്യബന്ധനവുമായി ബന്ധപെട്ടു കിടക്കുന്ന സമൂഹത്തെ സംരക്ഷിക്കാൻ നടപടികൾ എടുക്കുന്നുണ്ട്? കൂടുതൽ ഇടപെടലുകൾക്കായി ഈ മേഖലയിൽ നിന്ന് ഉയർന്നു വരുന്ന ആവശ്യങ്ങൾ എന്തൊക്കെയാണ്?

സിന്ധു: ഞാൻ മനസ്സിലാക്കിയിടത്തോളം കേന്ദ്ര സർക്കാരിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ ഇന്നും മത്സ്യബന്ധനത്തിന് ആരും പോകരുത് എന്ന വ്യക്തമായ നിർദ്ദേശം വന്നിട്ടില്ല. കടലിൽ പണിക്ക് പോകുമ്പോൾ ഒരു വള്ളത്തിൽ നാലു പേരൊക്കെയേ ഉണ്ടാവുകയുള്ളൂ. തട്ടുമടി, കമ്പാവല എന്നൊക്കെ വിളിക്കുന്ന വള്ളങ്ങളിലേ കൂടുതൽ ആളുകൾ ഉണ്ടാവാറുള്ളൂ. അവർക്ക് ജോലി ചെയ്യാനാവുമോയെന്ന കാര്യത്തിൽ തുടക്കം മുതൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. അവർ ഒരു ദിവസം പോകും, പിന്നെ നിർത്തും കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും പോകും. ഒരു തരം അനിശ്ചിതാവസ്ഥ ആയിരുന്നു. പക്ഷെ ബാക്കിയുള്ള മത്സ്യബന്ധനക്കാർക്ക് മീൻ പിടിക്കാൻ പോകുന്നതിൽ പ്രശ്നം വന്നിരുന്നില്ല. പിടിച്ച മീനുമായി തിരികെ കര വരുമ്പോൾ അത് വിറ്റു കാശാക്കുന്നതിലാണ് ബുദ്ധിമുട്ട് നേരിട്ടത്. മീൻ വിപണനം ചെയ്യുന്നത് മൽസ്യത്തൊഴിലാളികൾ മാത്രം ഉൾപ്പെടുന്ന ഒരു പ്രക്രിയ അല്ല, അതിൽ മൊത്ത വ്യാപാരം നടത്തുന്നവരുണ്ട്, ഒരു ദിവസത്തേക്ക് വിൽക്കാൻ മീനെടുക്കുന്ന മൽസ്യകച്ചവടക്കാരായ സ്ത്രീകൾ ഉണ്ട്, ലേലം വിളിക്കുന്നവർ ഉണ്ട്. പിന്നെ മീൻ വാങ്ങാൻ വരുന്ന നാട്ടുകാരും അതാത് നാടിന് പുറത്തുള്ളവരും ഒക്കെയുണ്ട്.

ഒരു വള്ളം കരയിലേക്ക് വരുമ്പോൾ അത് വരെ ചിതറി നിന്നിരുന്നവർ കൂട്ടം കൂടി വള്ളങ്ങൾക്ക് അടുത്തേക്ക് പോവുന്ന രീതി കോവിഡ് കാലത്തും തുടർന്നിരുന്നു. ഇതുമൂലം കോവിഡിനെതിരായ ശാരീരിക അകലം പാലിക്കപ്പെട്ടില്ല. ഇത് ഹാർബറുകളിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല, ഇവിടെ അടുത്തുള്ള കടപ്പുറത്തും സംഭവിച്ച കാര്യമാണ്. ഈ കൂട്ടം കൂടലിനെ നിയന്ത്രിക്കാനുള്ള പോംവഴിയായിരുന്നു സർക്കാർ കണ്ടെത്തേണ്ടിയിരുന്നത്. ഓരോ ജനവിഭാഗത്തിന്റെയും വ്യത്യസ്‌തകൾ മനസ്സിലാക്കിയുള്ള നയവും സംവിധാനങ്ങളും പ്രതിവിധികളും ഉണ്ടാക്കി നടപ്പിലാക്കുമ്പോളാണല്ലോ ജനാധിപത്യം പൂർണമായ അർത്ഥത്തിൽ പ്രവർത്തികമാക്കപ്പെടുന്നത്. പക്ഷെ ഇത് വരെ അത് ചെയ്‌തിട്ടില്ല. ഇപ്പോൾ ലോക്ഡൗണിന്റെ രണ്ടാം ഘട്ടത്തിന് ശേഷം വിഴിഞ്ഞം ഹാർബർ പോലുള്ള സ്ഥലങ്ങളിൽ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ടെങ്കിലും അവർ റോഡ് കടന്ന്, കടപ്പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു. അപ്പോൾ സ്വാഭാവികമായും ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നടപടികൾ നാട്ടുകാർ സ്വയം ചെയ്യേണ്ടിവന്നു. സമുദായത്തിന്റെ തീരുമാനങ്ങൾ എടുക്കുന്നവർ എന്ന നിലയ്ക്ക് ഈ ചുമതല ഏറ്റെടുത്തത് പള്ളികളും ഇടവക കമ്മിറ്റിയുമായിരുന്നു.

ഇവിടെ അടുത്ത് പുതിയതുറ എന്ന തീരദേശ ഗ്രാമത്തിൽ പള്ളി കുറേ സന്നദ്ധ സേവകരുടെ സഹായത്തോടെ കടപ്പുറങ്ങളിൽ സാമൂഹിക അകലം പാലിച്ച് മത്സ്യബന്ധനവും വിപണനവും നടത്താനുള്ള ഏർപ്പാടുണ്ടാക്കി. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നടത്തിയ കൂട്ടായ പരിശ്രമത്തിലൂടെ അവർക്കത് വിജയകരമായി നടപ്പാക്കാനായി. മീനുമായി കരയ്ക്കെത്തുന്ന മത്സ്യത്തൊഴിലാളികളെ ഊഴം വെച്ച്, അകലം പാലിച്ച് കരയിലേക്ക് വരാനുള്ള നിയന്ത്രണങ്ങളുണ്ടാക്കി. കടപ്പുറത്തും ചന്തകളിലും മീൻ വിൽക്കുന്നവരും വാങ്ങാനെത്തുന്നവരും പ്രത്യേകം കളം വരച്ച് അടയാളപ്പെടുത്തിയ ഇടങ്ങളിൽ മാത്രം നിൽക്കാൻ നിഷ്ക്കർഷിച്ചു. മറ്റൊന്ന്, ദൂരെ നിന്ന് വണ്ടികളിൽ മീനെടുക്കാൻ വരുന്നവരോട് ലോക്ഡൌൺ കഴിയുന്നത് വരെ തുറകളിലേക്ക് എത്തരുതെന്ന് നിർദേശിച്ചു. പുറമേ നിന്ന് വരുന്നവരിലൂടെ രോഗം വരാതിരിക്കാനുള്ള മുൻകരുതലെടുത്തു. ഇത്തരത്തിൽ പ്രാദേശികമായി വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെയാണ് തീരദേശത്തുള്ളവർ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്.

സാധാരണ രീതിയിൽ നടപ്പിലാക്കാൻ വലിയ പ്രയാസമുള്ള സംവിധാനമായിരുന്നു ഇത്. സാഹചര്യം മനസ്സിലാക്കി എല്ലാവരും അവരവരുടേതായ രീതിയിൽ സഹകരിക്കുന്നുണ്ട്. ഇത് പോലുള്ള സംവിധാനം ഹർബറുകളിലും നടപ്പിലാക്കാൻ പോലീസും സംസ്ഥാന സർക്കാരും ഇടപെടേണ്ടിയിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. മാത്രമല്ല പലയിടങ്ങളിലും ഈ പ്രശ്നത്തിന്റെ പേരിൽ, ലോക്ഡൗൺ തുടങ്ങിയതു മുതൽ മത്സ്യബന്ധനം നിർത്തി വയ്ക്കുകയാണുണ്ടായത്. ആരും കടലിൽ പണിക്ക് പോവരുതെന്ന് നിർബന്ധമായി പറഞ്ഞു. നിയമ സംവിധാനങ്ങളിലൂടെ കൃത്യമായി നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് മത്സ്യബന്ധനം ഉറപ്പാക്കേണ്ടതിന് പകരം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ് സർക്കാർ ചെയ്തത്.

കൂടാതെ ലോക്ഡൗൺ അഥവാ പുറത്തിറങ്ങാതെ വീട്ടിലിരിക്കൽ തീരദേശത്ത് പ്രാവർത്തികമാക്കാൻ പ്രയാസമായിരുന്നു. വീടിനകത്തിരിക്കുക എന്ന് പറയുന്നത് മറ്റു പലരുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ അത്ര എളുപ്പമല്ല. കടപ്പുറത്തൊക്കെ ഒരു വീട്ടിൽ തന്നെ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. രണ്ടു മുറിയുള്ള വീട്ടിൽ അച്ഛൻ, അമ്മ, അവരുടെ രണ്ടു മക്കൾ, മക്കളുടെ പങ്കാളികളും അവരുടെ മക്കളും എന്നിങ്ങനെ എട്ടും പത്തും പേർ താമസിക്കുന്ന നിരവധി വീടുകളുണ്ട്. ഇവർക്ക് എത്ര നേരമാണ് ഈ ചെറിയ മുറികൾക്കുള്ളിൽ അടച്ചിട്ടിരിക്കാനാവുക? കർശനമായ ലോക്ഡൗൺ സമയത്ത് പോലും വൈകീട്ട് കടപ്പുറത്തേക്ക് ഇറങ്ങിയാൽ ആളുകൾ കൂട്ടമായി കടപ്പുറത്തിരിക്കുന്ന കാഴ്ച്ച കാണാനാവുമായിരുന്നു. ഇതിനെതിരെ പൊലീസിന് പോലും കാര്യമായി ഒന്നും ചെയ്യാനായില്ലെന്നതാണ് സത്യം.

ലോക്ഡൗൺ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമ നിധിയിൽ പേരുള്ള ഓരോ കുടുംബങ്ങൾക്കും രണ്ടായിരം രൂപ വീതം നൽകിയിരുന്നു. ഒരു കുടുംബം എന്നാൽ ഒരു വീടിനാണ്, ആ വീടിനകത്ത് എത്ര കുടുംബങ്ങൾ ഉണ്ട് എന്നത് അവരെ ബാധിക്കുന്ന വിഷയമല്ല. പിന്നെ മത്സ്യത്തൊഴിലാളി കോപ്പറേറ്റീവ് സൊസൈറ്റികൾ വഴി മൂന്നു മാസത്തെ സാവകാശത്തിൽ അയ്യായിരം രൂപ പലിശരഹിത വായ്പയായും നൽകിയിരുന്നു. ഇതൊക്കെ ജനങ്ങൾക്ക് എത്രമാത്രം സഹായകരമായി എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

രാകേഷ്: വിസിബിലിറ്റി ഉള്ള സ്ഥലങ്ങളിലാണ് സർക്കാർ സംവിധാനങ്ങൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മനസിലാക്കുന്നു. മറ്റു സ്ഥലങ്ങളിൽ കാര്യക്ഷമമായി ഒരു പ്രവർത്തനവും ചെയ്യുന്നില്ലെന്നാണോ?

സിന്ധു: അതെ. സർക്കാരിന്റെ പെട്ടെന്നുള്ള ഇടപെടൽ ഇല്ലാത്ത സാഹചര്യത്തിൽ പള്ളി ഇടപെടുന്നതാണ് ഇവിടുങ്ങളിലെ പൊതുവായ രീതി പലപ്പോഴും പള്ളി ഇടപെടുന്നതു കൊണ്ടാണ് പല പ്രശ്നങ്ങളും ഒരു പരിധിക്കപ്പുറം ചർച്ചയാവാത്തത്. പിന്നെ പള്ളി പൂർണ്ണമായും സുതാര്യതയുള്ള ഒരു സ്ഥാപനമാണെന്ന വിശ്വാസം എനിക്കില്ല. പക്ഷേ പരാതികൾക്കിടയിലും അവർക്ക് പലതും സർക്കാരിനെക്കാൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനാവുന്നുണ്ട് എന്നു മാത്രം.

രാകേഷ്: മൽസ്യബന്ധന മേഖല വർഷങ്ങളായി പല പ്രതിസന്ധികളും നേരിടുന്നു. ഓഖി ചുഴലിക്കാറ്റ് (2017) കടുത്ത നഷ്ടങ്ങൾ ഉണ്ടാക്കുകയും ആ സമയത്തു സർക്കാർ സംവിധാനങ്ങളും പൊതു സമൂഹവും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയില്ല എന്ന പരാതി ഉയരുകയും ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കടലോര ഖനനവുമായി ബന്ധപ്പെട്ടിട്ടുള്ള ആലപ്പാട് സമരവും ചർച്ചയായി. അത് കഴിഞ്ഞു വന്ന പ്രളയത്തിന്റെ സമയത്തു മൽസ്യ തൊഴിലാളികൾ രക്ഷാപ്രവർത്തനങ്ങളിൽ വലിയ പങ്കു വഹിച്ചു. കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കടലോര മേഖലയിൽ നിന്ന് യുവ നേതൃത്വത്തിന്റെ ഇടപെടലുകൾ കൂടുതൽ ശ്രദ്ധ ആർജിക്കുന്ന ഒരു സമയമാണിത്. ഇതിനെയൊക്കെ പറ്റി കുറച്ചു സംസാരിക്കാമോ?

സിന്ധു: യുവാക്കളുടെ കാര്യം പറയുകയാണെങ്കിൽ, തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരം ഭാഗത്തൊക്കെ യുവാക്കൾ എന്ന കൂട്ടത്തിന്റെ ഊർജ്ജം പള്ളിയുമായി ബന്ധപ്പെട്ടിട്ടുള്ള സംഘടനകളിലാണ് ഇതിന് മുൻപ് കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടായി. ഒരു കാലത്ത് തീരദേശവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നത് പി സി ഓ (PCO) പോലുള്ള സംഘടനകളായിരുന്നു. മത്സ്യ വിപണനത്തിൽ ഇടനിലക്കാരുടെ ചൂഷണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമനിർമ്മാണം ഒക്കെ നടന്നത് അവരുടെ ഇടപെടലിലൂടെയാണ്. അതിനു ശേഷം ഏറെ കുറെ ഒരു ശൂന്യതയായിരുന്നു. പി സി ഓ ഏറെക്കുറെ നിർജ്ജീവമാകുകയും ചെയ്തു. പിന്നെ യുവാക്കൾ സജീവമായിരുന്നു പള്ളിയുമായി ബന്ധപ്പെട്ടുള്ള കേരള കത്തോലിക്ക് യൂത്ത് മൂവ്മെന്റ് (KCYM), ജീസസ് യൂത്ത് തുടങ്ങിയ സംഘടനകളിൽ മാത്രമായിരുന്നു.

പിന്നീടാണ് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (FML), കേരള മത്സ്യ മേഖല വിദ്യാർത്ഥി സമിതി (KMVS) എന്നിവ പോലുള്ള സംഘടനകൾ വിവിധ ഉദ്ധേശ്യലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ലയുടെ മാത്രം കാര്യമാണ് പറയുന്നത്. വടക്കൻ കേരളത്തിലെ മൽസ്യബന്ധന മേഖലയിലെ പറ്റി എനിക്ക് വലിയ ധാരണയില്ല. കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം (CSCF) കഷ്ടിച്ച് അഞ്ചോ ആറോ വർഷം മാത്രം പ്രായമുള്ള ഒരു സംഘടനയാണ്. അവർ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്താണ്. അക്കാദമിക് തലത്തിൽ ഗവേഷകരെ സൃഷ്ടിക്കുക, അവരിലൂടെ കടലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പോത്സാഹിപ്പിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവുകൾ സംരക്ഷിക്കുക എന്നിവയിലാണ്. ഇതിന് വേണ്ടി യുനെസ്കോ (UNESCO) പോലുള്ള അന്തർദേശീയ സംഘടനകൾ നൽകുന്ന അവസരങ്ങളും സി എസ് സി എഫ് ഉപയോഗിക്കുന്നുണ്ട്.

രാകേഷ് പറഞ്ഞ പോലെ ഓഖി പോലൊരു സംഭവം ഉണ്ടായപ്പോഴാണ് CSCF ൻറെ പ്രവർത്തനങ്ങൾ പൊതുജന മധ്യത്തിലേക്കെത്തിയത്. തീരദേശത്തുള്ളവർക്ക്, പ്രത്യേകിച്ച് യുവാക്കൾക്കൊക്കെ ഓഖി ഉണ്ടാക്കിയ മാനസികമായ ആഘാതം വളരെ വലുതായിരുന്നു. ഞങ്ങളിൽ പലർക്കും ആ ദുരന്തത്തിൽ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടു. ഞങ്ങളിൽ പലരും ഒരു പ്രകൃതി ദുരന്തം മനുഷ്യനിലുണ്ടാക്കുന്ന നിസ്സഹായാവസ്ഥ അടുത്ത് നിന്ന് കണ്ടു. മത്സ്യത്തൊളിലാളികൾ അവഗണിക്കപ്പെട്ടവരാണ്, പാർശ്വവത്കരിക്കപെട്ടവരാണ് എന്നൊക്കെ അതിന് മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അരികുവൽക്കരണം എന്ന യാഥാർത്ഥ്യം ഓഖിയുടെ സമയത്താണ് എല്ലാ അർത്ഥത്തിലും മനസിലാക്കിയത്. ഞങ്ങളൊക്കെ എന്തു ചെയ്യണമെന്ന് അറിയാതെ സഹായത്തിനായി ശ്രമിക്കുമ്പോഴും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ഓഖി ഒരു വാർത്തയോ ചർച്ചയോ ആകുന്നില്ലെന്നത് ഞങ്ങളെ ഞെട്ടിച്ചിരുന്നു. ചിലപ്പോൾ ചെറിയ ഒരു വിഭാഗത്തെ മാത്രം ബാധിച്ച ദുരന്തമായതു കൊണ്ടാവാം അത്തരത്തിലൊരു അവഗണന നേരിടേണ്ടി വന്നത്. ദുരന്തത്തിൽ എത്ര പേർ മരിച്ചെന്ന് പോലും തുടക്കത്തിൽ ആർക്കുമറിയില്ലായിരുന്നു. ഇപ്പോഴും ഓഖിയിൽ നൂറ്റി എഴുപത്തിമൂന്നു പേർ മരിച്ചു എന്ന് കേൾക്കുമ്പോൾ പലരും ഞെട്ടാറുണ്ട്.

അതിനു ശേഷമാണു നമ്മൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നാലേ പൊതു സമൂഹത്തിൽ എന്തെങ്കിലും കാര്യമുള്ളൂ എന്ന് നമ്മൾക്ക് മനസ്സിലായി. അങ്ങനെ ആണ് CSCF പോലുള്ള സംഘടനകൾ ഒക്കെ കൂടുതൽ മുമ്പോട്ടു വരാനും ഇപ്പോൾ ചെയ്യുന്നത് പോലുള്ള കാര്യങ്ങളിൽ കൂടുതൽ ഇടപെടാനും തുടങ്ങിയത്. ഫേസ്ബുക്ക് പോലുള്ള സ്പേസുകൾ ഉപയോഗിച്ചു തുടങ്ങിയത് അങ്ങനെയാണ്. അഞ്ചു കൊല്ലം മുമ്പ് വരെ മുക്കുവരെപ്പറ്റി മറ്റുള്ളവർക്ക് അറിയാമായിരുന്നതിലേറെ കാര്യങ്ങൾ ഇന്ന് പലർക്കുമറിയാം. ഈ കോവിഡിന്റെ സമയത്തു പോലും ബ്ലൂ വോളന്റിയേഴ്‌സ് എന്ന പേരിൽ ഒരു ടീമിനെയുണ്ടാക്കി ഫോൺ വഴി വീട്ടിൽ ഇരുന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് സി എസ് സി എഫ് അംഗങ്ങൾ. പ്രളയം ഉണ്ടായപ്പോഴും ഈ യുവാക്കൾ ദുരന്ത സ്ഥലങ്ങളിൽ വള്ളങ്ങളുമായെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പ്ലസ്സ്ടുവിന് പഠിക്കുന്ന പിള്ളേര് മുതൽ പ്രായമുള്ള മത്സ്യത്തൊഴിലാളികൾ വരെ ആ പ്രവർത്തനങ്ങളിൽ കാര്യമായി പങ്കെടുത്തു എന്നുള്ളതാണ്.

അടുത്തിടെ ഒരു വാർത്തയുടെ റിപ്പോർട്ടിങ്ങിനായി പൂന്തുറ പോയപ്പോൾ ഒരു യുവാവിനെ കണ്ടിരുന്നു. അദ്ദേഹം പ്രളയരക്ഷാപ്രവർത്തനത്തിന് പോയി അവിടെ വച്ച് ഗുരുതരമായി കാലിനു പരിക്ക് പറ്റിയ വ്യക്തിയാണ്. അതിൽ പിന്നെ മത്സ്യബന്ധനത്തിനു പോകാൻ പറ്റിയിട്ടില്ല. ഇത് പോലെ ഒരു പാട് പേരുണ്ട് എന്നും മനസിലാക്കി. ഒരു ഘട്ടം കഴിയുമ്പോൾ എത്ര പെട്ടെന്നാണ് ചിലർ അദൃശ്യരായി പോകുന്നത് എന്ന് അന്നെനിക്ക് തോന്നി. ഇത്തരത്തിൽ പറയാനാണെങ്കിൽ ഒരുപാട് അനുഭവങ്ങളുണ്ട്. ഇവിടുത്തെ മനുഷ്യരുടെ ചെറുത്തുനിൽപ്പിൻറെ അനുഭവങ്ങളാണ് അവയിലേറെയും.

~~~

തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ സിന്ധു മരിയ നെപ്പോളിയൻ സ്വതന്ത്ര മാധ്യമപ്രവർത്തകയും ഗവേഷകയുമാണ്. ഏഷ്യാനെറ്റ് ന്യൂസിൽ റിപ്പോർട്ടറായിരുന്ന സിന്ധു ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കരുംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റേഡിയോ മൺസൂൺ എന്ന കമ്മ്യൂണിറ്റി റേഡിയോയുടെ സ്റ്റേഷൻ മാനേജറായി ജോലി ചെയ്യുന്നു.

രാകേഷ് റാം എസ് സോഫ്റ്റ്‌വെയർ എൻജിനീയറും റൌണ്ട് ടേബിൾ ഇന്ത്യയുടെ ഒരു എഡിറ്ററുമാണ്.